ബാഖിയാത്തു സ്വാലിഹാത്ത് ദശവാര്‍ഷികം സമാപിച്ചു

Posted on: January 14, 2016 11:09 am | Last updated: January 14, 2016 at 11:09 am
SHARE

മുക്കം: തൂങ്ങുംപുറം ബാഖിയാത്തു സ്വാലിഹാത്ത് സ്ഥാപനങ്ങളുടെ ദശവാര്‍ഷികം സനദ്ദാന, പൊതു സമ്മേളനത്തോടെ സമാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ 17 ഹാഫിളുകള്‍ക്ക് സമാപനത്തോടനുബന്ധിച്ച് ചടങ്ങില്‍ ബിരുദം നല്‍കി. സമാപന സമ്മേളനം മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ബാഖിയാത്ത് പ്രസിഡന്റ് കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സനദ്ദാനവും മുഖ്യ പ്രഭാഷണവും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
ലോകത്തെ ഏറ്റവും വലിയ അത്ഭുതമായ ഖുര്‍ആനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥമെന്നും ഖുര്‍ആനുമായി അടുക്കുന്നതിനനുസരിച്ച് ഹൃദയം ശുദ്ധീകരിക്കപ്പെടുമെന്നും കാന്തപുരം പറഞ്ഞു. ഖുര്‍ആനിനെ അര്‍ഹിക്കുന്ന രൂപത്തില്‍ ആദരിക്കണം. വിശ്വാസികള്‍ക്ക് ശമനം നല്‍കുന്ന ഖുര്‍ആനിനെ നെഞ്ചിലേറ്റിയവര്‍ക്ക് ഉന്നത പദവിയാണ് ഇസ്‌ലാം നല്‍കുന്നതെന്നും കാന്തപുരം പറഞ്ഞു.
ഹാഫിളുകള്‍ക്കുള്ള സ്ഥാന വസ്ത്രങ്ങള്‍ പി സി അബ്ദുല്ല ഫൈസി വിതരണം ചെയ്തു. പത്ത് അനാഥരെ ദത്തെടുക്കല്‍ പ്രഖ്യാപനം മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. നിര്‍ധനരായ പത്ത് പേര്‍ക്കുള്ള ആട് വിതരണ ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, സി കെ ഹുസൈന്‍ നിബാരി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ സി മുഹമ്മദ് ഫൈസി, വിദേശ പ്രതിനിധികള്‍ പ്രസംഗിച്ചു. ബാഖിയാത്ത് കാര്യദര്‍ശിയും സജീവ സുന്നി പ്രവര്‍ത്തകനുമായ പി ടി അബു ഹാജിയെ ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആദരിച്ചു. അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സ്വാഗതവും പി ടി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here