Connect with us

Kerala

ലാവ്‌ലിന്‍: പിണറായിക്കെതിരായ സര്‍ക്കാരിന്റെ ഉപഹരജി ഹൈക്കോടതി അനുവദിച്ചു; അന്തിമ വാദം അടുത്ത മാസം

Published

|

Last Updated

കൊച്ചി: എസ്ന്‍സി ലാവ് ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം പി ബി അംഗവുമായ പിണറായി വിജയനെതിരെ സര്‍ക്കാര്‍ നല്‍കിയ ഉപഹരജി ഹൈക്കോടതി അംഗീകരിച്ചു. കേസ് ഫിബ്രവരി മുന്നാം വാരം കോടതി പരിഗണിക്കും.
എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം സിബിഐ തള്ളി. കേസ് തിടുക്കപ്പെട്ട് പരിഗണിക്കേണ്ടതില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്റ്റിസ് പി. ഉബൈദാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിന് ഉപഹര്‍ജി നല്‍കാന്‍ നിയമപരമായി അവകാശമില്ലെന്ന് പിണറായിയുടെ അഭിഭാഷകന്‍ പറഞ്ഞു. ലാവ്‌ലിന്‍ വഴി സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും പിണറായിയുടെ അഭിഭാഷകന്‍ വാദിച്ചു.

സര്‍ക്കാറിനും വൈദ്യുത ബോര്‍ഡിനും വന്‍ തുക നഷ്ടം വന്ന കേസാണെന്നും വാദത്തിന് കാലത്താമസം ഉണ്ടായാല്‍ സര്‍ക്കാരിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി പരിഗണിക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. കോടതിയെ സൗകര്യം പരിഗണിച്ച് ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാക്കിയാല്‍ മതിയെന്ന നിലപാടില്‍ ആയിരുന്നു സിബിഐ തുടര്‍ന്ന് ഫിബ്രവരി മൂന്നാം വാരം കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലിയാണ് സര്‍ക്കാരിനുവേണ്ടി ഹരജി സമര്‍പ്പിച്ചത്.