അല്‍വാന്‍ റോഡ് വികസനം പൂര്‍ത്തിയായി

Posted on: January 14, 2016 8:59 pm | Last updated: January 14, 2016 at 8:59 pm
SHARE

roadഷാര്‍ജ: കിഴക്കന്‍ മേഖലയായ അല്‍ വാനിലേക്കുള്ള റോഡ് വികസിപ്പിച്ചു. താമസിയാതെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. റോഡ് വികസനത്തോടൊപ്പം പുതിയ സിഗ്‌നലുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഷാര്‍ജ ടി വി സ്റ്റേഷനു സമീപത്താണ് ഇവ സ്ഥാപിച്ചത്. നിലവിലുണ്ടായിരുന്ന റൗണ്ട് അബൗട്ട് പൊളിച്ചുമാറ്റിയാണ് സിഗ്നലും മറ്റും സ്ഥാപിച്ചത്.
വളരെ വീതിയില്‍ ഗതാഗതത്തിനു ഏറെ സൗകര്യപ്രദമായ രീതിയിലാണ് റോഡ് പുനര്‍നിര്‍മിച്ചിട്ടുള്ളത്. നിരവധി വാഹനങ്ങള്‍ക്കു ഒരേ സമയം സഞ്ചരിക്കാന്‍ തക്ക സൗകര്യം പുതിയ റോഡിലുണ്ട്. ഏതാനും മാസം മുമ്പാണ് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. യര്‍മൂക്ക് ഭാഗത്ത് നിന്നാണ് വികസനം തുടങ്ങിയത്. രാപ്പകലില്ലാതെ നിര്‍മാണം നടന്നു. അല്‍വാനിലേക്കുള്ള പ്രധാനപാതയാണിത്. വികസനത്തെത്തുടര്‍ന്ന് ഈ പാതയും ഇതുവഴിയുള്ള ജംഗ്ഷനും അടച്ചിട്ടിരുന്നു. സമീപ പ്രദേശങ്ങളിലൂടെ പുതിയ പാതകള്‍ നിര്‍മിച്ചാണ് ഗതാഗത സൗകര്യം ഒരുക്കിയത്. ദാസ്മാന്‍, അല്‍ ഗുബൈബ, യര്‍മൂക്ക് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് സമാന്തര പാതകള്‍ പണിത് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയത്.
റോള, അജ്മാന്‍, ദുബൈ ഭാഗങ്ങളിലേക്ക് കൂടിയുള്ള ജംഗ്ഷനാണ് ടി വി സ്റ്റേഷനു സമീപത്തുള്ളത്. ഈ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതകൂടിയാണിത്. മയ്യിത്ത് പരിപാലന കേന്ദ്രവും മറ്റും സമീപത്തുണ്ട്. അതുകൊണ്ട് തന്നെ ഈ പാത ജനങ്ങള്‍ക്കു ഏറെ ഉപകാരപ്രദവുമാണ്.
നിലവിലുണ്ടായിരുന്ന റൗണ്ട് എബൗട്ട് വഴിയുള്ള ഗതാഗതം ദുഷ്‌കരമായിരുന്നു. വാഹനങ്ങള്‍ക്കു സുഗമമായി കടന്നുപോകാന്‍ പ്രയാസം നേരിട്ടു. മാത്രമല്ല, പാതകളും ശോചനീയാവസ്ഥയിലായിരുന്നു. മഴവെള്ളം കെട്ടിക്കിടന്ന് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുമുണ്ടായി. അതുകൊണ്ട് തന്നെ ഈ ദുസ്ഥിതിക്കു അറുതിവരുത്തുന്ന രീതിയിലാണ് റോഡ് വികസിപ്പിച്ചിട്ടുള്ളത്. കൂറ്റന്‍ മലിനജല പൈപ്പുകള്‍ സ്ഥാപിച്ച് മഴവെള്ളവും മറ്റും ഒഴുകിപ്പോകുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ ഇതുവഴിയുള്ള വാഹനയാത്ര ഏറെ സുഖകരമാകും. ഒപ്പം ഗതാഗത തടസ്സമില്ലാതെ യാത്രക്കാര്‍ക്കു എളുപ്പം ലക്ഷ്യസ്ഥാനങ്ങളിലെത്താനും സാധിക്കും.
റോഡിന്റെയും റൗണ്ട് എബൗട്ടിന്റെയും ശോചനീയാവസ്ഥ യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ലക്ഷ്യസ്ഥാനങ്ങളില്‍ യഥാസമയം എത്തിച്ചേരാന്‍ കഴിയാത്തത് ഏറെ വിഷമിപ്പിക്കുകയും ചെയ്തു. എന്നാല്‍, വികസനത്തോടെ യാത്രക്കാരുടെ ഇതുവഴിയുള്ള ഗതാഗത പ്രയാസങ്ങള്‍ക്കു അറുതിയാകും. ദ്രുതഗതിയിലാണ് വികസനം പൂര്‍ത്തിയാക്കിയത്. എമിറേറ്റിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുന്തിയ പരിഗണനയാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here