ഇ എന്‍ ടി കോണ്‍ഗ്രസിന് ദുബൈയില്‍ തുടക്കം

Posted on: January 14, 2016 8:18 pm | Last updated: January 14, 2016 at 8:18 pm
SHARE
ദുബൈയില്‍ ആരംഭിച്ച ഇ എന്‍ ടി വിദഗ്ധരുടെ കോണ്‍ഗ്രസില്‍ നിന്ന്‌
ദുബൈയില്‍ ആരംഭിച്ച ഇ എന്‍ ടി വിദഗ്ധരുടെ കോണ്‍ഗ്രസില്‍ നിന്ന്‌

ദുബൈ: ചെവി, തൊണ്ട, മൂക്ക് എന്നിവയുടെ പഠന ശാഖയിലെ വിദഗ്ധരുടെ കോണ്‍ഗ്രസ് ദുബൈയില്‍ ആരംഭിച്ചു. അമേരിക്കന്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
ഇ എന്‍ ടി ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലെ ആശയങ്ങള്‍ പങ്കുവെക്കല്‍ ചര്‍ച്ചകള്‍, തുടര്‍ പഠനം, ശില്‍പശാല തുടങ്ങിയവക്കാണ് ആറാമത് എഡിഷനില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ഏഷ്യ ഫസഫിക്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 1,400 ആരോഗ്യ വിദഗ്ദരാണ് മൂന്നു ദിവസം നീളുന്ന കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നത്.
യു എ ഇ ധനമന്ത്രിയും ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ) ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് ഡി എച്ച് എ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ജനറല്‍ ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖതാമി ഉദ്ഘാടനം ചെയ്തു. ആശയകൈമാറ്റങ്ങള്‍ക്കുള്ള തുറന്ന വേദികള്‍ സംഘടിപ്പിക്കുന്നതില്‍ അതോറിറ്റിക്ക് അതിയായ താല്‍പര്യമുണ്ടെന്നും 2021ല്‍ ലോക ഇ എന്‍ ടി സമ്മേളനത്തില്‍ വേദിയാകാന്‍ ദുബൈ എല്ലാ അര്‍ഥത്തിലും സജ്ജമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇ എന്‍ ടി മേഖലയിലെ ആഗോള പ്രശസ്തരായ 250 പേര്‍ 50 വ്യത്യസ്ത വിഷയങ്ങളില്‍ പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. ഈ രംഗത്തെ നവകണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനും തല്‍സമയ ശസ്ത്രക്രിയയും കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here