സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Posted on: January 14, 2016 5:23 am | Last updated: January 19, 2016 at 7:34 pm
SHARE

school-kalolsavam-logo-2016തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. കലോത്സവത്തെ തകിടം മറിക്കുന്ന അപ്പീല്‍ പ്രവാഹം തടയാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. അപ്പീല്‍ തടയാന്‍ പ്രത്യേക നിരീക്ഷകനെ ഡി പി ഐ നിയമിച്ചിട്ടുണ്ട്. ഡി ഡി ഇമാര്‍ക്ക് മേലും നിരീക്ഷണം നടത്താനാണ് ഡി പി ഐയുടെ നിര്‍ദേശം.
സാധാരണയായി അപ്പീലുകളിന്മേല്‍ ഡി ഡി ഇമാരുടെ തീരുമാനങ്ങളില്‍ മേല്‍ത്തട്ടില്‍നിന്ന് ഇടപെടലുകള്‍ ഉണ്ടാകാറില്ല. ഇത് കാരണം മുന്‍വര്‍ഷങ്ങളില്‍ അപ്പീലുകളുടെ പ്രവാഹമാണുണ്ടായത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 900 അപ്പീലുകള്‍ ഇത്തവണ മൂന്നിലൊന്നായി കുറക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
കലോത്സവത്തിന്റെ വിധി കര്‍ത്താക്കള്‍ക്ക് വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തും. വിധി കര്‍ത്താക്കള്‍ ആരൊക്കെയാണ് എന്നത് മത്സരം തുടങ്ങുന്നതുവരെ രഹസ്യമായിരിക്കും. വേദിയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജിലന്‍സിന് നല്‍കും. വിധികര്‍ത്താക്കള്‍ മത്സരാര്‍ഥികളെ തിരിച്ചറിയാന്‍ വാട്‌സ്അപ്പ് സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഫോണിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഫോണ്‍ കൈയിലുണ്ടെങ്കില്‍ വേദിയില്‍ എത്തുന്നതിന് മുമ്പ് സംഘാടകര്‍ വാങ്ങി സൂക്ഷിക്കും. താമസ സ്ഥലത്ത് നിന്ന് വിധികര്‍ത്താക്കളെ വേദിയിലേക്ക് എത്തിക്കാന്‍ പ്രത്യേക വാഹന സൗകര്യവും ഒരുക്കും.
പ്രധാന വേദികളില്‍ 24 മണിക്കൂര്‍ വൈദ്യ സേവനങ്ങളും ലഭ്യമായിരിക്കും. വേദികളെ അഞ്ച് മേഖലകളായി തിരിച്ചാണ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നത്. ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് വൈദ്യസേവനം ലഭ്യമാക്കും. മത്സരഫലം പുറത്തുവന്ന് അഞ്ച് മിനിട്ടിനകം തന്നെ മത്സരാര്‍ഥികളുടെ മൊബൈല്‍ ഫോണുകളില്‍ എസ് എം എസ് ലഭിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സമ്മോഹനം എന്ന പേരില്‍ ഐ ടി അറ്റ് സ്‌കൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി 19 വേദികളെയും ഒപ്റ്റിക് ഫൈബര്‍വഴി ബന്ധിപ്പിക്കും.
മൊബൈല്‍ ആപ്ലിക്കേഷന് പുറമേ പ്രത്യേക ഫേസ്ബുക്ക് പേജ്, മത്സര ഫലങ്ങള്‍ കൃത്യമായി കാണിക്കുന്ന ഡിജിറ്റല്‍ സ്‌കോര്‍ ബോര്‍ഡ്, വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നിവയെല്ലാം തയ്യാറാകുന്നുണ്ട്. മത്സര ശേഷം വേദിയില്‍നിന്നിറങ്ങുന്നവര്‍ക്ക് സ്വന്തം പ്രകടനം വീണ്ടും കാണാന്‍ ഡിലെയ്ഡ് കാസ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എല്ലാ വേദികളിലെയും ലൈവ് സ്ട്രീമിംഗ് പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് വീക്ഷിക്കാവുന്ന തരത്തില്‍ ആള്‍ ഇന്‍ വണ്‍ കോര്‍ണര്‍ വീഡിയോ വാള്‍, തല്‍സമയ മത്സരം കാണാന്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here