ആള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോട്ടേഴ്‌സ് ഫോറം സില്‍വര്‍ ജൂബിലി സമ്മേളനം ഗോവയില്‍

Posted on: January 16, 2016 5:14 am | Last updated: January 16, 2016 at 12:14 am
SHARE

കൊച്ചി: രാജ്യത്തെ 80 ശതമാനം സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരും അംഗമായ ആള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോട്ടേഴ്‌സ് ഫോറം (എ ഐ എസ് ഇ എഫ്) 25-ാം വാര്‍ഷിക സമ്മേളനം 21 മുതല്‍ 24 വരെ ഗോവയില്‍ നടക്കുമെന്ന് എ ഐ എസ് ഇ എഫ് ചെയര്‍മാന്‍ ഗുല്‍ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് പ്രഥമ രാജ്യാന്തര സ്‌പൈസ് കോണ്‍ഫറന്‍സ് നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സുഗന്ധ വ്യഞ്ജനങ്ങളുടെയും സുഗന്ധവ്യഞ്ജന-അനുബന്ധ ഉത്പന്നങ്ങളുടെയും സംസ്‌കരണ ഹബ്ബാക്കി ഇന്ത്യയെ മാറ്റുക എന്നാണ് സുഗന്ധവ്യഞ്ജന വ്യവസായ മേഖലയുടെ ലക്ഷ്യം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വ്യവസായം 2 ബില്യന്‍ ഡോളറില്‍ നിന്ന് 5 ബില്യന്‍ ഡോളറാക്കി ഉയര്‍ത്താനും എ ഐ എസ് ഇ എഫ് ലക്ഷ്യമിടുന്നുണ്ട്. ഇതിനകം തന്നെ ഫ്‌ലേവര്‍ ആന്‍ഡ് ഫ്രാഗ്രന്‍സ് മേഖലയിലെ ആഗോള കമ്പനികള്‍ പലതും ഇന്ത്യന്‍ കമ്പനികലുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യയെ ആഗോള വിപണിയായി കണ്ട് നിരവധി കമ്പനികള്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. 21ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ യൂറോപ്യന്‍ സ്‌പൈസ് അസോ. പ്രസി. നില്‍സ് മെയെര്‍ പ്രിസ് മുഖ്യാതിഥിയാകും. പെപ്‌സികോ ഇന്ത്യ സി ഇ ഒയും ചെയര്‍മാനുമായ ഡി ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എ ഐ എസ് ഇ എഫ് ചെയര്‍മാന്‍ ഗുല്‍ഷന്‍ ജോണ്‍, വൈ. ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 6 സെഷനുകളിലായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഭക്ഷ്യ- സുഗന്ധവ്യഞ്ജന മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സുഗന്ധ വ്യഞ്ജനങ്ങളുടെ പുതിയ വിപണികളായി കരുതപ്പെടുന്ന ഇറാന്‍, ആഫ്രിക്ക, ഈജിപ്ത്, ലിബിയ, സൗത്ത് അമേരിക്ക, കിഴക്കന്‍ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുമായി സര്‍ക്കാര്‍ സഹായ- സഹകരണത്തോടെ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനും കോണ്‍ഫറന്‍സ് സഹായകരമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എ ഐ എസ് ഇ എഫ് വൈ. ചെയര്‍മാന്‍ പ്രകാശ്, ഡബ്ല്യു എസ് ഒ ചെയര്‍മാനും സസ്‌റ്റെയ്‌നബില്‍ സ്‌പൈസ് ഇനിഷ്യേറ്റീവ് ഇന്ത്യ പ്രൊജക്റ്റംഗവുമായ ഫിലിപ്പ് കുരുവിള, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസി. സി എസ് കര്‍ത്ത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here