Connect with us

Gulf

മൂല്യവര്‍ധിത നികുതി രക്ഷക്കെത്തുമോ?

Published

|

Last Updated

എണ്ണ വിലയിടിവിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുമെന്ന് ഉറപ്പായിരിക്കുന്നു. പ്രതിവര്‍ഷം 1,200 കോടി ദിര്‍ഹമാണ് യു എ ഇക്ക് മാത്രം ലഭിക്കാന്‍ പോകുന്നത്. ആഡംബര ഉല്‍പന്നങ്ങള്‍ക്ക് മൂന്നുമുതല്‍ അഞ്ചുവരെ ശതമാനം വിലവര്‍ധിപ്പിച്ചാണ് ഈ നേട്ടം കൈവരിക്കുക. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളെ നികുതിയില്‍ നിന്ന് ഒഴിവാക്കും.
വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് മാസങ്ങളായി അധികൃതര്‍ ചര്‍ച്ച നടത്തിവരുകയായിരുന്നു. ജി സി സി രാജ്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്തു. ലോകത്തിന്റെ മിക്കഭാഗങ്ങളിലും മൂല്യവര്‍ധിത നികുതിയുണ്ടെന്ന് വിലയിരുത്തി. കൂടാതെ, രാജ്യാന്തര നാണയ നിധി കടുത്ത സമ്മര്‍ദം ചെലുത്തുകയുമാണ്.
കഴിഞ്ഞ ഡിസംബറിലാണ് ജി സി സി രാജ്യങ്ങള്‍ അന്തിമമായി തീരുമാനിച്ചത്. അങ്ങിനെ, ആദ്യമായി ഗള്‍ഫിലും നികുതി എത്തുന്നു. പ്രതിരോധത്തിന് വന്‍തുക നീക്കിവെക്കുന്ന സഊദി അറേബ്യക്കും അത്രയൊന്നും എണ്ണ വരുമാനമില്ലാത്ത ഒമാനും മൂല്യവര്‍ധിത നികുതി ആശ്വാസമാകുമെന്നാണ് കരുതുന്നത്. അതേസമയം, അവശ്യസാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്താത്തതിനാല്‍ സാധാരണക്കാരെ ബാധിക്കുകയുമില്ല.
ഗള്‍ഫ് രാജ്യങ്ങള്‍ വലിയ സാമ്പത്തിക പരിഷ്‌കരണത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായ സഊദി അറേബ്യ എണ്ണ വില വര്‍ധിപ്പിച്ചു. റിയാലിന്റെ ഡോളര്‍ ആശ്രിതത്വം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു. 32 വര്‍ഷത്തിനുശേഷം ബഹ്‌റൈനും എണ്ണ വില വര്‍ധിപ്പിച്ചു. അകത്തുനിന്നും പുറത്തുനിന്നും രാജ്യത്തിനു നേരെ ഉയരുന്ന ഭീഷണി നേരിടാന്‍ പ്രതിരോധ ബജറ്റ് ഗണ്യമായി വര്‍ധിപ്പിച്ചതാണ് ഗള്‍ഫ് രാജ്യങ്ങളെ കൂടുതല്‍ പ്രയാസത്തിലാക്കിയത്. ഭീകരവാദവും ഇറാന്റെ ഇടപെടലും വേഗം അവസാനിച്ചില്ലെങ്കില്‍, രാജ്യാന്തര കമ്പോളത്തില്‍ എണ്ണ വില കൂടിയില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതക്ക് ഊനം തട്ടും. അതിനെതിരെയുള്ള മുന്‍കരുതലാണ് മൂല്യവര്‍ധിത നികുതി.
എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനമാണ്, ആഭ്യന്തരോല്‍പാദനത്തിന്റെ 80 ശതമാനം എന്നിരിക്കെ സഊദി അറേബ്യയാണ് ഇപ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിക്ക് ആനുപാതികമായി തൊഴിലില്ലായ്മ വര്‍ധിക്കും. ഇപ്പോള്‍ തന്നെ സ്വദേശി യുവാക്കള്‍ നിരാശയിലാണ്. തൊഴിലില്ലായ്മയാണ് ഭീകരതയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഒരു കാരണം. ഇതിനെല്ലാം പരിഹാരം കാണാന്‍ പലവഴികള്‍ തേടുന്ന കൂട്ടത്തിലാണ് മൂല്യവര്‍ധിത നികുതിയുടെ കടന്നുവരവ്.

Latest