Connect with us

International

സ്വീഡിഷ് മനുഷ്യാവകാശ പ്രവര്‍ത്തകനെ ചൈന തടഞ്ഞുവെച്ചു

Published

|

Last Updated

ബീജിംഗ്: രാജ്യസുരക്ഷക്ക് അപകടമാണെന്ന സംശയത്താല്‍ സ്വീഡിഷുകാരനായ മനുഷ്യാവകാശ പ്രവര്‍ത്തകനെ ചൈന രാജ്യം വിടുന്നതിനിടെ തടഞ്ഞുവെച്ചു. ഇയാളുടെ സഹപ്രവര്‍ത്തകനാണ് ഇക്കാര്യം പറഞ്ഞത്. പൊതുസമൂഹത്തില്‍ ചൈന നിയന്ത്രണം വര്‍ധിപ്പിക്കുകയാണ്. ചൈനീസ് അര്‍ജന്റ് ആക്ഷന്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ജോലിചെയ്യുന്ന പീറ്റര്‍ ഡാലിനെ ഈ മാസം ആദ്യം വിമാനമാര്‍ഗം രാജ്യംവിടാന്‍ തയ്യാറെടുക്കവെയാണ് ബീജിംഗില്‍വെച്ച് അധികൃതര്‍ പിടികൂടിയതെന്ന് ഡാലിന്റെ സഹപ്രവര്‍ത്തകന്‍ മൈക്കല്‍ കാസ്റ്റര്‍ പറഞ്ഞു.
ഈ മാസം നാലിനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനെ നഗരത്തിലെ വിമാനത്താവളത്തില്‍വെച്ച് പിടികൂടിയതെന്ന് അമേരിക്ക കേന്ദ്രമായുള്ള മനുഷ്യാവകാശ സംഘടനയുടെ വക്താവ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്യായമായി വീട്ട് തടങ്കലിലാക്കി ഭയപ്പെടുത്തുകയാണെന്ന് ആരോപിച്ച് സംഘം യു എന്നിന് രേഖകളോടെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രേഖകളിലുള്ള ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിച്ചിട്ടില്ല. സംഭവം സംബന്ധിച്ച് തനിക്കറിവില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേ സമയം മുപ്പത് വയസ്സിനോടടുത്ത് പ്രായമുള്ള സ്വീഡിഷ് പൗരനെ ചൈന തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ബീജിംഗിലെ സ്വീഡിഷ് എംബസി ഇ മെയിലില്‍ പറഞ്ഞു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന അക്കാഡമിക്‌സ്, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ കടുത്ത നടപടികളാണ് ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എടുക്കുന്നത്. ഇത്തരക്കാരായ നൂറ് കണക്കിന് പേരെയാണ് ജയിലിലടച്ചിരിക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനം ചൈനീസ് പോലീസിന്റെ അടുത്ത നിരീക്ഷണത്തിലാക്കുന്ന പുതിയ നിയമവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.

Latest