ആളില്ലാ പേടക മത്സരം; അന്തിമ പട്ടികയില്‍ 20 പദ്ധതികള്‍

Posted on: January 14, 2016 8:20 pm | Last updated: January 16, 2016 at 2:01 pm
SHARE
മത്സരത്തിനെത്തിയ പേടകങ്ങളിലൊന്ന്‌
മത്സരത്തിനെത്തിയ പേടകങ്ങളിലൊന്ന്‌

ദുബൈ: ആളില്ലാ പേടക രൂപകല്‍പനാ മത്സരത്തിന്റെ അന്തിമപ്പട്ടികയില്‍ 20 കണ്ടുപിടുത്തങ്ങള്‍. 46.7 ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള മത്സരമാണിത്. യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ് അവാര്‍ഡ് എന്ന പേരിലുള്ള പുരസ്‌കാരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചുവെന്ന് സി ഇ ഒ സൈഫ് അല്‍ അലീലി പറഞ്ഞു. 2014ല്‍ ദുബൈയില്‍ നടന്ന ഭരണകൂട ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ആളില്ലാപേടകങ്ങളുടെ രൂപകല്‍പനക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം 165 രാജ്യങ്ങളില്‍ നിന്ന് 1,017 പദ്ധതികള്‍ സമര്‍പ്പിക്കപ്പെട്ടു. ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെയാണ് അന്തിമമത്സരം. യു എ ഇ, കാനഡ, ആസ്‌ത്രേലിയ, അമേരിക്ക, ബ്രിട്ടന്‍, എത്യോപ്യ, ഗ്രീസ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇത്തവണ മത്സരാര്‍ഥികള്‍ ഉണ്ട്. ഗ്രീസില്‍ നിന്നുള്ള സെന്‍സേലാബ് റിസര്‍ച്ച് ഗ്രൂപ്പിന്റെ സേവ് മീ പദ്ധതിയാണ് ഇതില്‍ ഒന്ന്. മൊബൈല്‍ ഫോണ്‍ ആയി ഈ ആളില്ലാപേടകത്തെ മാറ്റംവരുത്താന്‍ കഴിയും. മൊബൈല്‍ ഫോണ്‍ സേവനമില്ലാത്ത സ്ഥലങ്ങളില്‍ ഇവ എത്തിപ്പെട്ട് വിവരങ്ങള്‍ കൈമാറും.
150 മുതല്‍ 250 വരെ ഡോളറിന് ഈ ആളില്ലാപേടകം ലഭ്യമാക്കാന്‍ കഴിയും. ഈന്തപ്പനകളിലെ ചുകന്ന കീടങ്ങളെ കണ്ടെത്തുന്ന ആളില്ലാപേടകമാണ് അമേരിക്കയിലെ റിസീഷന്‍ ഹോക്ക് എന്ന കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒരു മണിക്കൂറില്‍ 300 ഏക്കറില്‍വരെ ഇവക്ക് പരിശോധന നടത്താന്‍ കഴിയും. അന്ധരായ കായിക താരങ്ങള്‍ക്ക് ഗുണകരമായ ഗെയ്ഡ് ഡ്രോണ്‍, രാത്രികാലങ്ങളില്‍ സുരക്ഷിതമായി പറക്കാന്‍ കഴിയുന്ന വാഗോ ഡ്രോണ്‍ തുടങ്ങിയവയാണ് മറ്റുള്ളവ. വിദ്യാര്‍ഥികളുടെ രൂപകല്‍പനകള്‍ക്ക് പ്രത്യേകം സമ്മാനങ്ങളുണ്ട്. ഫെബ്രുവരി ഏഴിന് മത്സര ഫലം അറിയിക്കുമെന്നും സെയ്ഫ് അല്‍ അലീലി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here