മാധ്യമ വ്യവസായം ഇരുതല മൂര്‍ച്ചയുള്ള കത്തി: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

Posted on: January 16, 2016 5:17 am | Last updated: January 16, 2016 at 12:19 am
SHARE

Ramachandranകൊച്ചി: ഉത്തരവാദിത്വമില്ലാത്ത സ്വാതന്ത്ര്യമാണ് ഇന്നത്തെ മാധ്യമങ്ങള്‍ക്കുള്ളതെന്നും ഇരുതല മൂര്‍ച്ചയുള്ള കത്തിയായി മാധ്യമ വ്യവസായം മാറിയെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ ജനങ്ങളെ വിചാരണ ചെയ്യുന്ന രീതി നന്നല്ലെന്നും ചര്‍ച്ച ശൈലിയാണ് അഭികാമ്യമെന്നും അദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2014 – 15 ബാച്ചിന്റെ സനദ് ദാനവും സ്‌കോളര്‍ ഇന്‍ കാമ്പസ് പ്രഭാഷണവും നിര്‍വഹിക്കുകയായിരുന്നു അദേഹം.
മാധ്യമ ചര്‍ച്ചകള്‍ സമൂഹനന്മ ലക്ഷ്യമാക്കിയുള്ളതാകണം. ചാനല്‍ ചര്‍ച്ചകള്‍ ജനങ്ങളെ ടി വിക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ വേണ്ടിയാകരുത്. വിവാദങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുമ്പോള്‍ സത്യം ബലി കഴിക്കപ്പെടുകയാണ്. മാധ്യമ വിചാരണയുടെ ഇരകള്‍ ഏറെയുണ്ട്. തരം താഴ്ന്ന പരാമര്‍ശങ്ങളില്‍, വേട്ടയാടലുകളില്‍ ബലിയാടുകളായവര്‍ നിരവധിയാണ്. വിവാദങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഇരകളാകുന്നവര്‍ക്ക് നിയമ പരിരക്ഷയില്ല. മാധ്യമ ചര്‍ച്ചകള്‍ ജുഡീഷ്യറിയെയും ജനങ്ങളെയും വഴിതെറ്റിക്കുന്നതാകരുത്. പല മാധ്യമങ്ങള്‍ക്കും വിവാദങ്ങള്‍ മാത്രമാണ് വേണ്ടത്. പല കേസുകളിലും കോടതിയില്‍ വിചാരണ നടക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ വിധി പറയുന്ന അവസ്ഥയാണെന്നും അദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. എം ലീലാവതി, അക്കാദമി സെക്രട്ടറി എ എ ഹക്കിം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം രാമചന്ദ്രന്‍, അസി. സെക്രട്ടറി കെ ആര്‍ പ്രമോദ്കുമാര്‍, അധ്യാപകരായ കെ ഹേമലത, കെ അജിത്, എം ജി ബിജു, എ കനകലക്ഷ്മി സംസാരിച്ചു.
ഒന്നാം റാങ്കുകാരായ രതീഷ് വി ടി, നിമിഷ എം എന്‍, മിഥുന്‍ എസ് എന്നിവര്‍ കേരള മീഡിയ അക്കാദമി ക്യാഷ് അവാര്‍ഡിനും രണ്ടാം റാങ്കുകാരായ കാര്‍ത്തിക ബി പി, അവനീത് വിഷ്ണു എസ്, കാര്‍ത്തിക് ടി എം. എന്നിവര്‍ എം എന്‍ ശിവരാമന്‍ നായര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡിനും അര്‍ഹരായി. പി എസ് ജോണ്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് മൂന്നാം റാങ്കുകാരായ അമല്‍ കെ ആര്‍, അഖില്‍ എം കെ, അഖിലശ്രീ ജെ എന്നിവര്‍ക്ക് സമ്മാനിച്ചു. രതീഷ് വി ടി, മിഥുന്‍ ജോസ് എന്നിവര്‍ക്ക് ഡോ. സി പി മേനോന്‍ സ്മാരക ക്യാഷ് അവാര്‍ഡും കാര്‍ത്തിക ബി പി ക്ക് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് സ്മാരക ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള ടി കെ ജി നായര്‍ സ്മാരക ക്യാഷ് അവാര്‍ഡിന് നൊമിനിറ്റ ജോസ്, ശ്രീഷ്മ വി എം, നിഥിന്‍ദാസ് ടി വി എന്നിവര്‍ അര്‍ഹരായി.

LEAVE A REPLY

Please enter your comment!
Please enter your name here