Connect with us

Gulf

യു എ ഇയില്‍ അഞ്ചിലൊരാള്‍ക്ക് അലര്‍ജിയും അനുബന്ധ പ്രശ്‌നവുമെന്ന് വിദഗ്ദര്‍

Published

|

Last Updated

ദുബൈ: യു എ ഇയില്‍ അഞ്ചിലൊരാള്‍ക്ക് അലര്‍ജി പ്രശ്‌നങ്ങളുണ്ടെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ). ബാഹ്യ വസ്തുക്കളുടെ പ്രതിപ്രവര്‍ത്തനം മൂലമുണ്ടാകുന്ന അലര്‍ജി രോഗ പ്രശ്‌നങ്ങള്‍ ശരിയായി കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ മാത്രമേ ഭേദമാകൂവെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഡി എച്ച് എയുടെ കീഴിലുള്ള ലത്വീഫ ആശുപത്രിയില്‍ ഓരോ വര്‍ഷവും ആയിരത്തിന് മേലെ കുട്ടികള്‍ അലര്‍ജി, ആസ്തമ രോഗത്തിന് ചികിത്സ തേടിയെത്തുന്നുണ്ട്. ദുബൈ ഹോസ്പിറ്റലില്‍ എണ്ണൂറ് രോഗികളുമെത്തുന്നു.
ഈ പരിശോധനകളില്‍ മൂക്കൊലിപ്പ്, തൊലി ചുവന്നു തുടുക്കുക, ഭക്ഷ്യവസ്തുക്കളില്‍ നിന്നുള്ള അലര്‍ജി എന്നിവയാണ് ഏറ്റവും കൂടുതലുള്ളതെന്ന് വ്യക്തമായിട്ടുണ്ട്.
മൂക്കൊലിപ്പിന് പാരമ്പര്യ കാരണങ്ങളും പരിസ്ഥിതി കാരണങ്ങളുമുണ്ടെന്ന് ദുബൈ ഹോസ്പിറ്റല്‍ ഇമ്യൂനോളജി വിഭാഗം തലവന്‍ ഡോ. ഹുസയിന്‍ അലി ഹത്താവി വ്യക്തമാക്കി. വീടിനകത്തുള്ള പൊടിപടലങ്ങള്‍, വളര്‍ത്തു ജന്തുക്കള്‍, പാറ്റകള്‍ തുടങ്ങിയവ അലര്‍ജിക്ക് കാരണമാകാറുണ്ട്. മലിനമായ ചുറ്റുപാടും നിര്‍മാണ സ്ഥലങ്ങളിലെ പൊടിപടലങ്ങളും അലര്‍ജിയുള്ളവരുടെ രോഗ തീവ്രത വര്‍ധിപ്പിക്കും.
അലര്‍ജി രോഗമുള്ളവര്‍ ഫലപ്രദമായ ചികിത്സക്ക് വിധേയമാകാറില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് അദ്ദേഹം പറഞ്ഞു. മൂക്കൊലിപ്പുള്ളവരുടെ മൂക്ക് ചുവന്നു തുടുക്കുകയും കണ്ണുകളില്‍ വെള്ളം നിറയുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലമാണന്നോ ജലദോഷമാണന്നോ തെറ്റിദ്ധരിച്ച് അതിനുള്ള മരുന്നുകളാണിവര്‍ പലപ്പോഴും എടുക്കാറുള്ളത്.
കുട്ടികളില്‍ അലര്‍ജി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ലത്വീഫ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടിംഗ് ഡോക്ടറായ ഡോ. ഫാത്വിമ അല്‍ ജാസിം പറഞ്ഞു. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, തണുപ്പിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കുറവ്, തൊണ്ടവേദനയും തൊണ്ടയടപ്പും, ചര്‍ദ്ദിമുതലായവ ലക്ഷണങ്ങളായി കുട്ടികളില്‍ ഉണ്ടാവും.
ചെറിയ രീതിയിലുള്ള രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താനാവുന്ന സംവിധാനം ഇപ്പോഴുണ്ട്. അതില്‍ കണ്ടെത്താത്തവ ചര്‍മ പരിശോധനയിലൂടെ വ്യക്തമാവും. ഇത് ശരിയായ ചികിത്സക്ക് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളില്‍ നിന്നുള്ള അലര്‍ജിയുള്ളവര്‍ പ്രത്യേകം കുത്തിവെപ്പ് വസ്തു എപ്പോഴും കൈവശം വെക്കണം. അസ്വാഭാവികമായി തോന്നുന്ന ഏത് സാഹചര്യത്തിലും വേഗത്തില്‍ ചികിത്സ തേടണം.
ദുബൈ ഹോസ്പിറ്റലില്‍ എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെ അലര്‍ജി ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധിക്കാനെത്തുന്നവര്‍ വിസ വിവരങ്ങളടങ്ങിയ പാസ്‌പോര്‍ട്ട് കോപ്പി കൈവശം വെക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു.