Connect with us

Palakkad

വെള്ളിനേഴിയുടെ സമഗ്ര വികസനത്തിന് തുടക്കമായി

Published

|

Last Updated

ചെര്‍പ്പുളശേരി: കഥകളിയിലെ കല്ലുവഴിച്ചിട്ട പിറന്ന വെള്ളിനേഴി കലാ ഗ്രാമമായതോടെ ബഹുമുഖ വികസനത്തിന് വേഗതമേറി. തൂതപ്പുഴക്ക് കുറുകെ മുറിയംകണ്ണിക്കടവില്‍ പാലം വന്നതോടെ വെള്ളിനേഴിയുടെ സമഗ്രവികസനത്തിന് തുടക്കമായി. വെള്ളിനേഴി കരുമാനാംകുറുശ്ശി റോഡില്‍ തൂതപ്പുഴയിലെ മണ്ണാത്തിക്കടവ്, മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് കാമ്പ്രത്ത് എന്നിവയെ കൂട്ടിയിണക്കും വിധം പുതിയ പാലത്തിന് ഇന്നലെ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് ശിലയിട്ടു. ആറരക്കോടി രൂപ ചിലവിലാണ് മണ്ണാത്തിക്കടവ് പാലം നിര്‍മിക്കുന്നത്.

കലാഗ്രാമത്തിന്റെ സമഗ്രവികസനത്തിനായി തയ്യാറാക്കിയ 85 കോടി രൂപയുടെ പദ്ധതിയില്‍ ആദ്യ ഇനമാണ് സാംസ്‌കാരിക സമുച്ചയ നിര്‍മാണം. മെയ് 19ന് മന്ത്രി എ പി അനില്‍കുമാര്‍ ശിലാസ്ഥാപനം നിര്‍വഹിച്ച രണ്ടുകോടി രൂപയുടെ സാംസ്‌കാരിക സമുച്ചയ നിര്‍മാണം പുരോഗതിയിലാണ്.
6,870 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടുനില സമുച്ചയത്തില്‍ സാംസ്‌കാരിക നിലയം, പഠനകളരി, മണ്‍മറഞ്ഞ കലാകാരന്മാര്‍ക്കുള്ള സ്മാരകങ്ങള്‍, ഉദ്യാനം, ലോബി, പടിപ്പുര എന്നിവയുള്‍പ്പെടും. ഹാബിറ്റാറ്റിനാണ് നിര്‍മാണച്ചുമതല. വെള്ളിനേഴിയില്‍ 80 സെന്റിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

കെ എസ് സലീഖ എം എല്‍ എ ആസ്തി വികസന നിധിയില്‍ നിന്ന് ഒരു കോടിയും ഡി ടി പി സി യുടെ ഒരുകോടിയുംവിനിയോഗിച്ചാണ് സമുച്ചയ നിര്‍മാണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സാംസ്‌കാരിക വകുപ്പ്, കേരള കലാമണ്ഡലം, കേരള സംഗീതനാടക അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി, മലയാള-സംസ്‌കൃത സര്‍വകലാശാലകള്‍ എന്നിവയുടെയെല്ലാം സഹായത്തോടെയാണ് കലാഗ്രാമത്തിന്റെ സാക്ഷാത്കാരം. തിരുവാഴിയോട്, മാങ്ങോട്, താഴത്തെ മാങ്ങോട്, മുറിയംകണ്ണിക്കടവ്, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളില്‍ സ്വാഗത കമാനങ്ങളുയരും. കലാഗ്രാമത്തിന്റെ ഹൃദയ ഭാഗമായ വെള്ളിനേഴി സെന്ററില്‍ കലാഗ്രാമത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഒരു സാംസ്‌കാരിക നിര്‍മിതിയും രൂപരേഖയില്‍ ഉള്‍പ്പെടുന്നുണ്ട്. തൂതപ്പുഴ അതിരിടുന്ന കലാഗ്രാമത്തില്‍ വിനോദസഞ്ചാരികള്‍ക്കായി പുഴയോരത്തുടനീളം നിര്‍മിതികളും വിഭാവനം ചെയ്യുന്നുണ്ട്.

Latest