Connect with us

Wayanad

ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം: പ്രവൃത്തികള്‍ക്ക് ഒച്ചിഴയും വേഗം

Published

|

Last Updated

മാനന്തവാടി: ജില്ലയെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടിക്കായി ടൂറിസം വകുപ്പ് അനുവദിച്ച രണ്ടുകോടിയുടെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തികള്‍ നടക്കുന്നത് ഒച്ചിഴയും വേഗത്തില്‍. രണ്ടുവര്‍ഷം മുമ്പ് ഫണ്ടനുവദിക്കുകയും ഒന്നരവര്‍ഷം മുമ്പ് കരാര്‍ നല്‍കുകയും ചെയ്ത പ്രവര്‍ത്തിയുടെ 30 ശതമാനത്തോളമാണ് ഈ കാലയളവില്‍ പൂര്‍ത്തിയായത്. മാനന്തവാടി ഗവ. ഹൈസ്‌കൂളിന്റെ എതിര്‍വശത്ത് നിന്നും തുടങ്ങി താലൂക്ക് ഓഫീസ് വരെ നീളുന്നതാണ് പ്രവര്‍ത്തികള്‍. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ഇടത്താവളത്തിനും ഉപകരിക്കുംവിധത്തിലായിരുന്നു ഫെസിലിറ്റേഷന്‍ സെന്റര്‍ വിഭാവനം ചെയ്തത്. ഹൈസ്‌കൂള്‍ മുതല്‍ താഴെയങ്ങാടി റോഡുവരെയുള്ള പുഴയോരത്തോട് ചേര്‍ന്ന റോഡിന്റെ ഭാഗം ഇന്റര്‍ലോക്ക് ചെയ്യുകയും ഇവിടെ പുല്‍തകിടിയും, റെയിന്‍ ഷെല്‍ട്ടറും വെച്ചുപിടിപ്പിക്കാനും, എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കാനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ഫണ്ടനുവദിക്കുകയും ചെയ്തത്. ഇരിപ്പിടങ്ങളും കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവിടെ സ്ഥാപിക്കും. മാനന്തവാടി ക്രഷറിയോട് ചേര്‍ന്ന അഞ്ചുസെന്റ് റവന്യൂഭൂമിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം പ്രത്യേകമായി ഫുഡ്‌കോര്‍ട്ടും, ടോയ്‌ലെറ്റുകളും ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഭാഗമായി അനുവദിച്ചിരുന്നു. ഇതിനായി ഭൂമിയളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെ താലൂക്ക് ഓഫീസ് ജംഗ്ഷന്‍ മുതല്‍ താഴെയങ്ങാടി റോഡ് വരെയുള്ള ഭാഗത്ത് ഡ്രൈനേജും എസ്റ്റിമേറ്റിലുള്‍പ്പെടുത്തുകയും, കരാര്‍ നല്‍കുകയും ചെയ്തത്. ടൂറിസം വകുപ്പ്, പൊതുമരാമത്ത് വകുപ്പിനെയാണ് പ്രവര്‍ത്തികള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്‍ഫെ അലംഭാവത്താല്‍ ഡ്രൈനേജ് പ്രവര്‍ത്തി മാത്രമാണ് ഒന്നര വര്‍ഷത്തിനിടെ പൂര്‍ത്തിയായത്. കബനിപുഴയോരം മോഡിപിടിപ്പിക്കുന്നതിനുള്ള പണികളൊന്നും ഇതുവരെയായും ആരംഭിച്ചിട്ടില്ല. ട്രഷറിയോടനുബന്ധിച്ച് നിര്‍മിക്കേണ്ട കെട്ടിടങ്ങളുടൈ ജോലിയും ഇതുവരെയായും ആരംഭിച്ചിട്ടില്ല. ഫെസിലിറ്റേഷന്‍ സെന്ററിന്റെ പണി പൂര്‍ത്തിയാക്കുന്നതോടെ വൈകുന്നേരങ്ങളില്‍ ടൗണിലെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഒരിടം മാനന്തവാടിയില്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുടങ്ങാത്ത പ്രവര്‍ത്തികള്‍ എന്ന് പൂര്‍ത്തിയാകുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക.

Latest