ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; കലയുടെ പൂരത്തിന് ഇനി മൂന്ന് നാള്‍

Posted on: January 16, 2016 6:00 am | Last updated: January 19, 2016 at 7:33 pm
SHARE

school-kalolsavam-logo-2016തിരുവനന്തപുരം : കലയുടെ പൂരത്തിന് തിരശീല ഉയരാന്‍ ഇനി മൂന്ന് ദിനങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ അണിഞ്ഞൊരുങ്ങുകയാണ് തലസ്ഥാന നഗരം. അവസാനഘട്ട ഒരുക്കങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. പ്രധാനവേദിയുടെ ഒഴിച്ച് മറ്റ് വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് ആറുനില പന്തലാണ് ഒരുങ്ങുന്നത്. പന്തലിന്റെ മേല്‍ക്കൂര പൂര്‍ത്തിയാക്കി, ഓലമേയലും ആരംഭിച്ചു. എത്രയും വേഗം ആറ് നിലകളുള്ള മുഖ്യവേദിയുടെ പണിപൂര്‍ത്തിയാക്കാനാകുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ നിസാം ചിതറ പറഞ്ഞു. ചമയപ്പണികളും സാംസ്‌കാരിക സാമൂഹിക രംഗത്തെ മണ്‍മറഞ്ഞ മഹാന്മാരുടെ ഫോട്ടോ പതിക്കലുമാണ് അവശേഷിക്കുന്ന പ്രധാന ജോലി. കലോത്സവത്തിന് എത്തുന്നവര്‍ക്ക് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭക്ഷണം തയാറാക്കുന്നതിനുള്ള ഊട്ടുപുരയുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
പഴയിടം നമ്പൂതിരി ഊട്ടുപുരയില്‍ എത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി. കലോത്സവത്തിനെത്തുന്നവര്‍ക്ക് ഓരോ ദിവസവും വിളമ്പേണ്ട വിഭവങ്ങള്‍ ഏതെന്ന് പഴയിടം തീരുമാനിക്കും. നായനാര്‍ പാര്‍ക്കിലെയും ഗാന്ധിപാര്‍ക്കിലെയും സ്റ്റാള്‍, പന്തല്‍ നിര്‍മാണം എന്നിവയും ഉടന്‍ പൂര്‍ത്തിയാക്കും. കലോത്സവങ്ങളില്‍ സാധാരണഗതിയില്‍, രണ്ട് പ്രധാന വേദികളും ഊട്ടുപുരയും മാത്രമാണ് കെട്ടിയുയര്‍ത്താറുള്ളത്. എന്നാല്‍, തലസ്ഥാനത്ത് ഹോളിഎഞ്ചല്‍സ്, തൈക്കാട് മോഡല്‍ എല്‍ പി എസ് എന്നിവിടങ്ങളിലും പന്തല്‍ ഉയരുന്നു. പന്തലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് സംഘാടകസമിതി അധികൃതര്‍ പറഞ്ഞു.
ഇത്തവണ 56 അധ്യാപകര്‍ ചേര്‍ന്ന് തത്സമയം സ്വാഗത ഗാനം ആലപിക്കും എന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോട്ട് നടന്ന കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനം ഗംഭീരമായെങ്കിലും അത് റെക്കോര്‍ഡ് ചെയ്തു വേദിയില്‍ പ്ലേ ചെയ്യുകയായിരുന്നെന്ന രഹസ്യം പിന്നീട് പുറത്തായി. ഇത് കലോത്സവത്തിന്റെ നിറം കുറച്ചതിനാല്‍ ഇത്തവണ പാട്ടിനൊപ്പം ചുണ്ടനക്കുന്ന പരിപാടി വേണ്ടെന്നു വെക്കുകയായിരുന്നു. ഉദ്ഘാടന വേദിയില്‍ ആലപിക്കാനുള്ള സ്വാഗത ഗാനത്തിന്റെയും ദൃശ്യാവിഷ്‌കാരത്തിന്റെയും പരിശീലനവും പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് സന്ദര്‍ശിച്ച് പരിശീലനം വിലയിരുത്തി. കലോത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും വൈകീട്ട് ഗാന്ധി പാര്‍ക്കില്‍ സാംസ്‌കാരിക സായാഹ്നം നടക്കും. 56-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയയുടെ നേതൃത്വത്തില്‍ പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എറണാകുളത്ത് നടക്കേണ്ട കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോള്‍ ഒരുക്കത്തിന് കിട്ടിയത് കഷ്ടിച്ച് രണ്ട് മാസമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ മേള ആഘോഷകരമാക്കാനുള്ള ഒരുക്കത്തിലാണ് വിവിധ സബ്കമ്മറ്റികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here