Connect with us

Articles

സിക്ക വൈറസ് ബ്രസീലിനെ കടിക്കുമ്പോള്‍

Published

|

Last Updated

ബ്രസീല്‍ സര്‍ക്കാര്‍ അവിടുത്തെ ദമ്പതിമാരോട് കുട്ടികളുണ്ടാകുന്നത് ഒഴിവാക്കാന്‍ 2015 ഡിസംബറില്‍ ആവശ്യപ്പെടുകയുണ്ടായി. കൊതുക് പകര്‍ത്തുന്ന സിക്ക പനി നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് ഇത്. വൈകല്യങ്ങളോടെ ഉണ്ടാകുന്ന കുട്ടികളുടെ നിരക്ക് വര്‍ധിച്ചതിനാലാണ് സര്‍ക്കാറിന് ഈ നിലപാട് എടുക്കേണ്ടിവന്നത്. ലോകാരോഗ്യ സംഘടന സിക്ക പനിയുടെ കാരണം തേടി ബ്രസീലിലെത്തിക്കഴിഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ തല വീര്‍ത്തുവരികയും ജനിക്കുമ്പോള്‍ കുട്ടിയുടെ തല വികൃതമായിരിക്കുകയുമാണ് ഉണ്ടാകുന്നത്. കുട്ടികളുടെ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ തടയാനാകുന്നില്ല. സിക്ക വൈറസ് ബാധ മൂലം രണ്ട് മുതിര്‍ന്നവര്‍ മരിച്ചു. 1248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സിക്ക വൈറസ് ബ്രസീലിലെ 13 സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. റിയോഡി ജനീറോയിലും സാവോപോളോയിലും സിക്ക പനി വ്യാപിച്ചിട്ടുണ്ട്.
തുടക്കത്തില്‍ പ്രശ്‌നമില്ലെന്ന് തോന്നുന്ന പനി മൂര്‍ച്ഛിക്കുകയും രോഗം ഗുരുതരമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് സ്ത്രീകളോട് ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. മഞ്ഞപ്പനി, ഡങ്കിപ്പനി, ജപ്പാന്‍ ജ്വരം, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി എന്ന കൊതുകാണ് സിക്ക രോഗാണുക്കളെയും പരത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് പെരുകുന്ന കൊതുക് നിമിഷ നേരത്തില്‍ രോഗാണുക്കളെയും വഹിച്ച് രോഗമില്ലാത്തവരെ കടിക്കുകയും രോഗം പരത്തുകയും ചെയ്യുന്നു. സിക്ക വൈറസിനെ നേരിടണമെങ്കില്‍ കൊതുകിനെ നശിപ്പിച്ചേ മതിയാകൂ.
ഡങ്കിപ്പനി ഇന്ന് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും വ്യാപകമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ വിയറ്റ്‌നാം, തായ്‌ലന്റ്, കംബോഡിയ എന്നിവിടങ്ങളില്‍ ഡങ്കിപ്പനി വ്യാപകമായതോടെ സിക്ക വൈറസും ലോകമെമ്പാടും വ്യാപിക്കാനുള്ള സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ 2,66,000 ആളുകളില്‍ ഡങ്കി നേരത്തെ ബാധിച്ചിരുന്നു. ഇവിടെ 2015 ന വംബര്‍ മാസം 28ന് മാത്രമാണ് സിക്ക വൈറല്‍ പനി ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ബ്രസീലിന്റെ തെക്കെ അറ്റത്തുള്ള റിയോഡി ജനീറോയില്‍ രോഗം പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. സിക്ക പനി ബാധിച്ച സ്ത്രീകള്‍ പ്രസവിച്ച കുട്ടികള്‍ക്ക് 32 സെന്റിമീറ്റര്‍ മാത്രമാണ് തല വളര്‍ന്നിരിക്കുന്നത്.
1947ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലാണ് സിക്ക വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സാവോ പോളോയിലെ ഒരു സ്ത്രീയില്‍ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് വെറും പനിയാണെന്നാണ് കരുതിയത്. ഏതാനും നാളുകള്‍ കൊണ്ട് രോഗം മാറി. എന്നാല്‍ അവര്‍ക്കുണ്ടായ ആണ്‍ കുഞ്ഞിന്റെ തല വളരെ ചെറുതായിരുന്നു. കുട്ടിയുടെ തലയുടെ ചുറ്റളവ് വെറും 33 സെന്റീമീറ്റര്‍ മാത്രം. ഒന്നര വയസ്സായ കുട്ടിയുടെ തലച്ചോറ് ഇനിയും വികസിച്ചിട്ടില്ല. വളര്‍ച്ച മുരടിച്ച തലയുമായി, നാഡീ വ്യവസ്ഥയുടെ തകരാറുമായി ഇന്നും കുഞ്ഞ് ജീവിച്ചിരിക്കുന്നു. 2015ല്‍ മാത്രം 1248 ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാറ എന്ന സ്ഥലത്ത് സിക്ക വൈറസ് പനി ബാധിച്ച 16 വയസ്സുകാരി പണ്‍കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. ഇതിനിടെ കൊളംബിയയില്‍ ഒമ്പത് കേസുകള്‍ സ്ഥരീകരിച്ചു. കൊതുക് കടിച്ചതിന് ശേഷം 8-9 ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് പനി പ്രത്യക്ഷപ്പെടാറുള്ളത്. ബ്രസീലില്‍ 2400 കുട്ടികളെ സിക്ക വൈറസ് രോഗം ഇതിനകം ബാധിച്ചു കഴിഞ്ഞതായി പുതിയ പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്ത്രീകളോട് ഗര്‍ഭം ധരിക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിക്ക വൈറസുകള്‍ കുരങ്ങന്മാരില്‍ നിന്ന് കൊതുക് വഴിയാണ് മനുഷ്യനില്‍ എത്തിയിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.
ബ്രസീലില്‍ മാത്രം 29 കുട്ടികള്‍ സിക്ക രോഗം മൂലം മരണമടഞ്ഞു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെയാണ് സിക്ക വൈറസ് വ്യാപകമാകുന്നതെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. ഒരുപക്ഷേ, ഡങ്കിപനി, ചിക്കന്‍ ഗുനിയ, ജപ്പാന്‍ ജ്വരം എന്നീ പനികള്‍ വന്ന സ്ഥലങ്ങളില്‍ ഈഡിസ് ഈജിപ്തി എന്ന കൊതുകുകള്‍ സുലഭമായതിനാല്‍ സിക്ക വൈറസ് പനിയും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഡൈ ഈതൈല്‍ ടൊളു അമൈഡ് എന്ന കൊതുകിനെ അകറ്റുന്ന രാസപദാര്‍ഥം തൊലിയില്‍ പുരട്ടുന്നത് കൊതുകുകടി ഒഴിവാക്കാന്‍ നല്ലതാണ്. കൊതുകു നാശിനി ഉപയോഗവും പ്രതിവിധിയായി നിര്‍ദേശിച്ചിട്ടുണ്ട്. ശരീരം പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങളും തൊപ്പിയും ഷൂവും ധരിക്കുന്നത് സന്ധ്യാ സമയങ്ങളിലെ കൊതുക് കടിയകറ്റാന്‍ പര്യാപ്തമാണ്. ഉറങ്ങുന്നത് കൊതുകുവല കെട്ടിയാകണം. ഈഡിസ് ഈജിപ്തി എന്ന കൊതുകിന് പുറമെ ഈഡിസ് ആല്‍ബോ പിക്റ്റസ് എന്ന ഇനം സിക്ക വൈറസ് പരത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നതാണ് രോഗം പ്രതിരോധത്തെക്കാള്‍ സഹായകരം. നാട്ടില്‍ കുന്നുകൂടുന്ന മാലിന്യങ്ങളും കൊതുക് മുട്ടയിടാനുള്ള സാഹചര്യവും ഒഴിവാക്കിയാല്‍ മാത്രമേ സിക്ക വൈറസില്‍ നിന്ന് രക്ഷയുള്ളൂ.

---- facebook comment plugin here -----

Latest