സ്വകാര്യ ബസ്സ് തീവെച്ച് നശിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

Posted on: January 14, 2016 7:36 pm | Last updated: January 14, 2016 at 7:36 pm
SHARE

busപേരാമ്പ്ര: കോഴിക്കോട് കുറ്റിയാടി റൂട്ടില്‍ സര്‍വ്വീസ് നടത്തി വന്ന സ്വകാര്യ ബസ്സ് തീവെച്ച് നശിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വേളം പെരുവയല്‍ സ്വദേശി അബിനാസി (20)യാണ് പേരാമ്പ്ര അഡീഷണല്‍ എസ്.ഐ മാരായ പി.കെ. ശശിധരന്‍, എം. വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മേയ് ഒമ്പതിന് സംസ്ഥാന പാതയില്‍ കടിയങ്ങാട് മണ്ണെണ്ണ പമ്പിന് സമീപത്ത് വെച്ചാണ് ബസ്സിന് നേരെ അക്രമമുണ്ടായത്. വേളം സ്വദേശികളായ രണ്ട് യുവാക്കള്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് മറിഞ്ഞ് ഇവരിലൊരാള്‍ മരണപ്പെടാനിടയായ സംഭവമാണ് പ്രകോപനത്തിന് കാരണം. ബസ് തട്ടിയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടതെന്ന സംശയത്തെത്തുടര്‍ന്ന് ഒരു സംഘമാളുകള്‍ ബസ്സ് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കേസ്. കണ്ടാലറിയാവുന്ന 25 ഓളം പേരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന അബിനാസ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ പോലീസ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here