Connect with us

National

അമിത്ഷാ വീണ്ടും അധ്യക്ഷനാകും; ശേഷം മന്ത്രിസഭ പുനഃസംഘടന

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി ദേശീയ അധ്യക്ഷനായി അമിത്ഷായെ വീണ്ടും തിരഞ്ഞടുത്തതിന് ശേഷം മാത്രമെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയുണ്ടാകൂവെന്ന് ബി ജെ പി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനുണ്ട്. ഈ തിരഞ്ഞെടുപ്പുകള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ പറഞ്ഞു.
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകള്‍ക്ക് മാറ്റമുണ്ടാക്കാതെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കും. പാര്‍ട്ടിക്ക് മങ്ങലേറ്റ ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്യും. പുതിയ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഇടനല്‍കണമെന്ന് വിവിധ സംസ്ഥാന പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എല്ലാ തീരുമാനങ്ങളും അമിത്ഷായെ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തതിന് ശേഷമാകുമെന്നും അമിത്ഷാ വീണ്ടും അധ്യക്ഷനായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും വിജയ്‌വര്‍ഗിയ വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ബി ജെ പിക്ക് മുന്നിലുള്ളത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം വരാനിരിക്കുകയാണ്. 2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 72 സീറ്റ് നേടികൊടുത്തത് ഉത്തര്‍പ്രദേശാണ്. ഇവിടത്തെ നിയമസഭാ തിരഞ്ഞെടുപ്പും 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടായിരിക്കും മന്ത്രിസഭാ പുന:സംഘടനയെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു.
രാമക്ഷേത്ര പ്രശ്‌നമുന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനും ഉദ്ദേശിക്കുന്നുണ്ട്. രാഷ്ട്രീയ സ്വയം സേവക് സംഘ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് അടുത്തിടെ രാമരാമക്ഷേത്ര വിഷയം വീണ്ടുമുയര്‍ത്തിയിരുന്നു. ബി ജെ പി നേതാവ് സുബ്രമണ്യ സ്വാമി രാമക്ഷേത്ര കേസിന്റെ കാര്യങ്ങളുമയി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ രാമ ക്ഷേത്ര നിര്‍മാണം തിരഞ്ഞെടുപ്പ് ആയുധമാക്കണമെന്നാണ് ബി ജെ പി ഉദ്ദേശിക്കുന്നത്.

Latest