എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ജീവനക്കാരനില്‍ നിന്ന് പണം തട്ടിയ സംഘം അറസ്റ്റില്‍

Posted on: January 14, 2016 5:18 am | Last updated: January 14, 2016 at 12:19 am
SHARE
പിടിയിലായ പ്രതികള്‍
പിടിയിലായ പ്രതികള്‍

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആറംഗ സംഘം അറസ്റ്റില്‍. മായനാട് പുത്തന്‍പുരയില്‍ കരടി റഫീഖ് എന്ന റഫീഖ് (42), ആലുക്കാസ് ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനും കാപ്പാട് വെള്ളരിക്കുണ്ട് കാര്യം കടവത്ത് പി ടി റശീദ് (28), കല്ലായ് ചക്കുംകടവ് ചമ്മങ്ങണ്ടിപറമ്പ് ലാലു എന്ന മര്‍ഷിദലി (27), മാഹി പന്തക്കല്‍ ചൈതന്യ ഹൗസില്‍ നിഷാന്ത് (31), വയനാട് മുട്ടില്‍ കിഴക്കുമേത്തല്‍ ബഷീര്‍ (41), നല്ലളം കീഴില്ലത്ത് മുബാറക്ക് (31) എന്നിവരെയാണ് കസബ സി ഐ. ഇ സുനില്‍കുമാറും സിറ്റി െ്രെകം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. റശീദിനെ കാപ്പാട് നിന്നും റഫീഖിനെ പാളയത്തും ആദ്യം പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ വിവിധയിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത സ്വര്‍ണം കോട്ടയം, മുംബൈ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനായ ബാലുശ്ശേരി വാകയാട് കെ കെ ദിജിനെ 1. 130 കിലോഗ്രാം സ്വര്‍ണവുമായി സംഘം തട്ടിക്കൊണ്ട് പോയത്. പാളയത്തുള്ള ഹാള്‍മാര്‍ക്ക് സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി ബൈക്കില്‍ ജ്വല്ലറിയിലേക്ക് വരുകയായിരുന്നു ദിജിന്‍. ദിജിന്റെ ബൈക്കിന് പാളയത്തെ അന്‍ഹാര്‍ ഹോട്ടലിന് മുമ്പില്‍ വെച്ച് പ്രതികള്‍ കൈകാണിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്നും ബൈക്കില്‍ സൂക്ഷിച്ച സ്വര്‍ണം എടുക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം കാറില്‍ പിടിച്ചുകയറ്റി നഗരത്തിലൂടെ അരമണിക്കൂര്‍ കറങ്ങിയ ശേഷം മെഡിക്കല്‍ കോളജ് സാവിയോ സ്‌കൂളിന് സമീപം ഇറക്കിവിടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കസബ സി ഐ ആദ്യം കേസന്വേഷിച്ചെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി എ വത്സന്‍, സൗത്ത് അസി. കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തില്‍ കസബ, ടൗണ്‍ സി ഐമാരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. ടൗണ്‍ സി ഐ. ടി കെ അഷ്‌റഫ്, കസബ എസ് ഐ എസ് സജീവന്‍, ചെമ്മങ്ങാട് എസ് ഐ. പി എം വിനോദ്, കൂടാതെ െ്രെകംസ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, വയനാട് ജില്ലകളിലെ ചാരനിറമുള്ള ഇന്നോവ കാറുകളെ കുറിച്ച് അന്വേഷണസംഘം സൂക്ഷ്മമായി പരിശോധിച്ചിരുന്നു. വാടകകക്ക് കാറുകള്‍ നല്‍കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷിച്ചിരുന്നു. നഗരത്തില്‍ സ്ഥാപിച്ച പോലീസിന്റെ ക്യാമറകളും ഇന്നോവകാര്‍ സഞ്ചരിച്ചിരുന്ന റോഡിന്റെ വശങ്ങളിലായുള്ള വീടുകളിലെ സി സി ടി വി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചു. ആലുക്കാസ് ജ്വല്ലറിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരെ കേന്ദ്രീകരിച്ചും പിരിഞ്ഞു പോയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് റശീദിനെ കുറിച്ച് സൂചന ലഭിച്ചത്.
പാളയം അന്‍ഹാര്‍ ഹോട്ടലിന് സമീപത്തുള്ള മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ കോളുകളും പരിശോധിച്ചു. കവര്‍ച്ച നടന്ന സമയത്തെ കോളുകളും അതിന് തൊട്ടുമുമ്പുള്ള കോളുകളുമുള്‍പ്പെടെ ലക്ഷക്കണക്കിന് ഫോണ്‍ കോളുകളാണ് അന്വേഷണ വിധേയമാക്കിയത്. തട്ടിപ്പുകേസുകളില്‍ പ്രതിയായ റഫീഖിനെ റഷീദ് ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് തെളിവ് ലഭിച്ചു. െ്രെകം സ്‌ക്വാഡ് അംഗങ്ങള്‍ ആഴ്ചകളോളം പ്രതികളെ പിന്തുടര്‍ന്ന് അവരുടെ നീക്കങ്ങളും മറ്റും മനസ്സിലാക്കിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.