Connect with us

Malappuram

ജനരക്ഷാ യാത്രയില്‍ നേതാക്കള്‍ക്കെതിരെ സുധീരന്റെ പരാമര്‍ശം;കോണ്‍ഗ്രസില്‍ അസ്വാരസ്യം രൂക്ഷമാകുന്നു

Published

|

Last Updated

തിരൂരങ്ങാടി: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിച്ച ജനരക്ഷാ യാത്രക്ക് കൊളപ്പുറത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സുധീരന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുന്നു. വേങ്ങര നിയോജക മണ്ഡലത്തിലെ സ്വീകരണമായിരുന്നു കൊളപ്പുറത്ത് നടന്നത്.
വേങ്ങര പഞ്ചായത്തിലെ പാര്‍ട്ടി നേതാക്കളെ ഇരുത്തിയാണ് സുധീരന്‍ അവര്‍ക്കെതിരെ കഠിനമായ ശകാര വര്‍ഷങ്ങള്‍ നടത്തിയത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വേങ്ങര പഞ്ചായത്തില്‍ കോണ്‍ഗ്രസ് സി പി എം സാമ്പാര്‍ മുന്നണിയായിട്ടായിരുന്നു മത്സരിച്ചിരുന്നത്. ഇതേ കുറിച്ചാണ് സുധീരന്‍ വികാര ഭരിതനായി സംസാരിച്ചത്. വേദിയില്‍ ഉണ്ടായിരുന്ന മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന സഫീര്‍ ബാബുവിനെ നേതാക്കള്‍ ഇടപെട്ട് സ്റ്റേജില്‍ നിന്ന് ഇറക്കിയിരുന്നു. പിന്നീട് ജാഥാ ക്യാപ്റ്റന്‍ സുധീരന്‍ സ്റ്റേജില്‍ ഉണ്ടായിരുന്ന കെ പി സിസി മെമ്പര്‍ പി എ ചെറീതിനേയും സഫീര്‍ ബാബുവിനേയും പേരെടുത്ത് തന്നെ പറയുകയായിരുന്നു. നിങ്ങളെ ഞാന്‍ നേരില്‍ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു. സിപിഎമ്മുമായി കൂട്ടുകൂടിയിട്ടുള്ള സാമ്പാര്‍ കൂട്ടുകെട്ട് അവസാനിപ്പിച്ചെ മതിയാവു. പാര്‍ട്ടിയെ അനുസരിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഉണ്ടാവുകയില്ല. എന്നിങ്ങനെ ശക്തമായ ഭാഷയിലുള്ള താക്കീതാണ് സുധീരന്‍ നല്‍കിയത്. പൊതു വേദിയില്‍ കെ പി സി സി പ്രസിഡന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം രൂക്ഷമായിട്ടുണ്ട്.
പ്രദേശത്തെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കാതെയാണ് സുധീരന്‍ ഇങ്ങനെ പറഞ്ഞിട്ടുള്ളതെന്ന് ഈ വിഭാഗം പറയുന്നു. മുസ്‌ലിം ലീഗുമായി അവസാന വട്ടം വരെ ഐക്യത്തിന് ശ്രമം നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് വേങ്ങരയില്‍ ഈ നിലപാടെടുത്തതെന്ന് ഇവര്‍ പറയുന്നു. നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകറ്റാനെ കാരണമാവുകയുള്ളൂ എന്നും ഇവര്‍ പറയുന്നു. അതേസമയം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയരായ മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ലീഗ് സംസ്ഥാന നേതാക്കള്‍ ശ്രമം നടത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ ഈ നിലപാട്. ചേലേമ്പ്ര തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ നടപടിക്ക് വിധേയരായ പല നേതാക്കളേയും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

Latest