ദേശീയ ദിനപരേഡിന്റെ ചിത്രം: മലയാളിക്ക് അമീരിഗാര്‍ഡ് സമ്മാനം

Posted on: January 14, 2016 6:33 pm | Last updated: January 16, 2016 at 2:01 pm
ഫിറോസ് സയിദ്
ഫിറോസ് സയിദ്

ദോഹ: ഖത്വര്‍ ദേശീയ ദിനത്തോടനുബന്ധിച്ചു അമീരി ഗാര്‍ഡ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ മലയാളികള്‍ നേടി. ഈജിപ്ത് സ്വദേശി അഹമ്മദ് അല്‍ എലിമിയ്ക്കാണ് ഒന്നാംസ്ഥാനം (10,000 റിയാല്‍). മലയാളികളായ ഫിറോസ് സയിദ് രണ്ടാംസ്ഥാനവും (7,000 റിയാല്‍), എ കെ ബിജുരാജ് മൂന്നാം സ്ഥാനവും (5,000 റിയാല്‍) നേടി. മറ്റ് ഏഴു പേര്‍ക്ക് ആയിരം റിയാല്‍ വീതമുള്ള പ്രോല്‍സാഹന സമ്മാനവും ലഭിച്ചു. അമീരി ഗാര്‍ഡ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ലഫ്. കേണല്‍ ഹിത്മി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കോര്‍ണിഷില്‍ നടന്ന ദേശീയദിന പരേഡിലും കതാറയില്‍ നടന്ന ദേശീയ ദിനാഘോഷത്തിലും പങ്കെടുത്ത അമീരി ഗാര്‍ഡുമായി ബന്ധപ്പെട്ട ചിത്രങ്ങളാണു

ഫിറോസ് സയിദിന്റെ സമ്മാനാര്‍ഹമായ ചിത്രം
ഫിറോസ് സയിദിന്റെ സമ്മാനാര്‍ഹമായ ചിത്രം

മത്സരത്തിനായി ക്ഷണിച്ചിരുന്നത്. കതാറയില്‍ നടന്ന ആഘോഷ ചിത്രങ്ങളാണ് ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. കോര്‍ണിഷില്‍ നടന്ന ദേശീയദിന പരേഡില്‍ അമീരി ഗാര്‍ഡ് യൂനിഫോമും കളിത്തോക്കുകളുമായി മാര്‍ച്ച് ചെയ്യുന്ന കുട്ടികളുടെ ചിത്രമാണു ഫിറോസിനു രണ്ടാംസ്ഥാനം നേടിക്കൊടുത്തത്.
ഗുരുവായൂര്‍ സ്വദേശിയായ ഫിറോസ് സയിദ് പരിസ്ഥിതി മന്ത്രാലയത്തിലും കണ്ണൂര്‍ സ്വദേശിയായ എ കെ ബിജുരാജ് ദോഹ സ്‌റ്റേഡിയം പ്ലസിലും ഫോട്ടോഗ്രഫര്‍മാരാണ്.