Connect with us

Wayanad

കിടപ്പുദീനക്കാരില്‍ പോരാട്ടവീര്യം പകരാന്‍ 'കൈത്താങ്ങ് 'പദ്ധതിയുമായി പനമരം സി എച്ച് സി

Published

|

Last Updated

കല്‍പ്പറ്റ: പനമരം സാമൂഹികാരോഗ്യകേന്ദ്രം(സി എച്ച് സി) ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ച “കൈത്താങ്ങ്” പദ്ധതി കിടപ്പുദീനക്കാരിലേക്ക് പകരുന്നത് പോരാട്ടവീര്യം.പദ്ധതിയുടെ ഭാഗമായി സി എച്ച്‌സി പോയവര്‍ഷം സംഘടിപ്പിച്ച ദ്വിദിന തൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്ത കിടപ്പുരോഗികളില്‍ വിരിഞ്ഞത് പ്രതീക്ഷയുടെ കുസുമങ്ങള്‍. വീടിനും സമൂഹത്തിനും ബാധ്യതയായെന്ന ഖിന്നതയില്‍ ജീവിതം മടുത്തവര്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയത് ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തോടെ. പരിശീലന പരിപാടിയില്‍ കിടപ്പുദീനക്കാര്‍ക്കൊപ്പം പങ്കെടുത്ത സഹായികള്‍ക്കും ഉച്ചവെയിലില്‍ മന്ദമാരുതന്റെ തലോടലേറ്റ അനുഭവം.

സോപ്പുപൊടി, ഫെനോയില്‍, ലിക്വിഡ് ഹാന്‍ഡ്‌വാഷ് എന്നിവയുടെ നിര്‍മാണത്തിലായിരുന്നു കിടപ്പുരോഗികള്‍ക്കും സഹായികള്‍ക്കും പരിശീലനം. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളില്‍നിന്നായി 25 കിടപ്പുദീനക്കാരും സഹായികളുമാണ് പരിശീലത്തിനെത്തിയത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉല്‍പന്ന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നീക്കത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്.
ടെന്‍ഡര്‍ നടപടികളടക്കം പുരോഗതിയിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ പറഞ്ഞു. കിടപ്പുരോഗികളും സഹായികളും നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ആരോഗ്യവകുപ്പിനു കീഴിലുള്ളതടക്കം സ്ഥാപനങ്ങളിലൂടെ വിപണി ഉറപ്പുവരുത്തുന്നതിനുള്ള പ്രയത്‌നത്തിലാണ് സാമൂഹികാരോഗ്യത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡോ.ദാഹിര്‍ മുഹമ്മദും മെഡിക്കല്‍ ഓഫീസര്‍ വി ആര്‍ ഷീജയും. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അര്‍ബുദബാധിതര്‍, പക്ഷാഘാതം പിടിപെട്ടവര്‍, അപകടങ്ങളില്‍പ്പെട്ടും മറ്റും അര്ക്കുതാഴെ തളര്‍ന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ധ പരിചരണം ആവശ്യമുള്ള 110 കിടപ്പുരോഗികളുണ്ട്. ഇവരില്‍നിന്നു പഞ്ചായത്തുതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളിലെ കമ്മ്യൂണിറ്റി നഴ്‌സുമാര്‍ റഫര്‍ ചെയ്തവര്‍ക്കാണ് തൊഴില്‍ പരിശീലനം ലഭ്യമാക്കിയതെന്ന് സമൂഹികാരോഗ്യകേന്ദ്രത്തില്‍ സെക്കന്‍ഡറി ലെവല്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള നഴ്‌സ് ജൂലി മാത്യു പറഞ്ഞു. സെക്കന്‍ഡറി ലെവല്‍ പാലിയേറ്റീവ് കെയറിന്റെ ഭാഗമായാണ് സി എച്ച് സി സാരഥികള്‍ തൊഴില്‍ പരിശീലനം ആസൂത്രണം ചെയ്തത്. ഇതിനു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പച്ചക്കൊടി കാട്ടുകയായിരുന്നു.
സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെയും കീഴില്‍ “സാന്ത്വനം” പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡ്രൈവര്‍മാരും വ്യാപാരികളും വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അടങ്ങുന്നതാണ് പഞ്ചായത്തുതല സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകള്‍. പനമരത്തുമാത്രം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പില്‍ 25 പേരുണ്ട്. ഇതില്‍ നാലുപേര്‍ സ്ത്രീകളാണ്. പച്ചക്കറിച്ചവടക്കാരന്‍ സി എച്ച് അഷ്‌റഫാണ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് പ്രസിഡന്റ്. സെക്രട്ടറി ഓട്ടോ ഡ്രൈവര്‍ അക്ബര്‍ അലിയും. ജീവിക്കാനുള്ള പെടാപ്പാടിനിടയിലാണ് കിടപ്പുദീനക്കാര്‍ക്കായി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നത് പുണ്യകര്‍മമായാണ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് കാണുന്നതെന്ന് അഷ്‌റഫും അക്ബര്‍ അലിയും പറഞ്ഞു.
സാമൂഹികാരോഗ്യകേന്ദ്രം ആസ്ഥാനമായി സാന്ത്വനം പാലിയേറ്റീവ് ട്രസ്റ്റ് രൂപീകരിക്കാന്‍ ആലോചനയുണ്ടെന്ന് ഡോ.ദാഹിര്‍ മുഹമ്മദ് വെളിപ്പെടുത്തി. ട്രസ്റ്റിനു കീഴില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാനാണ് പദ്ധതി. ഒരു കോടി രൂപയാണ് ഡയാലിസിസ് യൂനിറ്റിന് കണക്കാക്കുന്ന ചെലവ്. ഇതില്‍ 20 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് മുഖേനയും ബാക്കി തുക മറ്റു മാര്‍ഗങ്ങളിലൂടെ സമാഹരിക്കാനാണ് നീക്കം.
അര്‍ബുദ, വൃക്ക രോഗികളുടെ എണ്ണം വയനാട്ടില്‍ വര്‍ധിക്കുകയാണ്.
വയനാട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറില്‍(ഡബ്ല്യൂ ഐ പി) 2015 ഡിസംബര്‍ 30വരെ 820 കാന്‍സര്‍ രോഗികളും 217 വൃക്കരോഗികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ നിര്‍ണയത്തിനും വിദഗ്ധചികിത്സ്‌ക്കും ജില്ലയിലെവിടെയും സംവിധാനമില്ല. നാമമാത്രമാണ് ജില്ലയില്‍ ഡയാലിസിസ് സൗകര്യവും.

Latest