ഗുളികകളും മരുന്നുകളും

അറേബ്യൻ പോസ്റ്റ്
Posted on: January 14, 2016 3:04 am | Last updated: February 20, 2016 at 4:01 pm
SHARE

ദുബൈ ഹിറ്റ് എഫ് എം റേഡിയോ സംപ്രേഷണം ചെയ്ത വാര്‍ത്താവതാരകന്‍ ഫസലുവിന്റെ ശബ്ദം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരം നേടിയിരുന്നു. ദുബൈ അവീര്‍ ജയിലില്‍ കഴിയുന്ന ഒരു മലയാളി നേരിട്ടു വിളിച്ചു നല്‍കുന്ന ചില വിവരങ്ങളാണ് ശബ്ദത്തിന്റെ കാതല്‍. നിരപരാധികളായ ചിലര്‍ മയക്കുമരുന്നു കടത്തു കേസുകളില്‍ കിടുങ്ങി തടവില്‍ കഴിയുകയാണത്രെ. 25 വര്‍ഷമാണ് തടവ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ എന്നു നമുക്കു പറയാം. പക്ഷേ കുറ്റം ചെയ്യാതെയാണെങ്കിലോ. അപ്പോള്‍ നിരപരാധികളെ പിടിച്ചു ജയിലിലിട്ടിരിക്കുകായാണോ എന്നൊരു സന്ദേഹമുയരും. പക്ഷേ ഇവിടെ സാങ്കേതികമായി കുറ്റവാളികള്‍ തന്നെയാണ് ശിക്ഷിക്കപ്പെടുന്നത്. പക്ഷേ അവര്‍ അറിഞ്ഞുകൊണ്ടു കുറ്റം ചെയ്തിട്ടില്ലെന്നു മാത്രം. അറിയാതെ ചെയ്യുക എന്ന അബദ്ധത്തെ ബോധവാസ്ഥയിലേക്കു കൊണ്ടുവരാന്‍ ഏറ്റവും അനുയോജ്യമായ ഒരു ശബ്ദ ചിത്രീകരണമായിരുന്നു ഫസലുവിന്റെത്. കാര്യം ഇതാണ്, ഗള്‍ഫിലേക്കു വരുന്നവര്‍ കൈവശം വെക്കുന്ന മരുന്നുകളിലും ഗുളികകളിലും അടങ്ങിയിരിക്കുന്ന അപടകം. മറ്റൊന്ന്, ഗള്‍ഫിലേക്കു കൊണ്ടുപോകാനായി കൊടുത്തയക്കുന്ന സാധനങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വെക്കുന്ന മയക്കുമരുന്ന്.
പ്രവാസികള്‍ പൊതുവേ രോഗികളാണ്. ഗള്‍ഫില്‍ ചികിത്സക്കു വലിയ പൈസയും വേണം. നാട്ടില്‍ വെച്ച് ഡോക്ടറെ കണ്ട് മരുന്നുകളും നാട്ടില്‍നിന്നു തന്നെ വാങ്ങിക്കൊണ്ടുവരുന്നവരും വരുന്നവരുടെ കയ്യില്‍ കൊടുത്തയക്കാന്‍ ഏര്‍പ്പാടു ചെയ്യുന്നവരുമുണ്ട്. എന്നാലേയ്, സംഗതി മരുന്നാണെങ്കിലും അതു ഗള്‍ഫിലെത്തുമ്പോള്‍ മയക്കുമരുന്നാകുന്ന ഒരു സംഗതിയുണ്ട്. അതാണ് പ്രവാസികള്‍ ആദ്യാന്തം അറിഞ്ഞിരിക്കേണ്ടത്. നാട്ടില്‍ ഡോക്ടര്‍മാര്‍ പിസ്‌ക്രൈബ് ചെയ്യുന്നതും മെഡിക്കല്‍ ഷോപ്പുകളില്‍ നിയമാനുസൃതം വില്‍ക്കുന്നതുമായ പല മരുന്നുകളും ഗള്‍ഫ് നാടുകളില്‍ മയക്കുമരുന്നു വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയുമാണ്. ഡോക്ടറുടെ കുറിപ്പുണ്ടായാല്‍ പോലും ഈ മരുന്നുകള്‍ കൈവശംവെച്ചാല്‍ ജീവിതം അഴികള്‍ക്കുള്ളിലാകും. ചില മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പും വാങ്ങിയ ബില്ലും ഉണ്ടെങ്കില്‍ രക്ഷപ്പെടാനാകും. ഇതൊന്നുമില്ലാതെ വരുന്നവര്‍ പിടിക്കപ്പെട്ടാല്‍ ഒരു രക്ഷയുമില്ലെന്നു ചുരുക്കം. നാട്ടില്‍ അടുക്കളയില്‍ രുചിക്കുപയോഗിക്കുന്ന വസ്തുക്കള്‍ പോലും ചിലപ്പോള്‍ വിദേശത്തെ നിയമത്തില്‍ മയക്കുമരുന്നായോ നിരോധിത മരുന്നായോ മാറും. രാജ്യത്തേക്കു കടത്തുന്നതു നിരോധിച്ച മരുന്നുകളുടെ ഉള്ളടക്ക വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിലും ഒതുങ്ങുന്നതല്ല, യഥാര്‍ഥ നിയന്ത്രണം എന്നുകൂടി ചേര്‍ത്തു മനസ്സിലാക്കേണ്ടതുണ്ട്. മയക്കുമരുന്നു കേസില്‍ പിടിക്കപ്പെടുന്നത് ഗള്‍ഫ് നാടുകളില്‍ വലിയ കുറ്റമാണ്. 25 വര്‍ഷം വരെയാണ് ജയില്‍ശിക്ഷ.
കത്തും വസ്ത്രവുമൊക്കെയായി ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കൊടുത്തയക്കുന്ന പായ്ക്കറ്റുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചുവെച്ച രീതിയിലാണ് പലപ്പോഴും മയക്കുമരുന്നുകള്‍ പിടിക്കപ്പെടുന്നത്. ഇപ്രകാരം പലവട്ടം മയക്കുമരുന്നുകള്‍ പിടിക്കപ്പെടാതെ കടന്നു പോകുന്നു എന്നത് കുറ്റവാളികളെ കൂടുതല്‍ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ, പിടിക്കപ്പെടാതിരിക്കുക എന്നത് സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യാന്‍ ലഭിക്കുന്ന ലൈസന്‍സല്ല. അടുത്തു പരിചയമുള്ള ചിലര്‍ കൊടുത്തയച്ച പായ്ക്കറ്റുകളില്‍നിന്നും മയക്കുമരുന്നുകള്‍ കണ്ടെടുത്ത വാര്‍ത്തകള്‍ ഇതിനകം വൈറലായിട്ടുണ്ട്. ഇതൊക്കെയും പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും പാഠമാകേണ്ടതുണ്ട്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്കാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവില്‍ ജാഗ്രത കാണിക്കണം. ഇത്തരം ലഗേജുകള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തുന്ന അശ്രദ്ധ വന്‍ അപകടത്തിലേക്കായിരിക്കും വഴിതുറക്കുക. അനിവാര്യമായ ഘട്ടത്തില്‍ സ്വീകരിക്കപ്പെടുന്ന പായ്ക്കറ്റുകള്‍ അരിച്ചുപെറുക്കി പരിശോധിക്കണം. മരുന്നു കൊടുത്തയക്കുന്നവരും കൊണ്ടു വരുന്നവരും വിദേശത്ത് നിരോധിച്ച മരുന്നുകളല്ല അവയെന്ന് പലവട്ടം ഉറപ്പു വരുത്തണം. സംശയത്തിന്റെ ഏതെങ്കിലും അംശം അവശേഷിക്കുന്നുവെങ്കില്‍ അവ നാട്ടില്‍ ഇട്ടേച്ചു പോന്നാല്‍ ജയിലിനു പുറത്തു ജീവിക്കാമെന്നു മാത്രം പറഞ്ഞു വെക്കുന്നു.