Connect with us

Kerala

കലോത്സവാരവത്തില്‍ അനന്തപുരി; ആവേശം പകര്‍ന്ന് വിളംബര ഘോഷ യാത്ര

Published

|

Last Updated

തിരുവനന്തപുരം: കലോത്സവം തുടങ്ങും മുമ്പെ തിരുവനന്തപുരം നഗരത്തില്‍ ആരവം ഉയര്‍ന്നു. വിളംബര ഘോഷയാത്ര എസ് എം വി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു. അധ്യാപക ഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജോണ്‍സ് വി ജോണിന് നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്തു. വേദികളിലെല്ലാമെത്തി മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി. കലോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ 19ന് രാവിലെ ആരംഭിക്കും. മോഡല്‍ സ്‌കൂളില്‍ രാവിലെ 9.30ന് ഡി പി ഐ. എം എസ് ജയ കലോത്സവത്തിന് പതാക ഉയര്‍ത്തിയ ശേഷം രജിസ്‌ട്രേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സംസ്‌കൃത കോളജില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഡി ജി പി. ടി പി സെന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യും. വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം നടക്കും. കേരളീയ സാംസ്‌കാരികപ്പൊലിമ വിളിച്ചോതുന്ന സ്വാഗതഗാനം 56 അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിക്കും. 56 കുട്ടികള്‍ നൃത്തച്ചുവടുകളുമായി സ്വാഗതഗാനത്തിന് ദൃശ്യാവിഷ്‌കാരം നല്‍കും. പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എന്‍ ശക്തന്‍ നിര്‍വഹിക്കും. മന്ത്രി വി എസ് ശിവകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയെ പൊന്നാട അണിയിക്കും.
വിവിധ ഉപഹാര സമര്‍പ്പണം മന്ത്രിമാരായ പി ജെ ജോസഫ്, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, ഡോ. എം കെ മുനീറും, ഡെപ്യൂട്ടര്‍ സ്പീക്കര്‍ പാലോടെ രവിയും നിര്‍വഹിക്കും. 25ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സുവനീര്‍ പ്രകാശനം ചെയ്യും. മന്ത്രി കെ സി ജോസഫ് സുവനീര്‍ ഏറ്റുവാങ്ങും.
കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ മന്ത്രിമാരായ കെ പി മോഹനനും പി കെ ജയലക്ഷമിയും സ്വര്‍ണക്കപ്പ് വിദ്യാഭ്യാസമന്ത്രിയും സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പതാക കൈമാറ്റം നിര്‍വഹിക്കും. ഡി പി ഐ. എം എസ് ജയ സമാപന സന്ദേശം നല്‍കും.

Latest