ഓള്‍ട്ടോയിലും ഇനി മുതല്‍ എയര്‍ ബാഗ്

Posted on: January 15, 2016 1:28 pm | Last updated: January 15, 2016 at 1:28 pm

ALTO K10ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയിലെ രാജാവ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ ഓള്‍ട്ടോയില്‍ എയര്‍ ബാഗ് ലഭ്യമാക്കുന്നു. ഇനി മുതല്‍ ‘ഓള്‍ട്ടോ 800’, ‘ഓള്‍ട്ടോ കെ 10’ എന്നിവയുടെ എല്ലാ വകഭേദങ്ങളിലും ഓപ്ഷനല്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍ സൈഡ് എയര്‍ ബാഗ് ലഭ്യമാവുമെന്നു കമ്പനി അറിയിച്ചു. മാരുതിയുടെ ഏറ്റവും വില്പനയുള്ള ചെറുകാറാണ് ഓള്‍ട്ടോ.

ഓള്‍ട്ടോയുടെ അടിസ്ഥാന വകഭേദത്തില്‍ പോലും എയര്‍ ബാഗ് ലഭ്യമാവുന്നത് ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരുമെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍ എസ് കാല്‍സി പറഞ്ഞു. സര്‍ക്കാരിന്റെ നിയമപരമായ നിബന്ധനകള്‍ നിലവില്‍ വരുന്നതിനു മുന്‍പു അടിസ്ഥാന വകഭേദത്തിലടക്കം മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാനാണു കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ട്ടോയുടെ വിവിധ വകഭേദങ്ങള്‍ ചേര്‍ന്നു ഇതുവരെ മൊത്തം 29 ലക്ഷം യൂണിറ്റിന്റെ വില്‍പ്പന കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.

സലേറിയൊ,ബലേനോ, എസ് ക്രോസ്സ്, സ്വിഫ്റ്റ് ഡിസയര്‍, വാഗണ്‍ ആര്‍ എന്നീ മോഡലുകളുടെ അടിസ്ഥാന വകഭേദങ്ങളിലും എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞ മാസം മാരുതി സുസുക്കി തീരുമാനിച്ചിരുന്നു.