മതനിരപേക്ഷതയുടെ സ്‌നേഹദൂതനായി ഗുലാം പാടി

Posted on: January 15, 2016 11:58 pm | Last updated: January 15, 2016 at 11:58 pm
SHARE
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ജി കെ എസ് എഫും സ്വരലയയും                     സംഘടിപ്പിച്ച ഗസല്‍ സന്ധ്യയില്‍ പാക് ഗായകന്‍ ഗുലാം അലി പാടുന്നു ചിത്രം: ടി ശിവജികുമാര്‍
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ജി കെ എസ് എഫും സ്വരലയയും സംഘടിപ്പിച്ച ഗസല്‍ സന്ധ്യയില്‍ പാക് ഗായകന്‍ ഗുലാം അലി പാടുന്നു ചിത്രം: ടി ശിവജികുമാര്‍

തിരുവനന്തപുരം: ‘ഹം തേരേ ഷഹര്‍ മേം ആയേ ഹേ മുസാഫിര്‍ കി തരഹ്, സിര്‍ഫ് ഏക് ബാര്‍ മുലാക്കാത്ത് കാ മൗഖാ കി തരഹ്’. (ഒരു പാന്ഥനെപ്പോലെ നിങ്ങളുടെ നഗരത്തില്‍ ഞാന്‍ വന്നു. സ്വത്വമില്ലാത്ത ഒരു സഞ്ചാരിയുടെ മനസ്സോടെ) നിശാഗന്ധിയുടെ സായാഹ്നത്തിന് മേല്‍ ഗുലാംഅലി പാടി, ശാന്തനായി, മതനിരപേക്ഷതയുടെ സ്‌നേഹദൂതനായി.
അസഹിഷ്ണുതയെ ചെറുത്ത് തോല്‍പ്പിച്ച് ആയിരങ്ങള്‍ താളം പിടിച്ചു. മനുഷ്യന്‍ രൂപപ്പെടുത്തിയ അതിരുകള്‍ ഗസല്‍ മഴയില്‍ ഒഴുകി ഇല്ലാതായി. സ്‌നേഹവും സൗഹാര്‍ദ്ധവും എന്തെന്ന് കേരളം കാണിച്ച് കൊടുക്കുകയായിരുന്നു ഇന്നലെ. സ്വരലയയും ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലുമാണ് സലാം ഗുലാം അലി എന്ന പേരില്‍ ഗസല്‍ സന്ധ്യ സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയാണ് ഗുലാം അലിയെ കേരളത്തിലെത്തിയത്. ഗുലാം അലിയെ പാടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചവര്‍ ഗസലിന്റെ മഹാശക്തിക്ക് മുന്നില്‍ അലിഞ്ഞ് ഇല്ലാതായി. ഗുലാം അലി കേവലം ഗായകനല്ല. മനുഷ്യസ്‌നേഹത്തിന്റെ ആര്‍ദ്രഭാവങ്ങളുമായി നാടാകെ അലയുന്നവന്‍. ഓരോ നഗരത്തിലുമെത്തുമ്പോള്‍ പിരിയാനാവാത്ത വിധം ഒട്ടിച്ചേരുന്നവന്‍. തന്റെ ഭാവഗീതസന്ധ്യയിലൂടെ ആ ഹൃദയമാണ് തുറന്നുകാട്ടിയത്. പ്രണയവും വിരഹവും ലഹരിയും അലയടിക്കുന്ന സംഗീത മഹാസാഗരം. ബഡേ ഗുലാം അലി ഖാന്റെയും സഹോദരങ്ങളുടെയും സംഗീതം പഠിച്ച ഒരു ചെറിയ കലാകാരനെന്നാണ് ഗുലാമലി സ്വയം പരിചയപ്പെടുത്തി.
റോസ് കഹ്താ ഹൂം എന്ന കൗശിക്ധ്വനി രാഗത്തിലെ ഗസലാണ് അദ്ദേഹം ആദ്യം ആലപിച്ചത്. ഗസല്‍ ഗായകനിലുപരി മികച്ച ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ വൈഭവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ‘ദില്‍ മേം എക് ലഹര്‍’ എന്ന ഗസലിലൂടെ ഹൃദയസാഗരത്തിലുയര്‍ന്നുവന്ന സ്‌നേഹത്തിന്റെയും സംഗീതത്തിന്റെയും നിരവധി അലകള്‍ അദ്ദേഹം വരച്ചുകാട്ടി. ഓരോ തിരമാലയും വ്യത്യസ്ത രൂപഭാവങ്ങളോടെ ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അതില്‍ ഗമകങ്ങളുടെ അത്ഭുതവര്‍ണങ്ങള്‍ ദൃശ്യമായി. ത്രിസ്ഥായികളിലും അനായാസം സഞ്ചരിക്കുന്ന അത്ഭുതഗായകന്റെ പ്രകടനമായിരുന്നു അത്. ഗുലാമലിക്കു മുമ്പ് പണ്ഡിറ്റ് വിശ്വനാഥാണ് പാടിയത്.
ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍ അനശ്വരമാക്കിയ ‘യാദ് പിയാ കി ആയേ’എന്ന തുമ്രിയാണ് ആദ്യം പാടിയത്. ഭിന്നഷഡ്ജ രാഗത്തിലെ ആ മഹത്തായ സംഗീതകൃതി ബഡേ ഗുലാം അലി ഖാന്റെ ഭാര്യയുടെ അകാല മരണത്തില്‍ മനംനൊന്താണ് അദ്ദേഹം ചിട്ടപ്പെടുത്തി പാടിയത്.
മലയാളികള്‍ കേട്ടിട്ടുള്ള ‘കാ കരൂ സജ്‌നി’ അതിന്റെ യഥാര്‍ഥ ശാസ്ത്രീയസംഗീത പശ്ചാത്തലയ്യോടെ പണ്ഡിറ്റ് വിശ്വനാഥ് പാടിയപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here