Connect with us

Gulf

മരുഭൂവിലെ പ്രാര്‍ഥനാ സൗകര്യം വിശ്വാസികള്‍ക്കു ഗുണകരം

Published

|

Last Updated

ഷാര്‍ജ: മരുഭൂവിലൊരുക്കിയ പ്രാര്‍ഥന സൗകര്യം ദീര്‍ഘദൂര യാത്രക്കാരായ വിശ്വാസികള്‍ക്കു ഏറെ ഗുണകരമാകുന്നു.
മദാം മരുഭൂമിയിലാണ് പ്രാര്‍ഥനാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒമാന്‍, ഹത്ത തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ദുബൈ ഷാര്‍ജ എന്നിവയടക്കമുള്ള എമിറേറ്റുകളിലേക്കുള്ള പാതക്കരുകിലാണ് വേദിയുടെ മാതൃകയില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. സ്വദേശിയാണ് വിശ്വാസികള്‍ക്കു ഏറെ സഹായകരമായ സൗകര്യം ഒരുക്കിയത്. നേരത്തെ ഇവിടെ കഫ്‌ത്തേരിയ തുറന്നിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനുമെത്തുന്ന വിശ്വാസികള്‍ക്കും സൗകര്യം ഗുണകരം.
കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന വിശാലമായ മരുഭൂവാണിത്. ജനവാസമില്ലാത്ത ഈ ഭാഗത്ത് വാഹനങ്ങളിലൂടെ യാത്രക്കാര്‍ മാത്രമാണ് കടന്നുപോകുന്നത്. നിത്യവും നൂറുക്കണക്കിനു വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ദീര്‍ഘദൂരയാത്രക്കാരാണ് ഏറെയും. ഒമാനില്‍ നിന്നുള്ളവര്‍ക്കു യു എ ഇയിലെത്താനുള്ള പ്രധാന മാര്‍ഗമായതിനാല്‍ അധികം പേരും എത്തുന്നത് ഇതുവഴിയാണ്. അതുകൊണ്ടുതന്നെയാത്രക്കാരുടെ എണ്ണം പെരുകുന്നു. കൂടാതെ വിനോദ സഞ്ചാരികളും, ഡെസേര്‍ട്ട് സഫാരിക്കെത്തുന്നവരും നിരവധി. ഡെസര്‍ട്ട് സഫാരിയുടെ പ്രധാനകേന്ദ്രം കൂടിയാണ് ഈ മണലാരണ്യം.
എന്നാല്‍ വിശ്വാസികളായയാത്രക്കാര്‍ക്ക് പ്രാര്‍ഥിക്കാനുള്ള സൗകര്യം സമീപത്തൊന്നും ഉണ്ടായിരുന്നില്ല. മദാം ടൗണിനു സമീപത്തും മലീഹ റോഡ് കടന്നുപോകുന്നിടത്തുമാണ് പള്ളികള്‍ ഉള്ളത്. എത്തിച്ചേരണമെങ്കില്‍ പലര്‍ക്കും ദീര്‍ഘദൂരം സഞ്ചരിക്കണം. ഈ സാഹചര്യത്തില്‍ ഈ സൗകര്യം വിശ്വാസികള്‍ക്കു ഏറെ പ്രയോജനപ്രദമായത്. ഇവിടെ കഫ്‌ത്തേരിയ തുറന്നതും യാത്രക്കാര്‍ക്കു ഏറെ പ്രയോജന പ്രദമാണ്. ദീര്‍ഘയാത്രക്കാര്‍ക്ക് വഴിമദ്ധ്യേ വിശ്രമിക്കാനും മറ്റും കഫ്‌ത്തേരിയ പ്രയോജനപ്പെടുന്നു. ഡെസേര്‍ട്ട് സഫാരിക്കെത്തുന്നവര്‍ക്കും ആശ്വാസമാണ്. മലയാളികളാണ് കഫ്‌ത്തേരിയ നടത്തുന്നത്. അവധി ദിനങ്ങളിലാണ് സഫാരിക്കെത്തുന്നവരുടെ എണ്ണം ഏറുന്നത്.