Connect with us

Gulf

കെട്ടിട നിര്‍മാണത്തിലെ പാകപ്പിഴകള്‍ ദുരന്തങ്ങള്‍ക്ക് കാരണമാകും

Published

|

Last Updated

പുതുവത്സരത്തലേന്ന് ദുബൈ ഡൗണ്‍ടൗണ്‍ അഡ്രസ് ഹോട്ടലില്‍ നടന്ന തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തീ എവിടെ നിന്ന് ഉദ്ഭവിച്ചുവെന്നാണ് സിവില്‍ ഡിഫന്‍സും പോലീസും ഫോറന്‍സിക് വിദഗ്ധരും അന്വേഷിക്കുന്നത്. ഇതിനിടയില്‍, കെട്ടിട നിര്‍മാണത്തിലെ പാകപ്പിഴകള്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നു. കെട്ടിടത്തിന്റെ പുറം മോടിക്ക് ഉപയോഗിക്കുന്ന അലൂമിനിയം കവചം ഗുണനിലവാരമില്ലാത്തതായിരുന്നുവെന്ന് ഒരു പരാതി. എന്നാല്‍, അത്തരമൊരു നിഗമനം ദുബൈ സിവില്‍ ഡിഫന്‍സിന് ഇല്ലെന്നാണ് മേധാവി വ്യക്തമാക്കിയത്. പൊതുവെ ഏതൊരു കെട്ടിടവും ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് സുരക്ഷാ സംവിധാനങ്ങള്‍ അധികൃതര്‍ പരിശോധിക്കാറുണ്ട്. പക്ഷേ, പുറംമോടിക്ക് ഉപയോഗിക്കുന്ന പാനലുകളും മറ്റും അഗ്‌നി പ്രതിരോധ ശക്തിയുള്ളതാണോയെന്ന് കണക്കിലെടുക്കാറില്ല. അഡ്രസ് ഹോട്ടലിലെ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടനിര്‍മാണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് സിവില്‍ ഡിഫന്‍സ് പ്രതിരോധ സുരക്ഷാ വിഭാഗം ലഫ്. കേണല്‍ ജമാല്‍ അഹമ്മദ് ഇബ്‌റാഹീം പറഞ്ഞു.
ദുബൈയിലെ ഓരോ കെട്ടിടങ്ങളിലും പരിശോധന നടത്തി വരികയാണ്. എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കരുതെന്നു നിര്‍ദേശം നല്‍കുന്നുണ്ട്. പല തലങ്ങളിലും ബോധവത്കരണം നടത്തിവരുന്നു. എന്നാലും ജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടെങ്കില്‍ മാത്രമെ, അഗ്നിബാധകള്‍ തടയാന്‍ കഴിയുകയുള്ളൂ. പാചകം ചെയ്യുന്നതിന് മുമ്പ് അതീവ ജാഗ്രത പുലര്‍ത്തുകയെന്നതാണ് പ്രധാനം.
ചിലര്‍ ബാല്‍കണിയില്‍ ബാര്‍ബക്യു ചെയ്യുന്നത് പതിവാണ്. ദേര മുറഖബാദില്‍ നിരവധി അപ്പാര്‍ട്ടുമെന്റുകളുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ചത് തുറസായ സ്ഥലത്ത് ബാര്‍ബക്യു പാചകം ചെയ്തത് കൊണ്ടാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഷാര്‍ജ നഹ്ദയിലും ഇത്തരം സംഭവങ്ങളുണ്ടായി. ഷാര്‍ജ വ്യവസായ കേന്ദ്രങ്ങളില്‍ തീപിടുത്തം സാധാരണമായിട്ടുണ്ട്. സംഭരണ ശാലകളും ഫാക്ടറികളും കത്തിനശിച്ചു. രാസപദാര്‍ഥങ്ങള്‍ മതിയായ സുരക്ഷയോടെ സൂക്ഷിക്കാത്തതാണ് പ്രധാന കാരണം.
കെട്ടിടങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പലരും മെനക്കെടാറില്ല. ഇത്തരം വീഴ്ചകള്‍ വലിയ ദുരന്തങ്ങളില്‍ കലാശിക്കുന്നു. കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഗുണനിലവാരമുള്ളതായിരിക്കണമെന്ന, അധികൃതരുടെ നിര്‍ദേശം പാലിച്ചേ മതിയാകൂ.

Latest