ബാര്‍ കോഴ: കെഎം മാണിക്ക് പണംനല്‍കിയതിന് തെളിവില്ലെന്ന് എസ് പി സുകേശന്‍

Posted on: January 16, 2016 11:51 am | Last updated: January 17, 2016 at 11:37 am
SHARE

km-maniതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു. കെഎം മാണിക്ക് ബാറുടമകള്‍ മൂന്ന് തവണയായി പണം കൊടുത്തു എന്നു പറയുന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് എസ് പി എസ് സുകേശന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മദ്യനയം സംസ്ഥാനത്ത് നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടമാണ് ബിജു രമേശിന്റെ ആരോപണത്തിന് പിന്നില്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനായിരുന്നു ബിജു രമേശ് പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.

ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. മാണിക്ക് കോഴ നല്‍കിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ ബാറുടമകളുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടില്‍ കോഴയാരോപണം ദുര്‍ബ്ബലമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ബാര്‍കോഴക്കേസില്‍ റിപ്പോര്‍ട്ട് സുകേശന്റെതല്ലെന്ന് ബിജുരമേശ് പറഞ്ഞു. സുകേശനറിയാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.റിപ്പോര്‍ട്ട് ചോദ്യംചെയ്ത് കോടതിയെ സമീപിക്കുമെന്നും ബിജുരമേശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here