യാചന ഔദ്യോഗികമായി തന്നെ വേണോ?

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സ്വച്ഛ്ഭാരത് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി യാചകരെ സര്‍ക്കാറിന്റെ സ്തുതിപാഠകരായി ഉപയോഗിക്കുന്ന പദ്ധതി വന്‍ വിമര്‍ശത്തിന് വഴിവെച്ചിരിക്കുന്നു. ട്രയിനുകളിലും മറ്റ് പൊതു ഇടങ്ങളിലും തൊഴിലെടുക്കുന്ന മൂവായിരത്തോളം യാചകരെ സര്‍ക്കാര്‍ പരിശീലിപ്പിക്കുകയാണ്. പുനരധിവാസം എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി പക്ഷേ, യാചനയെന്ന സാമൂഹിക പ്രശ്‌നത്തെ പരസ്യമായി പിന്തുണക്കുന്നതാണ്. നിയമം മൂലം നിരോധിക്കപ്പെടേണ്ട ഈ സാമൂഹിക പ്രശ്‌നത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതാണ് ഏറെ വൈരുധ്യം. യാചകരില്‍ ഏറ്റവും നല്ല പാട്ടുകാരെ ഉപയോഗപ്പെടുത്തി ട്രെയിനിലും മറ്റ് സ്ഥലങ്ങളിലും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Posted on: January 14, 2016 5:41 am | Last updated: January 14, 2016 at 1:42 am
SHARE

പെണ്‍ഭ്രൂണഹത്യക്കും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരായ പോരാട്ടത്തിന്റെ ഭാഗമായി എല്ലാ മാതാപിതാക്കളും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് മന്‍ കീ ബാത്ത് പ്രസംഗത്തില്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ബരാക് ഒബാമ പെണ്‍കുട്ടികളെ പോറ്റുന്നത് എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം തട്ടിവിട്ടു. വിദേശ സന്ദര്‍ശനങ്ങള്‍ക്കും രാജ്യാന്തര ഉടമ്പടികള്‍ക്കും പ്രാധാന്യം നല്‍കുന്നതിന് പകരം മോദിയുടെ സെല്‍ഫി ചിത്രങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടിയ മാധ്യമങ്ങള്‍ ഈ ആഹ്വാനത്തിനും വന്‍ കവറേജ് നല്‍കി. എന്നാല്‍, ഉടുതുണിക്ക് മറുതുണിയില്ലാതെയും അക്കങ്ങളും അക്ഷരങ്ങളും വായിക്കാനറിയാതെയും ലക്ഷക്കണക്കിന് കുരുന്നുകളും പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ഇതൊന്നുമറിയാതെ തെരുവോരങ്ങളിലെ കടവരാന്തകളില്‍ കഴിച്ചുകൂട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് സെല്‍ഫിയെടുക്കുന്ന ഒരു ലോകത്തെക്കുറിച്ചറിയില്ല. അന്നന്നത്തെ അരച്ചാണ്‍ വയര്‍ മാത്രമാണവരുടെ മുന്നിലുള്ള വെല്ലുവിളി. കോടിക്കണക്കിന് രൂപ പൊടിച്ച് നടത്തുന്ന ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി താഴെ തട്ടിലുള്ളവര്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് രാജ്യത്തെ ഓരോ തെരുവും. കുട്ടികള്‍ക്കെതിരായ മാനഭംഗങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഒരു കുറവും എവിടെയുമുണ്ടായിട്ടില്ല. സ്വന്തം വീട്ടിനുള്ളിലും പുറത്തും പെണ്‍കുട്ടികള്‍ ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന സംഭവങ്ങള്‍ വര്‍ധിച്ചു. പെണ്‍കുട്ടികളുണ്ടാകുന്നത് ‘നഷ്ടമായി’ കാണുന്ന സാമൂഹിക അപചയത്തെ തിരുത്തുന്നതിനും നിരോധിക്കപ്പെട്ടിട്ടും നിര്‍ബാധം തുടരുന്ന ലിംഗ നിര്‍ണയങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനും സര്‍ക്കാറിന് കഴിയുന്നില്ല. പെണ്‍കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിലും ചവറ്റുകൊട്ടയിലും ഇട്ട് പോകുന്നതിനും ഒരു കുറവുമില്ല.
നടത്തിപ്പിലെ ആത്മാര്‍ഥതയില്ലായ്മ കാരണം പബ്ലിസിറ്റി സ്റ്റന്‍ഡിലൊതുങ്ങിയ സ്വച്ഛ്ഭാരത് പദ്ധതിയുടെ കാര്യവും മറ്റൊന്നല്ല. പരസ്യത്തിന് മാത്രം 200 കോടി ചെലവാക്കുന്ന പദ്ധതി പക്ഷേ, രാഷ്ട്രീയക്കാരുടെ ഫോട്ടോ മാനിയക്കുള്ള വേദിയായി മാറുന്നതാണ് കണ്ടത്. പ്രധാനമന്ത്രി മുതല്‍ ഏറ്റവും താഴെ തട്ടിലുള്ളവര്‍ വരെ ചൂലെടുത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്നത് മാധ്യമങ്ങള്‍ ആഘോഷിച്ചു. ഡല്‍ഹി ബി ജെ പി അധ്യക്ഷനും അനുയായികളും പുറമെ നിന്ന് മാലിന്യങ്ങള്‍ കൊണ്ടിട്ട് അത് ‘വൃത്തിയാക്കിയത്’ പദ്ധതിയുടെ നിറം കെടുത്തിയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശമുയര്‍ന്നു. ന്യൂ ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലുള്ള ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് മുന്നിലാണ് ഭരണകക്ഷി നേതാക്കളുടെ നാടകം അരങ്ങേറിയത്. ബി ജെ പി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ, ഷാസിയ ഇല്‍മി തുടങ്ങിയവരുടെ ശുചീകരണ പരിപാടിക്ക് വേണ്ടിയാണ് വൃത്തിയായിക്കിടക്കുന്ന റോഡില്‍ ചപ്പുചവറുകള്‍ കൊണ്ടു തള്ളിയത്. ബി ജെ പി നേതാക്കളുടെ തട്ടിപ്പ് ശുചീകരണ പരിപാടി സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി.
മോദി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ സ്വച്ഛ്ഭാരത് സ്വകാര്യ ഏജന്‍സികള്‍ക്ക് പണമുണ്ടാക്കാനുള്ള പദ്ധതിയാണെന്ന ആക്ഷേപങ്ങളും ശക്തമാണ്. രാജ്യത്തെ വിപണിയില്‍ സജീവ പങ്കാളിത്തമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം വഹിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ പങ്കാളികളായത് കൊണ്ട് ഹിന്ദുസ്ഥാന്‍ യുനിലിവര്‍, റെക്കിറ്റ് ബെന്‍കിസര്‍ പോലുള്ള അന്താരാഷ്ട്ര കമ്പനികളുടെ ഡെറ്റോള്‍, ഹാര്‍പിക്, ലൈസോള്‍, ഡൊമെക്‌സ്, കോളിന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഗ്രാമീണ/പരമ്പരാഗത ഉത്പന്നങ്ങളുടെ സ്വീകാര്യത ഇല്ലാതാക്കി വിപണിയില്‍ വന്‍ തോതില്‍ പിടിമുറുക്കാനുള്ള ശ്രമമാണ് സ്വച്ഛ് ഭാരതിന്റെ മറവില്‍ കുത്തക കമ്പനികള്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് പദ്ധതിയോട് തുടക്കത്തിലുള്ള ആഭിമുഖ്യം കുറഞ്ഞ സാഹചര്യത്തില്‍ തുടര്‍ച്ചയായി പരസ്യം നല്‍കാന്‍ സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇതിനായി 12 പരസ്യ ഏജന്‍സികളെ സര്‍ക്കാര്‍ സമീപിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ മനസ്സില്‍ പതിയുന്ന പരസ്യങ്ങള്‍ നല്‍കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇത് മുന്‍നിര്‍ത്തിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സ്വച്ഛ്ഭാരത് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ ‘വഴിവിട്ട’ മാര്‍ഗം പ്രയോഗിക്കുന്നത്. രാജ്യത്ത് യാചകരെ സര്‍ക്കാറിന്റെ സ്തുതിപാഠകരായി ഉപയോഗിക്കുന്ന പദ്ധതി വന്‍ വിമര്‍ശത്തിന് വഴിവെച്ചിരിക്കുന്നു. ട്രയിനുകളിലും മറ്റ് പൊതു ഇടങ്ങളിലും ‘തൊഴിലെടുക്കു’ന്ന മൂവായിരത്തോളം യാചകരെ സര്‍ക്കാര്‍ പരിശീലിപ്പിക്കുകയാണ്. പുനരധിവാസം എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി പക്ഷേ, യാചനയെന്ന സാമൂഹിക പ്രശ്‌നത്തെ പരസ്യമായി പിന്തുണക്കുന്നതാണ്. നിയമം മൂലം നിരോധിക്കേണ്ട ഈ സാമൂഹിക പ്രശ്‌നത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതാണ് ഏറെ വൈരുധ്യം. യാചകരില്‍ ഏറ്റവും നല്ല പാട്ടുകാരെ ഉപയോഗപ്പെടുത്തി ട്രെയിനിലും മറ്റ് സ്ഥലങ്ങളിലും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമൂഹിക സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതത്രേ. പ്രമുഖ നഗരങ്ങളില്‍ ഭിക്ഷയെടുക്കുന്നവരെയാണ് പ്രധാനമായും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി നാഗരിക സമൂഹത്തെ ബോധവത്കരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ത്താ വിതരണ മന്ത്രാലയമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിന് കീഴിലുള്ള സോംഗ് ആന്‍ഡ് ഡ്രാമ ഡിവിഷനും ആള്‍ ഇന്ത്യ റേഡിയോയും പരിപാടിയില്‍ പങ്കാളികളാകുന്നുണ്ട്.
ഇന്ത്യയില്‍ നാല് ലക്ഷത്തിലധികം പേര്‍ യാചനയിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ വളരെ തുച്ഛം പേരെ മാത്രമാണ് ‘പുനരധിവസിപ്പിക്കു’ന്നത്. താഴെത്തട്ടിലുള്ള സമൂഹത്തെ ഉയര്‍ത്തുന്നതിന് പകരം ദരിദ്രരെ ദരിദ്രരാക്കി നിലനിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു വിഭാഗത്തിന്റെ ഇല്ലായ്മയെ ചൂഷണം ചെയ്ത് കൊണ്ട് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയെന്നത് എത്ര വിരോധാഭാസമാണ്. ഒരു ഭാഗത്ത് സമൂഹിക പദ്ധതികള്‍ നടപ്പാക്കുകയും എന്നാല്‍ മറുഭാഗത്ത് ഇത്തരത്തിലുള്ള പദ്ധതികള്‍ ആംഭിക്കുകയും ചെയ്യുക!
വര്‍ഷങ്ങളായി ‘തൊഴിലെടു’ത്ത് ജീവിക്കുന്ന ഒരു കൂട്ടം യാചകര്‍ ബീഹാറിലെ ഗയയില്‍ ഒരു ബേങ്ക് ആരംഭിച്ചിരുന്നു. ഇവിടെയുള്ള ക്ഷേത്രത്തിന് സമീപം ഭിക്ഷ യാചിക്കുന്ന നാല്‍പ്പതോളം പേര്‍ക്ക് സഹായം നല്‍കുന്നതിനും അവരുടെ പണം നിക്ഷേപിക്കുന്നതിനുമായിരുന്നു ബേങ്ക്്. ഭിക്ഷ കിട്ടാത്ത സാഹചര്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ ബേങ്ക് വായ്പ അനുവദിക്കും. യാചകനായ രാജ്കുമാര്‍ മഞ്ജിയാണ് ബേങ്കിന്റെ മാനേജര്‍. ചൊവ്വാഴ്ചകളില്‍ ഓരോ യാചകനും 20 രൂപ വീതം ബേങ്കില്‍ അടക്കണം. മറ്റ് നിക്ഷേപങ്ങള്‍ക്ക് പുറമെയാണിത്. ഇത്തരത്തില്‍ യാചന ഇന്ത്യയില്‍ ഒരു തൊഴിലായി മാറിയ സാഹചര്യമാണുള്ളത്. ഡല്‍ഹി, കൊല്‍ക്കത്ത, നോയ്ഡ, ഗുഡ്ഗാവ്, മുംബൈ എന്നിവിടിങ്ങളില്‍ യാചനയുടെ മറവില്‍ വന്‍ റാക്കറ്റുകളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. യാചകരില്‍ ഇന്ത്യയിലെ കോടീശ്വരന്മാരായി അറിയപ്പെടുന്ന ഭാരത് ജെയ്ന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ താവളമാക്കിയത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയാണ്. ഒരു ദിവസം 2000 രൂപ വരെ നേടുന്നവരാണ് ഈ യാചകര്‍. യാചകര്‍ക്കിടയില്‍ തന്നെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഏറെയുണ്ടെന്നാണ് ഈയടുത്ത് നടത്തിയ സര്‍വേയില്‍ വ്യക്തമായത്.
മൂവായിരത്തോളം പേര്‍ക്ക് ബിരുദമോ അതിലധികമോ യോഗ്യതയുണ്ടെന്ന കണ്ടെത്തല്‍ ഒരേ സമയം തന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെയുടെയും സാമൂഹിക അപചയത്തിന്റെയും ചിത്രങ്ങള്‍ വരച്ചുകാട്ടുന്നു. യാചകരായ സ്ത്രീകളില്‍ 745 പേര്‍ ബിരുദധാരികളാണ്. 75,000 പേര്‍ പ്ലസ്ടു പാസായവരെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 76 ശതമാനം പേര്‍ സാക്ഷരരും 79, 415 പേര്‍ നിരക്ഷരരുമാണ്. രാജ്യത്തെ മൊത്തം ഭിക്ഷാടകരുമായി തട്ടിച്ചുനോക്കുമ്പോള്‍ ബിരുദമോ ഉയര്‍ന്ന വിദ്യാഭ്യാസമോ ഉള്ളവര്‍ കുറവാണെങ്കിലും ഇതുണര്‍ത്തുന്ന സാമൂഹിക സാഹചര്യത്തിലേക്കാണ് സര്‍ക്കാര്‍ കണ്ണ് തുറക്കേണ്ടത്. സര്‍ക്കാറിന്റെ സ്തുതിപാഠകരാകാന്‍ വിടുന്ന, പുനരധിവാസത്തിനപ്പുറം ഇവര്‍ക്കിടയില്‍ വന്‍ തോതില്‍ പ്രചാരണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ക്രിമിനലുകള്‍ വളര്‍ന്നുവരുന്ന ഇടമെന്ന നിലയില്‍ ഇവരെ മുഖ്യധാരയിലേക്ക് നയിക്കുകയും അവര്‍ക്കനുയോജ്യമായ ബോധവത്കരണം നല്‍കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here