Connect with us

Kerala

സ്വകാര്യ സ്‌കാനിംഗ് സെന്ററുകളിലെ അമിതനിരക്ക് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌കാനിംഗ് നിരക്കുകളുടെ പത്തിരട്ടി തുക സ്വകാര്യ സ്‌കാനിംഗ് സെന്ററുകള്‍ ഈടാക്കുന്നതിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അനേ്വഷണം നടത്താന്‍ ഐ ജി എസ് ശ്രീജിത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി നിര്‍ദേശം നല്‍കി.
അടുത്തമാസം 23 നകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് മാര്‍ച്ച് നാലിന് തിരുവനന്തപുരത്ത് പരിഗണിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്‌കാനിംഗിനും മറ്റും അമിത ചാര്‍ജ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത് പൊതു ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
സ്വകാര്യ ലാബുകള്‍ ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിനാല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്‌കാനിംഗ് എടുക്കാന്‍ എഴുതി കൊടുക്കുന്നതായി പരാതിയുണ്ടെന്നും ജസ്റ്റിസ് ജെ ബി കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. വിവിധ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നടപടിക്രമത്തില്‍ പറയുന്നു.
ഐ ജി ക്ക് പുറമേ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് വിശദീകരണം നല്‍കണം.
തലക്ക് ക്ഷതമേറ്റ് മെഡിക്കല്‍ കോളജിലെത്തുന്ന രോഗിക്ക് സ്‌കാനിംഗിനായി മെഡിക്കല്‍ കോളജ് 2000 രൂപ ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ വാങ്ങുന്നത് 12,000 രൂപയാണ്.
സാധാരണ സി ടി സ്‌കാനിന് മെഡിക്കല്‍ കോളജ് 800 രൂപ വാങ്ങുമ്പോള്‍ പുറത്ത് 3500 രൂപ ഈടാക്കും.
സ്വകാര്യ ലാബുകള്‍ തങ്ങളുടെ സ്ഥാപനത്തിന് പുറത്ത് സ്‌കാനിംഗ് നിരക്കുകള്‍ പരസ്യമായി എഴുതി പ്രദര്‍ശിപ്പിക്കണമെന്നും പൊതുപ്രവര്‍ത്തകനായ പി കെ രാജു കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

Latest