അസ്ഹറിനെ സംരക്ഷിത തടങ്കലില്‍ വച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍; ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച മാറ്റിവെച്ചു

Posted on: January 14, 2016 2:07 pm | Last updated: January 15, 2016 at 12:17 pm
SHARE

indo-pakന്യൂഡല്‍ഹി: പഠാന്‍കോട് ഭീകരാക്രമണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യ- പാക് സമാധാന ചര്‍ച്ച ഒടുവില്‍ തത്കാലത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചു. ഇരുരാജ്യങ്ങളും പരസ്പര ധാരണയോടെയാണ് തീരുമാനത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് വെള്ളി, ശനി ദിവസങ്ങളില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഇസ്‌ലാമാബാദില്‍ വെച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.

ചര്‍ച്ച മാറ്റിവെച്ച വിവരം ആദ്യം പ്രഖ്യാപിച്ചത് പാക്കിസ്ഥാനായിരുന്നു. വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഉച്ചയോടെ വ്യക്തമാക്കി. ചര്‍ച്ച റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണ് ചെയ്തതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഖലീലുല്ല ഖാസിയാണ് അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും പരസ്പരധാരണ പ്രകാരമാണ് ചര്‍ച്ച മാറ്റിവെച്ചതെന്നും അധികം വൈകാതെ തന്നെ ചര്‍ച്ച നടക്കുമെന്നും പിന്നീട് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ചര്‍ച്ച മാറ്റിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അദ്ദേഹം അറിയിച്ചത്.

ashar mahmoodപഠാന്‍കോട് ഭീകരാക്രമണ കേസിലെ പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദിനെതിരെ പാക്കിസ്ഥാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ശരിയായ ദിശയില്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അന്വേഷണത്തിനെത്തുന്ന പാക് സംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കും. പ്രതികളെ പിടികൂടുന്നതിനാവശ്യമായ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ട്. എല്ലാ പ്രതികളെയും പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുടെ തീയതി നീട്ടി പാക്കിസ്ഥാന് അന്വേഷണത്തിന് സമയം നല്‍കണമെന്ന് തത്വത്തില്‍ ധാരണായിരുന്നു. ഇക്കാര്യം പിന്നീട് പാക്കിസ്ഥാനെ അറിയിച്ച് ഇരു രാജ്യങ്ങളും പരസ്പരധാരണയിലെത്തിയ ശേഷമാണ് ചര്‍ച്ചയുടെ തീയതി മാറ്റാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു. തുടര്‍ന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിദേശകാര്യ വക്താവ് ഇന്ത്യന്‍ നിലപാട് വിശദീകരിച്ചത്.

അതേസമയം, പഠാന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തുവെന്ന് പറയുന്ന ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ കസ്റ്റഡിയിലെടുത്തതായി പാകിസ്താനിലെ പഞ്ച് പ്രവിശ്യ നിയമമന്ത്രി റാണ സനാവുല്ല സ്ഥിരീകരിച്ചു. എന്നാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പഞ്ചാബ് പൊലീസിലെ തീവ്രവാദ വിരുദ്ധ അദ്ദേഹത്തെ സംരക്ഷിത തടവില്‍ വയ്ക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ റഊഫ് എന്നിവരുള്‍പ്പെടെ ഏതാനും പേരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തുവെന്ന് പാക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇതേക്കുറിച്ച് അറിവില്ലെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഖലീഫുല്ല ഖാസി പറഞ്ഞത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നിരവധി പേരെ പിടികൂടിയതായി പറയുന്നുണ്ടെങ്കിലും മസൂദ് അസ്ഹറിന്റെ പേര് പട്ടികയിലുണ്ടായിരുന്നില്ല. അറസ്റ്റ് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു.

അതേസമയം, ജെയ്‌ഷെ മുഹമ്മദിനെതിരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മസൂദ് അസ്ഹറിന്റെ മുന്നറിയിപ്പ് അടങ്ങിയ ശബ്ദരേഖ ലഭിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക്കിസ്ഥാന്റെ ഐക്യത്തെ ഈ നടപടികള്‍ ബാധിക്കുമെന്നും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും അസ്ഹര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here