കോഴിക്കോട്ടെ സ്വകാര്യ ബസ്സുടമകളുടെ കൂട്ടായ്മ ഏറ്റെടുത്ത മറ്റൊരു ദൗത്യം കൂടി പൂര്‍ത്തിയാകുന്നു

Posted on: January 15, 2016 9:47 pm | Last updated: January 15, 2016 at 9:47 pm
SHARE

പേരാമ്പ്ര: കാരുണ്യ പ്രവര്‍ത്തനത്തില്‍ സംസ്ഥാന തലത്തില്‍ മാതൃകയായ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസ്സുടമകളുടേയും, ജീവനക്കാരുടേയും കൂട്ടായ്മ ഏറ്റെടുത്ത മറ്റൊരു ദൗത്യം കൂടി പൂര്‍ത്തിയാകുന്നു. ഇരു വൃക്കകളും നശിച്ച പേരാമ്പ്രയിലെ നടേമ്മല്‍ സ്വപ്ന എന്ന യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള ചികില്‍സാ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര വടകര റൂട്ടിലെ 19 ബസ്സുടമകളും, ഇവയിലെ ജീവനക്കാരുമാണ് ഇന്നലെ കാരുണ്യ സര്‍വ്വീസ് നടത്തി തുക ശേഖരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബസ്സില്‍ നോട്ടീസ് പതിച്ചും, ബാനര്‍ തൂക്കിയും ജനശ്രദ്ധ ആകര്‍ഷിച്ച ശേഷമാണ് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയത്. ഇന്നലെ ലഭിച്ച വരുമാനം പൂര്‍ണ്ണമായും സ്വപ്നയുടെ ചികില്‍സാ ഫണ്ടില്‍ നിക്ഷേപിക്കും. ജീവനക്കാര്‍ ഇന്നലെ വേതനം കൈപ്പറ്റാതെയാണ് സേവനമനുഷ്ടിച്ചത്. പേരാമ്പ്ര നിന്ന് മേപ്പയ്യൂര്‍ പയ്യോളി വഴിയും, ചാനിയം കടവ് വഴിയും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. കബനി, ലോര്‍ഡ്ശിവ, പ്രാര്‍ത്ഥന, കൈരളി, ശ്രീദുര്‍ഗ, ആല്‍ബിന്‍, ആരോമല്‍, തില്ലാന, ബ്ലോസം, ഫ്‌ളവേഴ്‌സ്, ഗ്രേസ്, ശ്രീശിവം, ബത്തൂല്‍, ശിവശൈലം, വിഷ്ണുമായ, വിപഞ്ചിക, ശ്രീഗണേഷ്, ശിവഗംഗ, ഇമേജ് എന്നീ സ്വകാര്യ സ്സുടമകളും, ഇവയിലെ ജീവനക്കാരുമാണ് മഹനീയ കര്‍മ്മത്തില്‍ പങ്കാളികളായത്. വടകര, പയ്യോളി, മേപ്പയ്യൂര്‍, പേരാമ്പ്ര ബസ്സ്റ്റാന്റുകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഫണ്ട് സ്വരൂപിക്കാനും, പരമാവധി പേരെ ദൗത്യത്തില്‍ പങ്കാളികളാക്കാനും കാലത്ത് മുതല്‍ രാത്രി വരെ നിലകൊണ്ടത് കാരുണ്യ പ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമായി. 20 ലക്ഷം രൂപ വൃക്ക മാറ്റിവെക്കല്‍ ശസ്ത്ര ക്രിയക്ക് ചിലവ് വരും. നേരത്തെ നാട്ടുകാരും, ടൗണിലെ ഓട്ടോക്കാരും ചേര്‍ന്ന് ഇതില്‍ പാതിയോളം രൂപ സ്വരൂപിച്ചിരുന്നു. 10 സെന്റ് സ്ഥലത്ത് സൗകര്യം പരിമിതമായ വീട്ടിലാണ് സ്വപ്നയും, കുടുംബവും താമസിക്കുന്നത്. ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് കാരണം ജപ്തി ഭീഷണിയിലാണ് ഈ കുടുംബം. രണ്ട് വൃക്കകളും നശിച്ച പേരാമ്പ്രയിലെ വിഷ്ണുപ്രിയയുടെ ചികില്‍സാ സായം സ്വരൂപിക്കുന്നതിന് വേണ്ടി രണ്ട് മാസം മുമ്പ് കോഴിക്കോട് കുറ്റിയാടി റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ആവിഷ്‌കരിച്ച് നടപ്പാക്കിയ സേവന മാതൃകയാണ് സ്വപ്നക്ക് വേണ്ടി പേരാമ്പ്ര വടകര റൂട്ടിലും പരീക്ഷിച്ചത്. സ്വപ്നക്ക് ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ്. വൃക്ക നല്‍കാന്‍ സഹോദരി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇതിനുള്ള വന്‍ സാമ്പത്തിക ബാധ്യതയായിരുന്നു തടസമായത്. ഇതേത്തുടര്‍ന്നാണ് ബസ്സുടമകള്‍ സഹായ ഹസ്തവുമായെത്തിയത്. ബസ്സുടമകളുടേയും, ജീവനക്കാരുടെയും ഉദാര മനസ്‌കത സംസ്ഥാന തലത്തില്‍ത്തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ചികില്‍സാ സഹായ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും പേരാമ്പ്ര മാതൃക പ്രചോദനമ6ായിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here