രോഹിത് ശര്‍മ നിരാശനാണ്…

Posted on: January 14, 2016 5:13 am | Last updated: January 14, 2016 at 12:15 am
SHARE
രോഹിത് ശര്‍മ
രോഹിത് ശര്‍മ

പെര്‍ത്ത്: ആസ്‌ത്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 171 റണ്‍സടിച്ച രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സ് ഏറെ ശ്ലാംഘനീയമായിരുന്നു. വിവിയന്‍ റിചാര്‍ഡ്‌സിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ റെക്കോര്‍ഡ് വരെ കടപുഴക്കിയ പ്രകടനത്തെ സൗരവ് ഗാംഗുലി അതിശയത്തോടെയാണ് കണ്ടത്. ഏകദിന ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയെ വെല്ലാന്‍ മറ്റൊരു ബാറ്റ്‌സ്മാന്‍ നിലവില്‍ ഇല്ലെന്നാണ് ഗാംഗുലിയുടെ നിരീക്ഷണം.
ഇതൊക്കെയാണെങ്കിലും രോഹിത് ശര്‍മ ആകെ നിരാശനാണ്. എത്ര സെഞ്ച്വറി നേടിയിട്ടെന്താ, ടീം തോറ്റാല്‍ പിന്നെ അതിനൊന്നും പുല്ലിന്റെ വില പോലുമില്ലെന്നാണ് രോഹിതിന്റെ അഭിപ്രായം. നമ്മള്‍ എത്ര റണ്‍സ് സ്‌കോര്‍ ചെയ്യുന്ന എന്നതിലല്ല കാര്യം, നമ്മുടെ ടീം ജയിക്കുന്നതിലാണ് – രോഹിത് പറഞ്ഞു.
രോഹിത് അവസാനം നേടിയ മൂന്ന് സെഞ്ച്വറികളും പാഴായിരുന്നു. രോഹിത് സെഞ്ച്വറി നേടുമ്പോള്‍ ടീം തോല്‍ക്കും. ടീം ജയിക്കുമ്പോള്‍ രോഹിത് പരാജയപ്പെടും എന്ന നിലക്കാണ് വിലയിരുത്തലുകള്‍ നടക്കുന്നത്.
ഫോമിലെത്തിയാല്‍ ഇന്നിംഗ്‌സ് മുഴുവന്‍ ബാറ്റ് ചെയ്യാന്‍ രോഹിതിന് സാധിക്കും. ഇതേക്കുറിച്ച് രോഹിതിന് പറയാനുള്ളത് മറ്റൊന്നാണ്. ടീം മീറ്റിംഗിലെ തീരുമാനം നടപ്പിലാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമാണ് ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സുകള്‍. ടോപ് ഓര്‍ഡറിലെ ഒരു താരം ക്രീസില്‍ ഏറെ നേരം റണ്‍റേറ്റ് നിയന്ത്രിച്ചു കൊണ്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കണമെന്നതാണ് ടീം മീറ്റിംഗ് തീരുമാനം. ഇത് നടപ്പിലാക്കുക മാത്രമാണ് രോഹിതിന്റെ ലക്ഷ്യം. തന്റെ വലിയ ഇന്നിംഗ്‌സുകള്‍ക്ക് പിറകിലെ രഹസ്യം മുംബൈ ബാറ്റ്‌സ്മാന്‍ വെളിപ്പെടുത്തുന്നു.