പാകിസ്ഥാന്‍ ബാലികയ്ക്ക് ഒന്നരക്കോടി ഇന്ത്യന്‍ രൂപ നല്‍കാന്‍ കോടതി ഉത്തരവ്

Posted on: January 15, 2016 11:01 pm | Last updated: January 15, 2016 at 11:01 pm
SHARE

rupeeഷാര്‍ജ: മാതാവുമൊത്ത് റോഡ് മുറിച്ച് കടക്കവെ ഉണ്ടായ വാഹനാപകടത്തില്‍പ്പെട്ട പാകിസ്ഥാന്‍ ബാലികയ്ക്ക് എട്ട് ലക്ഷം ദിര്‍ഹവും ഒന്‍പത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും (ഏകദേശം ഒന്നരക്കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദുബൈ കോടതി വിധിച്ചു.
ഷാര്‍ജയിലെ അല്‍ നഹദയില്‍ 2014 ഡിസംബര്‍ മാസത്തിലാണ് പാകിസ്ഥാന്‍ ഇസ്‌ലാമാബാദ് സ്വദേശിയും ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അമാന്‍ അഹമ്മദ് മുഹമ്മദിന് പരുക്കേറ്റത്. കണ്ണൂര്‍ മയ്യില്‍ സ്വദേശി ശരീഫ് പുതിയപറമ്പത്ത് ആണ് കേസില്‍ പ്രതി. മൂടല്‍ മഞ്ഞ് കാരണം കുട്ടിയെ കണ്ടില്ലെന്നും ബസ് തട്ടിയതിന്‌ശേഷമാണ് അിറഞ്ഞതെന്നുമാണ് ശരീഫ് കോടതിയില്‍ പറഞ്ഞത്. ശരീഫിനെ ആയിരം ദിര്‍ഹം പിഴചുമത്തി ഷാര്‍ജ ട്രാഫിക് കോടതി വിട്ടയക്കുകയായിരുന്നു.
ഇതിനെതിരെയാണ് അപകടത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പിതാവ് മുഹമ്മദ് റാഖിബ് അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് മുഖേന പത്ത്‌ലക്ഷം യു എ ഇ ദിര്‍ഹം ആവശ്യപ്പെട്ട് അലയന്‍സ് ഇന്‍ഷ്വറന്‍സിനെതിരെ കേസ് ഫയല്‍ ചെയ്തത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഷ്ടപ്പെട്ട പഠനം ഭാവിജീവിതം മുതലായവയെ അടിസ്ഥാനമാക്കി ആവശ്യപ്പെട്ട തുകതന്നെ അനുവദിച്ച് കിട്ടാന്‍ അഡ്വ: അലി ഇബ്രാഹീം ശക്തമായി വാദിച്ചു. തുടര്‍ന്ന് ദുബൈ കോടതി എട്ട് ലക്ഷം ദിര്‍ഹവും ഒന്‍പത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും (ഒന്നരക്കോടി ഇന്ത്യന്‍ രൂപ) നല്‍കാന്‍ വിധിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here