സ്ത്രീകളും ശബരിമലയും

Posted on: January 15, 2016 6:00 am | Last updated: January 14, 2016 at 11:42 pm
SHARE

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഹിന്ദു ആരാധനാലയ പ്രവേശം സംബന്ധിച്ച 1965ലെ നിയമം ചോദ്യം ചെയ്തു യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശം അനുവദിച്ചുകൂടേ എന്നും ഭരണഘടനക്ക് അനുസൃതമായല്ലാതെ അവര്‍ക്കെങ്ങനെയാണ് വിലക്കേര്‍പ്പെടുത്തുകയെന്നും കോടതി ചോദിക്കുന്നു. ക്ഷേത്രം പൊതുസ്ഥാപനമാണ്. ഇവിടങ്ങളില്‍ മതാടിസ്ഥാനത്തില്‍ നിയന്ത്രണമാകാമെങ്കിലും ജാതിയുടെയും ലിംഗത്തിന്റേയും പേരില്‍ നിരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി നിരീക്ഷിച്ചു. ഈ നിയമത്തിലെ ചട്ടം 3 ബി അടിസ്ഥാനമാക്കി 10നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് 1991ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ പക്ഷം.
സുപ്രീം കോടതിയുടെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വരികയുണ്ടായി. മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നതിനെ സുപീം കോടതി പറഞ്ഞാലും അനുകൂലിക്കാനാകില്ലെന്നുമാണ് സുഗതകുമാരിയുടെ പ്രതികരണം. ദേവസ്വംമന്ത്രി വി എസ് ശിവകുമാറും യു ഡി എഫ് നേതാക്കളും നിലവിലുള്ള രീതി തുടരുകയാണ് വേണ്ടതെന്ന പക്ഷക്കാരാണ്. എന്നാല്‍ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, എം എ ബേബി, 1986ല്‍ തന്റെ 27-ാം വയസ്സില്‍ ശബരിമലദര്‍ശനം നടത്തിയെന്നവകാശപ്പെട്ട നടി ജയമാല തുടങ്ങിയവര്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന വീക്ഷണക്കാരാണ്. ലിംഗ സമത്വ പ്രശ്‌നമായാണ് ഇവര്‍ വിഷയത്തെ നോക്കിക്കാണുന്നത്. സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം വിലക്കുന്ന വാദങ്ങള്‍ക്ക് മതപരമായി യാതൊരടിത്തറയുമില്ലെന്നും എം ജി എസ് പറയുന്നു.
യുക്തി എന്തായാലും ഇത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. നൂറ്റാണ്ടുകളായി ബാലികമാരോ പ്രായം ചെന്നവരോ അല്ലാത്ത സ്ത്രീകള്‍ അവിടെ പ്രവേശിക്കാറുമില്ല. ഹിന്ദു മതത്തിന്റെ ആചാരങ്ങള്‍ മുറുകെ പിടിക്കുന്നവരും വിശ്വാസിനികളുമായ സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇത്തരമൊരാവശ്യം ഉയര്‍ന്നിട്ടുമില്ല. ദേവഹിതം അനുസരിച്ചാണ് സ്ത്രീ പ്രവേശത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ശബരിമല തന്ത്രി പറയുന്നത്.
സാധാരണ ഗതിയില്‍ മതവിശ്വാസവുമയി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികള്‍ കൈകടത്താറില്ല. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സിവില്‍, ക്രിമിനല്‍ നടപടികളില്‍ ഭരണഘടനാനുസൃതമായുള്ള നിയമപ്രകാരം ഉത്തരവ് പുറപ്പെടുക്കാമെന്നതല്ലാതെ ഒരു സമുദായത്തിന്റെ വിശ്വാസത്തിന്മേല്‍ നിരീക്ഷണം നടത്തുന്നതും വിശ്വാസപരമായ വിധിവിലക്കുകളെ ചോദ്യം ചെയ്യുന്നതും കോടതികളുടെ അധികാര പരിധിയില്‍ പെട്ടതുമല്ല. ദൈവം, മാലാഖമാര്‍, പരലോകം തുടങ്ങി മതപരമായ വിശ്വാസങ്ങളിലൊക്കെ കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ട്. നേരത്തെ ഇടത് സര്‍ക്കാര്‍ നല്‍കിയ സ്ത്രീപ്രവേശത്തിനനുകൂലമായ സത്യവാങ്മൂലത്തിന് പകരം പുതിയ സത്യവാങ്മുലം നല്‍കന്‍ യു ഡി എഫ് സര്‍ക്കാറിനോടാവശ്യപ്പെട്ടതല്ലാതെ ഇവിടെയും ഖണ്ഡിതമായ ഒരു വിധിപ്രഖ്യാപനം സുപ്രീം കോടതി നടത്തിയിട്ടില്ല. എങ്കിലും ഹരജിയുടെ പരിഗണനാ വേളയില്‍ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ലേ എന്ന സന്ദേഹമുയര്‍ത്തുന്നതാണ്. 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശം ഉണ്ടായിരുന്നില്ലെന്ന് എങ്ങനെ പറയാനാകുമെന്നു കോടതി ചോദിക്കുന്നുണ്ട്. വിശ്വാസപരമായ ഒരു കാര്യത്തെ കേവല നിഗമനങ്ങളുടെയും സാധ്യതകളുടെയും യുക്തിയുടെയുമൊക്കെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസി സമൂഹത്തിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിക്കാനിടയാക്കും.
ശബരിമലയില്‍ മാത്രമല്ല, രാജ്യത്തെ മറ്റു പല ആരാധനാലയങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. സുഗതകുമാരി അഭിപ്രായപ്പെട്ടത് പോലെ അതൊന്നും മനുഷ്യാവകാശ പ്രശ്‌നമായി കാണേണ്ടതല്ല. സ്ത്രീകളോടുള്ള വിവേചനമായി ദുര്‍വ്യാഖ്യാനിച്ചു ലിംഗവിവേചന പ്രശ്‌നവുമായി കൂട്ടിക്കുഴക്കേണ്ടതുമില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന പൗരന്മാര്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യം മാനിച്ചു അതാത് മതങ്ങളുടെ പണ്ഡിതന്മാര്‍ക്കും ആചാര്യന്മാര്‍ക്കും വിട്ടുകൊടുക്കുന്നതാണ് ശരിയായ നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയം ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. വിശ്വാസങ്ങള്‍ക്കനുസൃതമായി മാത്രമേ പ്രവേശം അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പരമ്പരാഗത വിശ്വാസപ്രകാരം നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here