Connect with us

Kozhikode

കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കാന്‍ മറക്കല്ലേ

Published

|

Last Updated

കോഴി്‌ക്കോട്: ഈ വര്‍ഷത്തെ പള്‍സ് പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഒന്നാം ഘട്ടം നാളെ നടക്കും. ജില്ലാതല ഉദ്ഘാടനം നാദാപുരത്ത് നടക്കും. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ എല്‍ സരിത വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. തലേ ദിവസം പോളിയോ വാക്‌സിന്‍ നല്‍കിയ കുട്ടികള്‍ക്കും നിര്‍ബന്ധമായും പള്‍സ് പോളിയോ ദിനത്തില്‍ വാക്‌സിന്‍ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പരിപാടിക്കായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സൂപ്പര്‍ വൈസര്‍മാര്‍ക്കും വളന്റിയര്‍മാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാക്കിയാക്കിയിട്ടുണ്ട്. ജില്ലയില്‍ 2,43,814 കുട്ടികള്‍ക്കായുള്ള പള്‍സ് പോളിയോ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി 2303 ബൂത്തുകള്‍ സജ്ജീകരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അങ്കണ്‍വാടികള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, മദ്‌റസകള്‍, വായനശാലകള്‍ എന്നിവ ബൂത്തുകളായിട്ടുണ്ടാവും. കൂടാതെ റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി 77 ട്രാന്‍സിറ്റ് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
ആദ്യ ദിവസം ബൂത്തുകളില്‍ തുള്ളിമരുന്ന് നല്‍കുകയും തുടര്‍ ദിവസങ്ങളില്‍ ഗൃഹ സന്ദര്‍ശനം നടത്തി കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് കിട്ടിയെന്ന് ഉറപ്പ് വരുത്തുകയുമാണ് പദ്ധതി പ്രവര്‍ത്തനം. ഇതിനായി അങ്കണ്‍വാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് ഇ കെ വിജയന്‍ എം എല്‍ എ നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സരള ആര്‍ നായര്‍, സി എം സുജ എന്നിവരും പങ്കെടുത്തു.

Latest