Connect with us

Articles

ഞാന്‍ വെല്ലുവിളിക്കുന്നു

Published

|

Last Updated

കംപ്യൂട്ടര്‍ അടിച്ചുപൊട്ടിച്ച് സംസ്ഥാനത്തിന്റെ ഐ ടി കുതിപ്പിനെ കുട്ടിച്ചോറാക്കിയവര്‍ പറയുന്നു, ഐ ടി രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പോരെന്ന്. ഹര്‍ത്താലും ബന്ദും നടത്തി അസംഖ്യം നിക്ഷേപകരെ ആട്ടിയോടിച്ച ശേഷം ഇപ്പോള്‍ പറയുന്നു, 30 ദിവസത്തിനകം സംരംഭകര്‍ക്ക് ഏകജാലക ക്ലിയറന്‍സ് നല്‍കുമെന്ന്. ട്രാക്ടര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ പറയുന്നു, കാര്‍ഷിക രംഗത്ത് യന്ത്രവത്കരണം അനിവാര്യമാണെന്ന്. സിപി എം നടത്തിയ നാലാം കേരള പഠന കോണ്‍ഗ്രസ് അടിമുടി വൈരുധ്യാത്മികം തന്നെ.
പഠന കോണ്‍ഗ്രസിന്റെ ചരിത്രവും അവരുടെ ചെയ്തികളും തമ്മില്‍ യോജിച്ചുപോകുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പഠന കോണ്‍ഗ്രസ് എന്നത് യാദൃച്ഛികമാകാം. 2006ലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പഠന കോണ്‍ഗ്രസിലും ഇത്തരം ഒരുപാട് പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. അത് അധികാരത്തിലേറ്റാന്‍ സഹായിച്ചെന്നും പാര്‍ട്ടി അംഗീകരിക്കുന്നു. പക്ഷേ, അധികാരത്തിലിരുന്നപ്പോള്‍, പഠന കോണ്‍ഗ്രസിന്റെ പ്രബന്ധങ്ങളെല്ലാം മടക്കി ഒരു മൂലയില്‍ വച്ചു. രൂക്ഷമായ അധികാരവടംവലിയില്‍ കേരളത്തിന്റെ വികസനം സ്തംഭിച്ചുനിന്നു. ഒരൊറ്റ പദ്ധതി നടപ്പാക്കാനോ മുന്നോട്ടുകൊണ്ടുപോകാനോ സാധിച്ചില്ല. പാര്‍ട്ടിയിലെ തര്‍ക്കം മൂലം സെസ് പദവിയുള്ള 18 വ്യവസായ പാര്‍ക്കുകളുടെ അപേക്ഷകള്‍ രണ്ട് വര്‍ഷത്തോളം മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞുവച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി സെസ് വിവാദത്തില്‍ കുടുങ്ങി ഒരിഞ്ചു പോലും മുന്നോട്ടുപോയില്ല. വിഴിഞ്ഞം പദ്ധതിക്കു വേണ്ടി 447 കോടി രൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115 കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാന്‍ഡ്‌കോ കൊണ്ടപ്പള്ളിക്കു കരാര്‍ നല്‍കുകയും അത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കൊച്ചി മെട്രോ നഷ്ടമായിരിക്കുമെന്നു പറഞ്ഞ് മൂന്നു വര്‍ഷം വൈകിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി സ്ഥലമെടുപ്പ് നടത്തിയതിന് അപ്പുറത്തേക്കു പോയില്ല. എന്നിട്ടാണ് ഞങ്ങളായിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ ഇവിടെ നടപ്പായേനെയെന്ന് വീരവാദം മുഴക്കുന്നത്.
ഇടുക്കി അണക്കെട്ടും (1973), നെടുമ്പാശേരി വിമാനത്താവളവും (1993) ആണ് കേരളം വിജയകരമായി നടപ്പാക്കിയ രണ്ട് വന്‍പദ്ധതികള്‍. ഇവ രണ്ടിലും ഇടതു സര്‍ക്കാരിനു യാതൊരു പങ്കുമില്ല. മാത്രമല്ല, നെടുമ്പാശേരി വിമാനത്താവളത്തെ കണ്ണുംപൂട്ടി എതിര്‍ക്കുകയും ചെയ്തു. എന്റെ നെഞ്ചിലുടെ മാത്രമേ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂ എന്നു പ്രഖ്യാപിച്ചവര്‍ പിന്നീട് അധികാരമേറ്റ് സിയാലിന്റെ തലപ്പത്തിരിക്കുകയും ചെയ്തു.
2001-2006 ലെ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എക്‌സ്പ്രസ് ഹൈവെ നിര്‍ദേശിച്ചിരുന്നു. ഇപ്പുറത്തുനില്‍ക്കുന്ന പശുവിന് അപ്പുറത്തു പോകാന്‍ പറ്റില്ലെന്നും മറ്റും പറഞ്ഞ് അന്ന് അതിനെ സടകുടഞ്ഞെതിര്‍ത്ത് ഇല്ലാതാക്കിയത് സി പി എമ്മും കൂടി യാണ്. പക്ഷേ, 2005ല്‍ നടത്തിയ പഠന കോണ്‍ഗ്രസില്‍ തെക്കു വടക്ക് അതിവേഗ റോഡ്/ റെയില്‍ ഗതാഗതം വേണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു! ഇത്തവണ പിണറായി വിജയന്‍ പ്രസംഗിച്ചപ്പോള്‍ അതിവേഗ റോഡ് വേണമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് തിരുത്തി അതിവേഗ റെയില്‍ എന്നാക്കി. കിലോമീറ്ററിന് 80 കോടി മുതല്‍മുടക്കുവേണമെന്നും അവര്‍ പറയുന്നു. 570 കി.മീ അതിവേഗ റെയില്‍ നിര്‍മിക്കുന്നതിന് പൊതു- സ്വാകര്യ പങ്കാളിത്തത്തെ അനുകൂലിക്കുമോ? അല്ലാതെ എവിടെനിന്ന് വിഭവസമാഹരണം നടത്തും?
യു ഡി എഫ് സര്‍ക്കാറിന്റെ വികസന പരിപ്രേക്ഷ്യം 2030ല്‍ നിന്നു കടമെടുത്ത നിരവധി നിര്‍ദേശങ്ങള്‍ പഠന കോണ്‍ഗ്രസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സാമാന്യം വിശദമായ പ്രതിപാദനങ്ങള്‍ ഇതിലുണ്ടെന്ന് പഠന കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളുടെ നല്ല അനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ വികസന പരിപ്രേഷ്യം 2030 ഏറെ തത്രപ്പെടുന്നു എന്നാണ് ആക്ഷേപം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി ഭൂപ്രകൃതിയിലും മറ്റു പല കാര്യങ്ങളിലും നല്ല സാമ്യമുള്ളതിനാല്‍ അവിടത്തെ പല മാതൃകകളും ഇവിടെയും സ്വീകാര്യമാണ് എന്നതില്‍ പറയുന്നുണ്ട്. പക്ഷേ, അതേ പഠന കോണ്‍ഗ്രസ് തന്നെ പറയുന്നു, എസ്‌തോണിയ പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കിയ ഇ-ഗവേണന്‍സ് ഇവിടെ നടപ്പാക്കണമെന്ന്. ഇ- ഗവേണന്‍സില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണു കേരളം. 2015 ഡിസംബര്‍ 10 വരെ 1.75 കോടി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇന്ത്യയില്‍ ആകെയുള്ള 50 ഇ-ജില്ലകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു. ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നല്കുന്ന നടപടി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. എസ്‌തോണിയയിലേക്കു കണ്ണുംനട്ടിരിക്കുന്നവര്‍ മുറ്റത്തെ മുല്ലയെ മറന്നു.
ത്വരിതഗതിയിലുള്ള യന്ത്രവത്കരണം കാര്‍ഷികരംഗത്ത് ഉണ്ടാകുന്നില്ല എന്നൊരു വിലാപം ഈ പഠനത്തിലുണ്ട്. നെല്‍കൃഷിയില്‍ യന്ത്രവത്കരണം വളരെ സാവകാശമാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എങ്ങനെ നടക്കും? ഓര്‍മയുണ്ടോ, കുട്ടനാട്ടില്‍ 2007ല്‍ നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനു പാകമായിരുന്നപ്പോള്‍, സി പി എമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂനിയന്‍ കൊയ്ത്തുയന്ത്രം തടഞ്ഞത്? മാര്‍ച്ച് മൂന്നാം വാരം മഴ പെയ്തതോടെ 10,000 ഹെക്ടറിലെ നെല്ല് 25 ദിവസം വെള്ളത്തില്‍ കിടന്നു. കര്‍ഷകര്‍ക്ക് 222 കോടി നഷ്ടമുണ്ടായി. തുടര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി. കീടനാശിനിക്കുപ്പികള്‍ കൈകളിലേന്തി ആയിരക്കണക്കിനു കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. 1970 കളില്‍ ട്രാക്ടറിനെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിട്ടാണ് കൊയ്ത്തുമെതി യന്ത്രത്തിനെതിരേ സമരം നടത്തിയത്. കിരാതമായ വെട്ടിനിരത്തല്‍ സമരവും ആരും മറന്നിട്ടില്ല.
കല്‍ക്കരി നിലയം സ്ഥാപിക്കണമെന്ന് പറയുകയും കാസര്‍കോട് ഇത്തരമൊരു പദ്ധതി വന്നപ്പോള്‍ കണ്ണുമടച്ച് എതിര്‍ക്കുകയും ചെയ്ത ചരിത്രവുമുണ്ട് സി പി എമ്മിന്. ഐ ടി മേഖലയില്‍ ചിപ്പ് ഉല്പാദനം നടത്താന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക താത്പര്യ പ്രകാരം തയ്‌വാനിലെ പ്രമുഖ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി വന്നപ്പോള്‍ മുഖംതിരിച്ചു നിന്നവര്‍ ഇപ്പോള്‍ അത്തരം സംരംഭങ്ങള്‍ ഉണ്ടായേ തീരൂ എന്നു പറയുന്നു. 26 ആഴ്ച കൊണ്ട് തമിഴ്‌നാട്ടിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ “നോക്കിയ” കൂറ്റന്‍ മൊബൈല്‍ ഫാക്ടറി സ്ഥാപിച്ചപ്പോള്‍ ആ കമ്പനി മേധാവികളെ കേരളം എതിരേറ്റത് ഹര്‍ത്താലിലൂടെ. സെസിന്റെ 18 അപേക്ഷകള്‍ മുന്‍മുഖ്യമന്ത്രി തടഞ്ഞുവച്ചപ്പോള്‍ അവരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറി. മൂന്നാറില്‍ മുന്‍സര്‍ക്കാര്‍ റിസോര്‍ട്ടുകള്‍ ഇടിച്ചുപൊളിച്ചതില്‍ സിപിഎമ്മിന് ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ?
തീരദേശത്ത് സമഗ്രമായ പാര്‍പ്പിട പദ്ധതി നടപ്പാക്കണമെന്ന് അവര്‍ പറയുന്നു. യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 15,000 വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്ര ാമീണ സഡക് യോജന റോഡ് പണികള്‍ സംസ്ഥാന സര്‍ക്കാര്‍ അധികതുക നല്‍കി പൂര്‍ത്തിയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 2006-11ല്‍ 1508 കോടി ചെലവഴിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ 6510 കോടി രൂപ ചെലവാക്കി. ആദിവാസികള്‍ക്ക് വിവിധ പദ്ധതികളിലായി 42,225 ഏക്കര്‍ ഭൂമി നല്‍കി. ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ധിപ്പിച്ചു. 2011 ലെ ആഭ്യന്തര പാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ 67 ശതമാനം മാത്രമായിരുന്നു. പച്ചക്കറി വിളകളുടെ വിസ്തീര്‍ണം 201-12 ലെ 42,447 ഹെക്ടറില്‍ നിന്നും 2014-15 ല്‍ 90,533 ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍ നിന്നും 15.32 ടണ്ണായി കൂട്ടി. ഉത്തരവാദ ടൂറിസം നടപ്പാക്കണമെന്നു പറയുമ്പോള്‍ കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യുളിസസ് പുരസ്‌കാരം ലഭിച്ച കാര്യം സി പി എം വിസ്മരിച്ചു.
സി പി എമ്മിന്റെ നാലാമത്തെ പഠന കോണ്‍ഗ്രസാണിത്. ഇത്തവണ മൂവായിരം പ്രതിനിധികളാണ് പങ്കെടുത്തത്. ഇതൊരു വികസന കോണ്‍ഗ്രസാണെന്ന് അംഗീകരിക്കുന്നു. നാട്ടില്‍ സമാധാനവും ക്രമസമാധാനപാലനവും ഉണ്ടായാല്‍ മാത്രമല്ലേ നിക്ഷേപവും തൊഴിലവസരവും വളര്‍ച്ചയും വികസനവുമൊക്കെ ഉണ്ടാകൂ. കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച് നാട്ടില്‍ സമാധാനത്തിനു സാഹചര്യം ഒരുക്കുമെന്നും അത് കേരളത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുമെന്നും ഒരു വാചകം 550 പേജുള്ള ബൃഹത് റിപ്പോര്‍ട്ടില്‍ ഒരിടത്തുമില്ല. കേരളത്തിലിനി ഹര്‍ത്താല്‍ നടത്തില്ലെന്ന സി പി എമ്മിന്റെ ഒറ്റ പ്രഖ്യാപനം മതി ഇവിടേക്ക് നിക്ഷേപകര്‍ കുതിച്ചെത്താന്‍.
കേരളം ഇപ്പോള്‍ ഏറ്റവും കൂടതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ബാര്‍ പൂട്ടിയത് ആണല്ലോ. സ്വതന്ത്ര കേരളം എടുത്ത ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നാണത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന സംസ്ഥാനം, ഏറ്റവും കൂടുതല്‍ അപകടനിരക്കും ആത്മഹത്യാനിരക്കുമുള്ള സംസ്ഥാനം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായ മദ്യലഭ്യത കുറക്കാന്‍ തീരുമാനിച്ചത്. ഇത്രയും സുപ്രധാനമായ വിഷയത്തിലും പഠന കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നു. മദ്യവര്‍ജനമെന്ന സി പി എംനയം മദ്യലഭ്യത കുറച്ച് മദ്യനിരോധമെന്ന യു ഡി എഫ് നയത്തിന് കടകവിരുദ്ധമാണ്. സ്വയംഭരണ കോളജുകള്‍ക്കെതിരെ എസ് എഫ് ഐ വലിയ പ്രക്ഷോഭമൊക്കെ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ നിലപാടെന്ത്? യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ നമുക്ക് പരസ്പരം മത്സരിക്കാം. പക്ഷേ, അതു കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളില്‍ നമുക്കൊരു പൊതുധാരണ ഉണ്ടാകണം. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രവണതയാണു കേരളത്തിലുള്ളത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ തലസ്ഥാന നഗരവികസന പദ്ധതിയും കെ എസ് ടി പി എംസി റോഡ് വികസനപദ്ധതിയും ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടനെ തടഞ്ഞുവച്ചു. രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞ് ജനരോഷം ആളിക്കത്തിയപ്പോള്‍ അതു പുനഃരാരംഭിച്ചത് 180 കോടി രൂപ അധികം നല്‍കി. അത്രയുംനാള്‍ ജനങ്ങള്‍ കഷ്ടപ്പെടുകയും സംസ്ഥാനത്തിനു കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു.
വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇനി മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് യു ഡി എഫ് സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടം. ഇടതുപക്ഷം നടത്തിയ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്കും വന്‍ വിവാദങ്ങള്‍ക്കുമിടയിലൂടെ കേരളം വികസനരംഗത്ത് ബഹുദൂരം മുന്നോട്ടുപോയി. തീച്ചൂളയിലൂടെയാണ് ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കടന്നുപോയത്. പക്ഷേ, വികസനരംഗത്ത് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. സി പി എം പഠന കോണ്‍ഗ്രസിനു പോലും അത് അംഗീകരിക്കേണ്ടി വന്നു.
സി പി എമ്മിന്റെ ഓരോ മനംമാറ്റത്തിലും കേരളത്തിന് കാല്‍നൂറ്റാണ്ടാണു നഷ്ടപ്പെടുന്നത്. തെറ്റുതിരുത്തലുകളാണ് പഠന കോണ്‍ഗ്രസ് കൊണ്ട് ഉണ്ടാകുന്നതെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. പഠനകോണ്‍ഗ്രസിന്റെ അടിസ്ഥാനത്തില്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ഇടതുപക്ഷം തയാറുണ്ടോയെന്ന് വെല്ലുവിളിക്കുന്നു.

Latest