Connect with us

Gulf

ജലസ്രോതസ്സുകളും വൈദ്യുതി കേന്ദ്രങ്ങളും സുരക്ഷാ കാമറകളുടെ നിയന്ത്രണത്തില്‍

Published

|

Last Updated

സുരക്ഷാ സംവിധാനം സ്ഥാപിക്കുന്ന ചടങ്ങില്‍ കഹ്‌റമ, എന്‍ സി സി അധികൃതര്‍

ദോഹ: കഹ്‌റമ ആസ്ഥാനവും സ്റ്റേഷനുകളും സുരക്ഷാ കാമറകള്‍ ഘടിപ്പിച്ച് നാഷനല്‍ കമാന്‍ഡ് സെന്ററുമായി ബന്ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ 27 സ്റ്റേഷനുകളിലാണ് കാമറ ഘടിപ്പിച്ചത്. 21 സ്റ്റേഷനുകളുടെ ലിങ്കിംഗ് ഉടന്‍ പൂര്‍ത്തിയാകും. 250 പവര്‍ സ്റ്റേഷനുകളും 40 ജല റിസര്‍വോയറുകളും വൈകാതെ സുരക്ഷാ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടു വരും. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഅദ് ബിന്‍ അല്‍ ഖുലൈഫിയാണ് സുരക്ഷാ സംവിധാനം ആരംഭിച്ചത്. കഹ്‌റമ പ്രസിഡന്റ് എന്‍ജിനീയര്‍ ഈസ ഹിലാല്‍ അല്‍ കുവാരി സംബന്ധിച്ചു.
രാജ്യത്തെ സുരക്ഷാസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഹ്‌റമയെ എന്‍ സി സിയുമായി ഘടിപ്പിക്കുന്നതെന്ന് സഅദ് പറഞ്ഞു. രാജ്യത്തെ ജലസ്‌ത്രോതസ്സുകളും വൈദ്യുതി പ്ലാന്റുകളും സംരക്ഷിക്കുക എന്ന ദേശീയ താത്പര്യത്തിന്റെകൂടി ഭാഗമായാണ് സുരക്ഷാ കാമറകള്‍ ഘടിപ്പിക്കുന്നത്. ഈ ആധുനിക സംവിധാനം സുരക്ഷാ ഉദ്യോസ്ഥര്‍ക്ക് ഏറെ ഗുണം ചെയ്യും. രാജ്യത്തെ ഏറ്റവും സുരക്ഷ ആവശ്യമുള്ള രണ്ടേ മേഖലകളായി വെള്ളത്തെയും വൈദ്യുതിയെയും കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ശുദ്ധജല സ്രോതസ്സുകളും വൈദ്യുതി സ്റ്റേഷനുകളും സുരക്ഷാ സംവിധാനവുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും വൈകാതെ എല്ലാ കഹ്‌റമ കേന്ദ്രങ്ങളെയും ഏകീകൃത സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാക്കുമെന്നും ഈസ്സ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. കഹ്‌റമ കേന്ദ്രങ്ങളില്‍ ഏതെങ്കിലും സുരക്ഷാവീഴ്ചയുണ്ടായാല്‍ ഉടന്‍ മറ്റു കേന്ദ്രങ്ങളുമായുള്ള ഏകോപനത്തോടെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. പ്രതിസന്ധി സാഹചര്യങ്ങളെ മറികടക്കാനും സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും എളുപ്പത്തില്‍ സാധിക്കുന്നതാണ് സംവിധാനം.