ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനവുമായി ജില്ലാ ഭരണകൂടം

Posted on: January 15, 2016 10:57 am | Last updated: January 15, 2016 at 10:57 am
SHARE

കല്‍പ്പറ്റ: പരമ്പരാഗത രീതിയിലുള്ള പേപ്പര്‍ അധിഷ്ഠിത പരീക്ഷയില്‍ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടര്‍ മുഖേന ഒബ്ജക്ടീവ് മാതൃകയില്‍ പരീക്ഷ നടത്തിയാണ് വയനാട് കലക്ടറേറ്റില്‍ നടന്ന ‘ഇ ഓഫീസ് സപ്പോര്ട്ട് എന്‍ജിനീയര്‍’ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തത്. വയനാട്ടില്‍ സര്‍ക്കാര്‍ വകുപ്പ് തലത്തില്‍ ആദ്യമായി നടത്തിയ പരീക്ഷാ സംവിധാനം ഉദ്യോഗാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ഐ ടി മിഷന്‍ മുഖേന നടപ്പാക്കുന്ന ഇ-ഓഫീസ് പ്രോജക്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുളള തെരഞ്ഞെടുപ്പ് രീതി നടപ്പാക്കിയത്. ഒരോ ഉദ്യോഗാര്‍ത്ഥിക്കും പ്രസ്തുത സോഫ്റ്റ്‌വെയറില്‍ സ്വന്തമായി രജിസ്റ്റര്‍ ചെയ്തു അവരവരുടെ യൂസര്‍ നെയിം മുഖേന മത്സര പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. ഇന്റര്‍വ്യൂ ബോര്‍ഡ് നിശ്ചയിക്കുന്ന സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാവുന്നതും അപ്പോള്‍ തന്നെ ഉദ്യോഗാര്‍ഥിഉകള്‍ക്ക് പരീക്ഷാ ഫലം അറിയാവുന്നതുമാണ്. പരീക്ഷാ ഫലം കണ്ടതിനു ശേഷം ഒരോ ചോദ്യവും വിശകലനം ചെയ്യാവുന്നതാണ്. ഒരോ ചോദ്യത്തിന്റെയും രേഖപ്പെടുത്തിയ ഉത്തരവും ശരിയായ ഉത്തരവും ഉദ്യോഗാര്‍ഥിക്ക് കാണാവുന്നതാണ്. തത്സമയം തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിന് ഒരോ ഉദ്യോഗാര്‍ത്ഥിയുടെയും മാര്‍ക്കുകള്‍ അറിയാവുന്നതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാവുന്നതുമാണ്.
കലക്ടറേറ്റിലെ സെക്ഷനുകളില്‍ ഉള്ള കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് മത്സര പരീക്ഷ നടത്തിയത്. പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടെ നാഷണല്‍ ഇന്‍ഫോലര്‍മാറ്റിക്ക് സെന്റര്‍ ആണ് സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്. ഓപ്പണ്‍ സോഴ്‌സ് ലേണിംഗ് സോഫ്റ്റ്‌വെയര്‍ ആയ ‘മൂഡില്‍’ ഫ്രെയിം വര്‍ക്കില്‍ ആണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.
ഈ സംവിധാനം ഉപയോഗിച്ച് ജീവനക്കാര്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ പരിശീലനം നല്‍കുവാനും പ്രസ്തുത വിഷയങ്ങളില്‍ ഉള്ള അവഗാഹം അളക്കുവാനും തയ്യാറെടുക്കൂകയാണ് ജില്ലാ ഭരണകൂടം. ഒരോ ജീവനക്കാര്‍ക്കും അവരുടെ സീറ്റില്‍ ഉള്ള കമ്പ്യൂട്ടര്‍ മുഖേന നിയമാവലികള്‍, ഓഫീസ് നടപടി ക്രമങ്ങള്‍, വകുപ്പ് മാനുവലുകള്‍ മുതലായവ പഠിക്കാവുന്നതും തങ്ങളുടെ അവഗാഹ ശേഷി അറിയാവുന്നതുമാണ്.
പ്രസ്തുത സോഫ്റ്റ് വെയര്‍ മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഭിരുചി പരീക്ഷകള്‍, ക്വിസ് മത്സരങ്ങള്‍, തുടര്‍മൂല്യ നിര്‍ണയങ്ങള്‍ തുടങ്ങിയവ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബില്‍ വെച്ച് തന്നെ നടത്താവുന്നതും അതിവേഗം ഫലം അറിയാവുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here