പനക്കോട് ലീഗ്-ചേളാരി ഗുണ്ടാവിളയാട്ടം

Posted on: January 14, 2016 10:52 am | Last updated: January 14, 2016 at 10:52 am
SHARE

താമരശ്ശേരി: വാടിക്കല്‍ പനക്കോട് ലീഗ്-ചേളാരി വിഭാഗത്തിന്റെ ഗുണ്ടാവിളയാട്ടം. മൗലിദ് നടക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി മുതഅല്ലിംകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ച അക്രമികള്‍, മര്‍കസിന്റെ ബസ് അടിച്ചുതകര്‍ത്തു. പനക്കോട് പുളിയാറക്കല്‍ പി സി അഹമ്മദ് ഹാജിയുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഘടിച്ചെത്തിയ ചേളാരി, ലീഗ് പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൗലിദ് പാരായണത്തിന്റെ രീതി മാറ്റിയെന്നാരോപിച്ച് പാറമ്മല്‍ മഹല്ല് ജുമുഅത്ത് പള്ളിയിലെ മുദര്‍രിസായ മുഹമ്മദ് ഹൈതമിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ മൗലിദ് സദസ്സില്‍ നിന്നും ഇറങ്ങിപ്പോവുകയും അല്‍പ സമയത്തിനകം കൂടുതല്‍ ആളുകള്‍ സംഘടിപ്പിച്ചെത്തി ആക്രമണം നടത്തുകയുമായിരുന്നു.

ഇലക്ട്രിക് ഫ്യൂസ് ഊരിയെടുത്ത ശേഷം മുതഅല്ലിംകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദിക്കുകയും കാരന്തൂര്‍ മര്‍കസിസില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിയ ബസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ തുരത്തി വിദ്യാര്‍ഥികളെ മര്‍കസിലെത്തിച്ചത്.
പ്രശ്‌നം പരിഹരിക്കാനായി ഇന്നലെ രാത്രി മുസ്‌ലിം ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനിരിക്കെ ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീണ്ടും സുന്നി പ്രവര്‍ത്തകരെ അക്രമിച്ചു. പനക്കോട് മുണ്ടപിലാക്കില്‍ അഹമ്മദ് സലീമിനാണ് രാവിലെ ഏഴരയോടെ വാടിക്കല്‍ വെച്ച് മര്‍ദനമേറ്റത്. വൈകിട്ട് നാലരയോടെ താമരശ്ശേരിയിലേക്ക് വരികയായിരുന്ന സലീമിനെയും പുളിയാറക്കല്‍ മുഹമ്മദ് ജുനൈദിനെയും പരപ്പന്‍പൊയിലില്‍ വെച്ച് വീണ്ടും അക്രമിച്ചു. പരുക്കേറ്റ ഇരുവരെയും താരമശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here