Connect with us

Kerala

ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം സ്വന്തം പാര്‍ട്ടിയിലെ ചിലര്‍ : പിണറായി

Published

|

Last Updated

കാസര്‍കോട്: തനിക്കെതിരെ നീങ്ങുമ്പോഴും സ്വന്തം പാര്‍ട്ടിയിലെ ചിലരെയാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നതെന്ന് സിപിഎം പിബി അംഗം പിണറായി വിജന്‍.സര്‍ക്കാരിന്റെ ഹരജിയിലൂടെ എല്ലാവര്‍ക്കും സത്യം മനസ്സിലായിട്ടുണ്ട്. മാധ്യമങ്ങളിലൂടെയാണ് ഹരജിയെക്കുറിച്ച് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിന് മുന്നോടിയായി കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

അതേസമയം ലാവ്‌ലിന്‍ കേസിന്റെ കാലം കഴിഞ്ഞെന്നും ഇതെല്ലാം ചീറ്റിപ്പോയ കാര്യമാണെന്നും പിണറായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇനി ആര് വിചാരിച്ചാലും ലാവ്‌ലിന്‍ കേസ് കത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഒരു പ്രചാരണം കോണ്‍ഗ്രസ് അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായിട്ടേ ഇതിനേയും കാണാനാകൂ. 2006 മുതല്‍ ഈ നീക്കം തുടങ്ങിയതാണ്. എന്നാല്‍ കോടതിയുടെ പരിശോധനയും തീരുമാനവും വന്ന കാര്യമാണ്. ഇതിന്റെയെല്ലാം കാലം കഴിഞ്ഞെന്നും പിണറായി വ്യക്തമാക്കി.

യുഡിഎഫ് വിട്ടുവരുന്നവരെ എല്‍ഡിഎഫിനൊപ്പം സഹകരിപ്പിക്കും. ബാലകൃഷ്ണപിള്ളയുടെയും, പി.സി ജോര്‍ജിന്റെയും പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. മുസ്‌ലിം വിഭാഗത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയതയെ എതിര്‍ക്കുന്ന ലീഗിന്റെ നിലപാടിനെ എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും, വര്‍ഗീയതയ്‌ക്കെതിരായ നീക്കമായിട്ട് അതിനെ കണ്ടാല്‍ മതിയെന്നും പിണറായി വ്യക്തമാക്കി.