Connect with us

Gulf

കഴിഞ്ഞ വര്‍ഷത്തെ വിലക്കയറ്റം വീട്ടുവാടക, വിദ്യാഭ്യാസ ചെലവുകള്‍ വര്‍ധിച്ചതിനാല്‍

Published

|

Last Updated

ദോഹ: വിദ്യാഭ്യാസം, വീട്ടുവാടക, ഗതാഗതം, ഫോണ്‍ തുടങ്ങിയവയുടെ ചെലവ് വര്‍ധിച്ചതിനാലാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 2.7 ശതമാനം വിലക്കയറ്റം ഉണ്ടായതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസച്ചെലവ് 18 ശതമാനം അധികമായി. കുട്ടികള്‍ പഠിക്കാന്‍ പോകുന്ന നിയന്ത്രിത വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇത് ഭാരമായിരുന്നു.
വീട്ടുവാടക കഴിഞ്ഞ വര്‍ഷം 3.4 ശതമാനം വര്‍ധിച്ചു. പാചകവാതകം, വൈദ്യുതി, വെള്ളം ഉള്‍പ്പെടെയാണ് ഉപഭോക്തൃ വില സൂചിക (സി പി ഐ)യില്‍ വീട്ടുവാടക കണക്കാക്കുന്നത്. ഉപഭോക്തൃ വില സൂചികയില്‍ 21.89 ശതമാനമാണ് വീട്ടുവാടകയുടെ പങ്ക്. ഒരു മാസം ഒരു വീട്ടില്‍ പതിനായിരം ഖത്വര്‍ റിയാല്‍ ചെലവാകുന്നുണ്ടെങ്കില്‍ പാചകവാതകം, വൈദ്യുതി, വെള്ളം ഉള്‍പ്പെടുന്ന വീട്ടുവാടക ശരാശരി 2189 റിയാലാണ്. ഫോണ്‍, ഗതാഗതം എന്നിവയുടെത് യഥാക്രമം 3.2ഉം 3.1ഉം ശതമാനമാണ്. ഭക്ഷണം, പാനീയം തുടങ്ങിയവയുടെ ചെലവ് വെറും 0.7 ശതമാനം മാത്രമാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കല്‍, ചികിത്സ, വസ്ത്രം, ചെരുപ്പ് തുടങ്ങിയവയുടെ ചെലവ് നാമമാത്രമായിരുന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുടുംബങ്ങള്‍ക്കിടയില്‍ വ്യാപകമായതിനാല്‍, ഉപഭോക്തൃ വില സൂചിക പട്ടികയില്‍ 6.08 ശതമാനമാണ് ഇത്. വിദ്യാഭ്യാസത്തേക്കാള്‍ അധികം വരുമെന്നതും ശ്രദ്ധേയമാണ്. ഉപഭോക്തൃ വലി സൂചികയില്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലെ ഭക്ഷണം, വസ്ത്രം, ഫര്‍ണിച്ചര്‍ മുതലായവയുടെ ചെലവ് നാമമാത്രമായിരുന്നു. ഉപഭോക്തൃ വില സൂചികയില്‍ പുകയില ഉത്പന്നങ്ങളുടെ ഓഹരി 0.27 ശതമാനമാണെങ്കിലും ഇവയുടെ ചെലവ് 6.3 ശതമാനമായി ഉയര്‍ന്നു.