Connect with us

Malappuram

നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരു സര്‍ക്കാര്‍ കിണര്‍

Published

|

Last Updated

മലപ്പുറം വലിയങ്ങാടിയിലെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കിണര്‍. ചിത്രം:പികെ നാസര്‍

മലപ്പുറം: അധികാരത്തിനും സമ്പത്തിനും വേണ്ടിയായിരിക്കില്ല ഇനിയുള്ള യുദ്ധം; കുടിവെള്ളത്തിനായിരിക്കും. അതൊഴിവാക്കാന്‍ നമ്മുടെ നീരുറവകള്‍ സംരക്ഷിക്കേണ്ടതുണ്ട്. പറയുന്നത് മലപ്പുറം വലിയങ്ങാടിയിയിലെ കെ കെ ജുനാര്‍ എന്ന കച്ചവടക്കാരന്‍. തലമുറകള്‍ക്ക് കുടിവെള്ളം നല്‍കിക്കൊണ്ടിരിക്കുന്ന വലിയങ്ങാടിയിലെ സര്‍ക്കാര്‍ കിണര്‍ നൂറാം വാര്‍ഷത്തിലേക്ക് കടക്കുകയാണ്.
1916 ജനുവരി 26ന് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കിണറിലെ തെളിനീര്‍ ഇപ്പോഴും വലിയങ്ങാടിയിലെ പാറമ്മല്‍ പ്രദേശത്തെ അറുപതിലേറെ കുടുംബങ്ങളുടെ ദാഹമകറ്റുകയാണ്. വേനലില്‍ ആവശ്യമുള്ളവരെല്ലാം വാഹനവുമായി ഈ കിണര്‍ തേടിയെത്തും. എത്ര എടുത്താലും തീരാത്ത നീരുറവയുമായി ഇന്നും ഈ കിണര്‍ നിലനില്‍ക്കുന്നു. പത്ത് മീറ്ററോളം വ്യാസത്തില്‍ കുളത്തിന്റെ ആകൃതിയിലായിരുന്നു നിര്‍മാണം. കിണറിലേക്ക് ഇറങ്ങുന്നതിന് പടവുകളുണ്ടായിരുന്നെങ്കിലും കാലപ്പഴക്കത്തില്‍ ഇവ മണ്ണിട്ട് മൂടി. ഇരുപത് പടവുകളുളള കിണറില്‍ ഇതുവരെയായി നീരുറവ വറ്റിയിട്ടില്ല. ഇപ്പോഴും ഏഴ് പടവ് വരെ വെള്ളമുണ്ട്.
തണുപ്പേറിയതും ഏറെ ശുദ്ധവുമാണ് വെള്ളം. ഇതിനായി മണലും ചുണ്ണാമ്പും മണ്ണും ചേര്‍ന്ന മിശ്രിതവും കിണറിന് താഴെ നെല്ലിപ്പലകയും ഉപയോഗിച്ചതായി നാട്ടുകാരനായ സബ്ദര്‍ അലി പറഞ്ഞു. 1991ല്‍ വെള്ളപ്പൊക്കമുണ്ടായി സമീപത്തെ ജലസ്രോതസുകളെല്ലാം വൃത്തിഹീനമായപ്പോഴും ഈ കിണറിലെ വെളളത്തിന് മാത്രം മാറ്റമുണ്ടായില്ല. ഇതിനോടൊപ്പം മലപ്പുറത്തെ ഹാജിയാര്‍പള്ളി, കോട്ടപ്പടി, കോട്ടപ്പടി മാര്‍ക്കറ്റ്, കുന്നുമ്മല്‍ സെന്റ് ജമ്മാസ് സ്‌കൂളിന് മുന്‍വശം, കോട്ടപ്പടി പോലീസ് ക്വാട്ടേഴ്‌സ് എന്നിവിടങ്ങളിലെല്ലാം അക്കാലത്ത് കിണര്‍ കുഴിച്ചെങ്കിലും പൂര്‍ണമായി നശിക്കാതെ നിലക്കാത്ത നീരുറവയായി നിലനില്‍ക്കുന്നത് ഈ കിണര്‍ മാത്രം.
റോഡ് വീതികൂട്ടുമ്പോള്‍ ഭാവിതലമുറക്ക് കുടിനീര്‍ നല്‍കേണ്ട വലിയങ്ങാടിയിലെ സര്‍ക്കാര്‍ കിണറിന് മുകളിലൂടെ വികസനം വേണ്ടെന്ന ആവശ്യമാണ് നാട്ടുകാര്‍ക്ക് അധികാരികളുടെ മുന്നില്‍ വെക്കാനുള്ളത്.