Connect with us

Qatar

ഖത്വറില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

Published

|

Last Updated

ദോഹ: ഖത്വറില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. സൂപ്പറിന് ലിറ്ററിന് 1.30 റിയാലായും പ്രീമിയം പെട്രോളിന് ലിറ്ററിന് 1.15 റിയാലായുമാണ് ഉയര്‍ത്തിയത്. ഗോള്‍ഡ് പെട്രോളിന് 1.25 റിയാലാണ് പുതിയ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വില വര്‍ധന നടപ്പിലാക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഖത്വര്‍. ഇന്നലെ അര്‍ധരാത്രി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. വില വര്‍ധന നടപ്പിലാക്കാന്‍ എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ സൂപ്പര്‍ പെട്രോളിന് ഒരു റിയാലും പ്രീമിയത്തിന് 0.85 റിയാലുമായിരുന്നു നിരക്ക്.
വര്‍ധിപ്പിച്ച നിരക്ക് ഇന്നു പുലര്‍ച്ചെ നിലവില്‍ വന്നതായി വഖൂദ് പെട്രോളിയം ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ എന്‍ജിനീയര്‍ ഇബ്രാഹിം ജുഹാം അല്‍ കുവാരി അറിയിച്ചു. ജനുവരി 15 പുലര്‍ച്ചെ 12 മുതല്‍ പുതുക്കിയ നിരക്ക് ഏര്‍പ്പെടുത്തിയതായി വഖൂദ് പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇന്നലെ രാത്രി നോട്ടീസ് പതിച്ചു. വുഖൂദ് സി ഇ ഒയുടെ അറബിയിലുള്ള അറിയിപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എണ്ണ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി എല്ലാ വാണിജ്യ പെട്രോള്‍ സ്റ്റേഷന്‍ മാനേജര്‍മാരെയും അറിയിച്ചതായും നോട്ടീസില്‍ പറയുന്നു. പെട്രോള്‍ പമ്പുകളിലൂടെയാണ് വില വര്‍ധന പ്രസിദ്ധപ്പെടുത്തിയത്. മറ്റു സര്‍ക്കാര്‍ അറിയിപ്പുകള്‍ വന്നിട്ടില്ല. പാചകവാതകമുള്‍പ്പെടെയുള്ള മറ്റു ഇന്ധനങ്ങളുടെ വില സംബന്ധിച്ച് സര്‍ക്കാര്‍ അറിയിപ്പു പ്രതീക്ഷിക്കുകയാണെന്ന് ഖത്വര്‍ മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.

Latest