വെങ്ങളം ബൈപാസ് ഗതാഗത സജ്ജം

Posted on: January 16, 2016 11:30 am | Last updated: January 16, 2016 at 11:30 am
SHARE

കോഴിക്കോട്: കാലിക്കറ്റ് ബൈപാസ് പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് പൂര്‍ണ ഗതാഗത സജ്ജമായി. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങള്‍ കാറില്‍ സഞ്ചരിക്കുന്നതിന് നേരത്തെ ഒരു മണിക്കൂറിലധികം വേണ്ടിയിരുന്നത് ഇനി മുതല്‍ 30 മിനുട്ടിനകം എത്തിച്ചേരാന്‍ കഴിയും. മൊത്തം 28.12 കിലോമീറ്റര്‍ നീളം വരുന്ന വെങ്ങളം – രാമനാട്ടുകര ബൈപ്പാസിന്റെ അഞ്ച് കിലോമീറ്റര്‍ വരുന്ന രണ്ടാം ഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഈ മാസം 22ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും.
സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ അനിശ്ചിതമായി നീളുന്ന പരമ്പരാഗത ശൈലികള്‍ക്ക് വിരാമമിട്ട് നിര്‍ദിഷ്ട സമയത്തിനും മുമ്പെയാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പണി പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 മാസംകൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ഊരാളുങ്കലിന് നിര്‍ദേശം നല്‍കിയിരുന്നത്. പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് 18 മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ 15 മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഊരാളുങ്കലിന് കഴിഞ്ഞു.
ദേശീയ പാതയുടെ ഉയര്‍ന്ന നിലവാരത്തിനൊത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവൃത്തി പൂര്‍ത്തിയായിരിക്കുന്നത്. 144.6 കോടി രൂപയാണ് ചെലവ്. രണ്ട് വരി പാതയുടെ ഇരുവശത്തും ഒന്നര മീറ്ററില്‍ കൈവരികളും ഇരുവശത്തും സര്‍വീസ് റോഡുകളും സ്ഥാപിച്ചിട്ടുണ്ട്. 36.10 മീറ്ററിന്റെ പത്ത് തൂണുകളിലായി 486 മീറ്റര്‍ നീളത്തില്‍ കോരപ്പുഴ പാലവും 37.15 മീറ്ററിന്റെ അഞ്ച് തൂണുകളിലായി 188.5 മീറ്റര്‍ നീളത്തില്‍ പുറക്കാട്ടേരി പാലവും നിര്‍മിച്ചു. ഇരു പാലങ്ങള്‍ക്കും വശങ്ങളിലായി ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് നിര്‍മിച്ചിട്ടുണ്ട്. 16 കള്‍വേട്ടുകളും റോഡ് മുറിച്ച് കടക്കുന്നത് ഒഴിവാക്കാന്‍ നാല് അടിപ്പാതകളും നിര്‍മിച്ചിട്ടുണ്ട്.
ഈ ഭാഗം ഗതാഗതത്തിന് തുറന്ന്‌കൊടുക്കുന്നതോടെ നഗരം വഴി മുപ്പത്തിരണ്ടര കിലോമീറ്ററിന് പകരം 28 കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും. മാത്രമല്ല കോരപ്പുഴ പാലത്തിലും മറ്റുമുള്ള ഗാതഗതക്കുരുക്ക് പൂര്‍ണമായി ഒഴിവാക്കാനും കഴിയും. വെങ്ങളം, പാലോറമല, പൂളാടിക്കുന്ന് എന്നീ മൂന്ന് ജംഗ്ഷനുകളിലും സുരക്ഷക്ക് ആവശ്യമായ ലൈറ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കോരപ്പുഴ പാലത്തില്‍ സോളാര്‍ വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രാദേശിക ഗതാഗതത്തിനായി രണ്ട് ഭാഗത്തും സര്‍വീസ് റോഡും ക്രാഷ് ബാറിയറുകളും നിര്‍മിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ചെലവിലാണ് ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബൈപ്പാസ് റോഡ് വീതികൂട്ടുന്നതിനായി കുന്നുകള്‍ ഇടിച്ച് നിരത്തിയപ്പോള്‍ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട പക്ഷികള്‍ക്കും മറ്റും തമ്പടിക്കുന്നതിനായി ഒരു പ്രത്യേക കൂട് വെങ്ങളം ജംഗ്ഷനില്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചതായും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹൈദ്രു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുനില്‍കുമാര്‍, എന്‍ജിനീയര്‍ കെ പി ചന്ദ്രന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ പ്രസിഡന്റ് രമേശന്‍ പാലേരി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here