Connect with us

National

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ കാലാവധി പൂര്‍ത്തിയാകുന്ന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടടുപ്പ് ഏപ്രില്‍ അവസാന വാരം മുതല്‍ നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക. കേന്ദ്ര സേനയെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്മീഷന്‍ അന്തിമതീരുമാനമെടുക്കാനാണ് കമ്മീഷന്‍ ഉദ്യേഗസ്ഥര്‍ നേരിട്ട് പരിശോധനക്കെത്തുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മിഷന്‍ ആലോചിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ച് പശ്ചിമ ബംഗാളില്‍ മൂന്നിലധികം ഘട്ടങ്ങളിലായായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തുന്ന കമ്മീഷന്‍ അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് കൂടി കേട്ട ശേഷമാകും ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനങ്ങളുടെ സൗകര്യങ്ങളും പരിഗണിച്ചായിരിക്കും തീയതി പ്രഖ്യാപിക്കുക. കേരളത്തില്‍ കഴിഞ്ഞ തവണ ഏപ്രില്‍ 13നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവൃത്തികള്‍ നടന്നുവരുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഈ ഘട്ടത്തില്‍ തിരഞ്ഞെെഞ്ഞടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് കമ്മിഷന്റെ നിലപാട്. സമാന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ സുഗമമായി തിരഞ്ഞെടുപ്പ് നടത്തിയിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

Latest