Connect with us

Kerala

പിണറായിക്കെതിരായ സര്‍ക്കാരിന്റെ ഉപഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം

Published

|

Last Updated

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ല, തെളിവുകള്‍ പലതും കോടതി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കേസില്‍ ഉപ ഹരജി നല്‍കിയത്. അതേസമയം പിണറായി വിജയന്‍ നയിക്കുന്ന സിപിഐഎമ്മിന്റെ നവകേരള മാര്‍ച്ചിന് ഇന്ന് കാസര്‍കോട് തുടക്കമാകും. ഉപ്പളയില്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പി ബി അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണ്‍ തുടങ്ങിയവരും പങ്കെടുക്കും.

നവകേരള മാര്‍ച്ച് ആരംഭിക്കുന്ന ദിവസം തന്നെ പിണറായിക്കെതിരായ സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുന്നതിനാല്‍ ഇടതുപക്ഷത്തിന് ഏറെ നിര്‍ണായകമാണ് ഹൈക്കോടതിയുടെ നിലപാട്. സര്‍ക്കാറിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലിയാണ് ഉപഹരജി നല്‍കിയത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. റിവിഷന്‍ ഹരജിയില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാറിനുണ്ടായ സാമ്പത്തിക നഷ്ടം കോടതിയില്‍ ഉന്നയിക്കും. പിണറായിയെ വെറുതെ വിട്ടതിനെതിരെ നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. നേരത്തെ ഈ കേസില്‍ സി ബി ഐ അന്വേഷണം ഉള്‍പ്പെടെയുള്ളവ നേരിട്ടിരുന്നു. പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട ലാവ്‌ലിന്‍ കരാറില്‍ സര്‍ക്കാറിന് 86.25 കോടിയുടെ നഷ്ടം വന്നുവെന്നായിരുന്നു സി ബി ഐ കേസ്. ഇടപാടില്‍ പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍, ഈ ഗൂഢാലോചന തെളിയിക്കാന്‍ സി ബി ഐക്കു കഴിഞ്ഞില്ലെന്ന് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2009 ജനുവരിയിലാണ് പിണറായി വിജയന് പുറമെ മുന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, ചീഫ് അക്കൗണ്ട്‌സ് ഓഫീസറായിരുന്ന കെ ജി രാജശേഖരന്‍ നായര്‍ എന്നിവരെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിത്.

ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും കെ എസ് ഇ ബിക്കും വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി സര്‍ക്കാറിന്റെ ഹരജിയില്‍ പറയുന്നു. വെറും ഇടനിലക്കാര്‍ മാത്രമായ ലാവ്‌ലിന്‍ കമ്പനിക്ക് മൂന്ന് ഇരട്ടി വരെ വര്‍ധിച്ച തുകക്കാണ് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് കരാര്‍ നല്‍കിയത്. ഇതിലൂടെ 266.25 കോടിയുടെ നഷ്ടമാണ് സര്‍ക്കാറിന് ഉണ്ടായത്. ജല വൈദ്യുത പദ്ധതിയുടെ നവീകരണ കരാര്‍ ലാവ്‌ലിന്‍ കമ്പനിയെ ഏല്‍പ്പിച്ചതിലൂടെ സര്‍ക്കാറിന് നഷ്ടമുണ്ടായെന്ന സി എ ജി റിപ്പോര്‍ട്ടിലൂടെയാണ് അഴിമതി പുറത്തുവന്നത്.
കരാര്‍ പ്രാബല്യത്തിലാക്കാന്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും മറ്റു പ്രതികളും ഗൂഢാലോചന നടത്തി സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കുകയാണ് ചെയ്തതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

“മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം” എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 14 നാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് മാര്‍ച്ച് സമാപിക്കുക.

സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സംസ്ഥാനകമ്മിറ്റി അംഗം പി കെ സൈനബ, ഡോ. കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍.

Latest