Connect with us

Kozhikode

പരീക്ഷാ കണ്‍ട്രോളറെ എം എസ് എഫ് ഉപരോധിച്ചു: സി സോണ്‍ കലോത്സവ ദിനത്തിലെ പരീക്ഷ മാറ്റി

Published

|

Last Updated

തേഞ്ഞിപ്പലം: സി സോണ്‍ കലോത്സവ ദിനത്തില്‍ പരീക്ഷ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് എം എസ് എഫ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറെ ഓഫീസിന് മുന്നില്‍ ഉപരോധിച്ചു. സി സോണ്‍ കലോത്സവ ദിനത്തിലെ പരീക്ഷ മാറ്റുക, പുനര്‍ മൂല്യ നിര്‍ണയ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ് കുട്ടിയെ ഇന്നലെ ഉപരോധിച്ചത്. സമരത്തെ തുടര്‍ന്ന് കലോത്സവ ദിനത്തിലെ പരീക്ഷ പിന്നീട് മാറ്റിവെച്ചു. കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്നതിനാല്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാ കണ്‍ട്രോളര്‍ക്ക് യൂനിവേഴ്‌സിറ്റി യൂനിയന്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമര രംഗത്തിറങ്ങുകയായിരുന്നുവെന്ന് എം എസ് എഫ് നേതാക്കള്‍ പറഞ്ഞു. കലോത്സവ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ച ബി എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയാണ് മാറ്റിവെച്ചത്. ഇതോടെ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ബി ടെക്, എം ടെക് തുടങ്ങിയ പരീക്ഷകളുടെ പുനര്‍മുല്യ നിര്‍ണയ ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയെടുക്കാമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചതായി എം എസ് എഫ് നേത്യത്വം വ്യക്തമാക്കി. കെ എം ഫവാസ്, ഇര്‍ഷാദ് മേക്കാടന്‍, ഷാക്കിര്‍, ഇര്‍ഫാദ്, ടി പി എം നസീഫ്, ഇര്‍ഷാദ് കൊട്ടപ്പുറം എന്നിവരുടെ നേത്യത്വത്തിലായിരുന്നു സമരം.

---- facebook comment plugin here -----

Latest