Connect with us

Kozhikode

ചാലിയം ഫിഷിംഗ് ഹാര്‍ബറില്‍ അവഗണനയുടെ ചാകര

Published

|

Last Updated

ഫറോക്ക്: ദിനേന കോടിക്കണക്കിനു രൂപയുടെ മത്സ്യ കയറ്റുമതിക്ക് സാക്ഷ്യം വഹിക്കുന്ന മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ചാലിയത്തെ ഫിഷിംഗ് ഹാര്‍ബറിന് ഇപ്പോഴും അവഗണന മാത്രം. ചെറുതും വലുതുമായ നൂറുക്കണക്കിന് മത്സ്യബന്ധന വള്ളങ്ങള്‍ എത്തുന്ന ഇവിടെ മത്സ്യങ്ങള്‍ സംഭരിക്കുന്നതിനും സംസ്‌കരണത്തിനും പെട്ടികളിലാക്കി സൂക്ഷിക്കുന്നതിനും സൗകര്യങ്ങളില്ല. പുലര്‍ച്ചെ തന്നെ സജീവമാകുന്ന ഹാര്‍ബറിലെ തൊഴിലാളികള്‍ക്കും മത്സ്യം വാങ്ങാനായി വരുന്നവര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും നിലവിലില്ല.

തൊഴിലാളികള്‍ക്ക് വിശ്രമിക്കാനാവശ്യമായ ഇരിപ്പിടങ്ങളോ വിശ്രമ കേന്ദ്രങ്ങളോ വൈദ്യുതി സംവിധാനമോ മലബാറില്‍ ഏറ്റവും കൂടുതല്‍ മത്സ്യ ബന്ധനം നടക്കുന്ന ഇവിടെയില്ല. മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴയും വെയിലുമേറ്റാണ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. ചെറുകിട വ്യാപാരികള്‍ കടലില്‍നിന്നും പിടിച്ച മത്സ്യങ്ങള്‍ കരയിലെത്തിച്ചാല്‍ വില്‍പ്പനക്കനുയോജ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കരയില്‍ കെട്ടിക്കിടക്കുന്ന ദുര്‍ഗന്ധംവമിക്കുന്ന ചെളിയില്‍ വച്ചാണ് വില്‍പ്പന നടത്തുന്നത്. മത്സ്യം വാങ്ങാനെത്തുന്നവരും മത്സ്യമാലിന്യത്തിലൂടെ വേണം നടക്കാന്‍. ഇവിടെ ഐസ് ചേര്‍ക്കാത്ത ഏറ്റവും പുതിയ മത്സ്യം വില കുറച്ച് ലഭിക്കുമെന്നതിനാല്‍ അയല്‍ ജില്ലകളില്‍ നിന്നുപോലും മത്സ്യം വാങ്ങാനായി നൂറുക്കണക്കിന് ആളുകളാണ് ദിനേന എത്തുന്നുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലിയം മത്സ്യ ബന്ധന കേന്ദ്രത്തിന് സമീപത്തായുള്ള വനം വകുപ്പിന്റെ ഭൂമി ഉപയോഗപ്പെടുത്തി കിന്‍ഫ്രയുടെ സഹകരണത്തോടെ സൗകര്യപ്രദമായ ഹാര്‍ബര്‍ നിര്‍മിക്കാന്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു . ആധുനിക സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിക്കാനുദ്ദേശിച്ച ഈ കേന്ദ്രത്തിന്റെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വനം വകുപ്പിന്റെ ഭൂമി ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് പകരം വയനാട്ടിലെ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി, വനം വകുപ്പിന് നല്‍കാമെന്ന ധാരണയും കൈക്കൊണ്ടിരുന്നു. ഇതിന്റെ അനുമതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് കടലാസില്‍ ഒതുങ്ങുകയായിരുന്നു. അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ട് അഞ്ച് വര്‍ഷത്തിലധികമായെങ്കിലും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ അവഗണയില്‍ മനം മടുത്ത് അഞ്ചരലക്ഷത്തോളം രൂപ പിരിവെടുത്താണ് കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ നിലം കോണ്‍ക്രീറ്റ് ചെയ്തതും പരിസരം ശുദ്ധീകരിക്കാനാവശ്യമായ പമ്പ് സെറ്റ് സ്ഥാപിച്ചതും. സര്‍ക്കാറിലേക്ക് കോടികള്‍ നേടിത്തരുന്ന ഈ ഹാര്‍ബറിലെ അവഗണനയില്‍ കുടുങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ജീവനേകാന്‍ ഇനിയും എത്രകാലമെടുക്കുമെന്ന ചിന്തയിലാണ് ഇവിടുത്തെ തൊഴിലാളികളും വ്യാപാരികളും.