ഷാര്‍ജയില്‍ പുതിയ യൂസ്ഡ് കാര്‍ വിപണി തുറന്നു

Posted on: January 15, 2016 10:31 pm | Last updated: January 15, 2016 at 10:31 pm
ഷാര്‍ജയിലെ പുതിയ യൂസ്ഡ് കാര്‍ വിപണി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഷാര്‍ജയിലെ പുതിയ യൂസ്ഡ് കാര്‍ വിപണി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: മിറേറ്റിലെ പുതിയ യൂസ്ഡ് കാര്‍ വിപണി ഔദ്യോഗികമായി തുറന്നു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് വ്യാഴാഴ്ച രാവിലെ വിപണി തുറന്നു കൊടുത്തത്. ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമി അടക്കം പ്രമുഖര്‍ സംബന്ധിച്ചു. ഷാര്‍ജ ഗവണ്‍മെന്റിനു കീഴിലെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഷാര്‍ജയിലെ റുഖ അല്‍ഹംറ മേഖലയിലാണു പുതിയ വിപണി.
രാജ്യത്തെ വാഹന വില്‍പന രംഗത്തു പുതിയ ഉണര്‍വുണ്ടാക്കുന്നതാണ് ഷാര്‍ജ അജ്മാന്‍ എമിറേറ്റുകളെ ബന്ധിപ്പിക്കാന്‍ കഴിയുന്ന വിപണിയെന്നു കാര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ഹദീദി അഭിപ്രായപ്പെട്ടു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കാണ് മാര്‍ക്കറ്റിന്റെ ഒരു ഭാഗം തുറക്കുന്നത്. മറുഭാഗം ദൈദ് റോഡിലേക്കും. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നുമാണ് ഉപയോഗിച്ച വാഹനങ്ങളുടെ ഈ വന്‍ വിപണി സ്ഥിതിചെയ്യുന്നത്.
വില്‍പനയ്ക്കു പുറമേ വാഹന പ്രദര്‍ശനം, വാഹനങ്ങള്‍ മോടികൂട്ടാനുള്ളതും സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കുമുള്ള സ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കും. വാഹനങ്ങള്‍ ലേലത്തില്‍ വിളിച്ചെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിസ്തൃതിയിലും വില്‍പനയിലും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാഹന വിപണിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹന ക്രയവിക്രയങ്ങളുടെ മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാന്‍ പുതിയ കേന്ദ്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
നേരത്തെ ഷാര്‍ജയിലെ പ്രധാന താമസ കേന്ദ്രങ്ങളിലൊന്നായ അബൂ ഷഗാറയിലായിരുന്നു യൂസ്ഡ് കാര്‍ വില്‍പന നടന്നിരുന്നത്. നഗരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന മാര്‍ക്കറ്റ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഉത്തരവിറക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷയും വൃത്തിയും സൂക്ഷിക്കണമെന്ന ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ വീക്ഷണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഷാര്‍ജ അസറ്റ് മാനേജ്‌മെന്റ് കമ്പനി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു.
415 ഷോറൂമുകളും 70 ഔട്ട് ലെറ്റുകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുക. മിഡില്‍ ഈസ്റ്റിലെ ആദ്യ സംരംഭമായി ഇ-കാര്‍ ലേലവും ഇവിടെ നടക്കും.
അബൂ ഷഗാറയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്‍ ഷോപ്പുകള്‍ക്കും പുതിയ കേന്ദ്രത്തിലേക്ക് മാറാനാകും. അവിടെ ഏതെങ്കിലും തരത്തില്‍ വാഹന വില്‍പന നടത്തിയാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.